|    Aug 15 Wed, 2018 10:54 am
FLASH NEWS
Home   >  Sports  >  Cricket  >  

നാളെ ക്രിക്കറ്റ് യുദ്ധം; ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

Published : 3rd June 2017 | Posted By: ev sports

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ പാകിസ്താന്‍ പോരാട്ടം
ലണ്ടന്‍: ക്രിക്കറ്റില്‍ യുദ്ധം. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ചിര വൈരികളായ പാകിസ്താനെതിരേ പാഡണിയുമ്പോള്‍ മല്‍സരത്തെ യുദ്ധമെന്ന് തന്നെയേ വിശേഷിപ്പിക്കാനാവൂ. ഇന്ത്യ- പാക് മല്‍സരം കേവലം ഒരു മല്‍സരം എന്നതിലുപരിയായി ഇരു രാജ്യങ്ങളുടേയും താരങ്ങള്‍ക്കും ആരാധകര്‍ക്കും അഭിമാന പോരാട്ടം കൂടിയാണ്. നിലവിലെ ഫോമില്‍ ഇന്ത്യ പാക് ടീമിനേക്കാളും ഒരു പടി മുന്നിലാണെങ്കിലും ചാംപ്യന്‍സ് ട്രോഫിയിലെ ചരിത്രം പാകിസ്താന് മേല്‍ക്കൈ നല്‍കുന്നു.

ചാംപ്യന്‍സ് ട്രോഫിയില്‍ പാക് ടീമിന് മുന്‍തൂക്കം
പാകിസ്താനെതിരേ ഇതു വരെയുള്ള ഐസിസി ലോകകപ്പുകളിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഐസിസിയുടെ ഏകദിന, ടി ട്വന്റി ലോകകപ്പുകളില്‍ പാകിസ്താനെതിരേ കളിച്ച 11 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.ലോകകപ്പുകളില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ ഏറെ പിന്നിലാണെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇതല്ല സ്ഥിതി. അവിടെ കണക്കുകളില്‍ പാകിസ്താന് നേരിയ മുന്‍തൂക്കമുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു തവണ മാറ്റുരച്ചപ്പോള്‍ രണ്ടിലും വിജയം പാകിസ്താനായിരുന്നു. ഇന്ത്യക്കെതിരേയുള്ള മോശം റെക്കോര്‍ഡിനെക്കുറിച്ച് ആലോചിച്ച് ആശങ്കയില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ പാക് ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത്. ചാംപ്യന്‍സ് ട്രോഫിയിലേത് പുതിയൊരു മല്‍സരമാണെന്നും ജയത്തിനായി ടീം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീപാറും പേസ് കരുത്തില്‍ പാകിസ്താന്‍
ചാംപ്യന്‍സ് ട്രോഫിക്ക് മികച്ച ടീമിനൊണ് ഇത്തവണ പാകിസ്താന്‍ പ്രഖ്യാപിച്ചത്. സര്‍ഫ്രാസ് അഹ്മദാണ് പാക് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പാകിസ്താന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവരുടെ സാന്നിധ്യം പാകിസ്താന് മുതല്‍ക്കൂട്ടാവും. അടുത്തിടെ വിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഏഴു വിക്കറ്റെടുത്ത ശതാബ് ഖാന്‍, യുവ ഓള്‍റൗണ്ടര്‍ ഇമാദ് വസീം എന്നിവരും പാക് ടീമിലുണ്ട്. യുവത്വവും അനുഭവസമ്പത്തും ഒത്തുചേര്‍ന്ന പാക് ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു കടുത്ത ഭീഷണിയുയര്‍ത്തിയേക്കും.
പാക് ടീമിന്റെ പുതിയ കണ്ടെത്തലായ ബാബര്‍ ആസാം 45 ശരാശരിയിലാണ് ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുന്നത്. അസ്ഹര്‍ അലി, അഹമ്മദ് ഷഹ്‌സാദ് എന്നിവര്‍ പാക് ടീമിനെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ പ്രാപ്തിയുള്ള താരങ്ങളാണ്.

തമ്മിലടിയുമായി  ഇന്ത്യ
ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള രണ്ട് സന്നാഹ മല്‍സരത്തിലും വിജയം കണ്ടെത്തിയ ഇന്ത്യന്‍ നിര മികച്ച ഫോമിലാണെങ്കിലും ടീമിനുള്ളിലെ വിവാദങ്ങള്‍ ടീമിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ് ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം  ഇന്ത്യന്‍ ക്യാംപിനുള്ളില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികെയാണ് ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങുന്നത്.
പരിചയ സമ്പന്നരായ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. സന്നാഹ മല്‍സരങ്ങളില്‍ കരുത്ത് കാട്ടിയ ഇന്ത്യന്‍ ഫാസ്റ്റ്് ബൗളിങ് നിര പാകിസ്താനെതിരേയും മികവ് പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമുള്ളത്. മുഹമ്മദ് ഷമിയുടേയും ഉമേഷ് യാദവിന്റേയും പേസ് ആക്രമണത്തിനൊപ്പം ഡത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ബൂംറയും സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും ഇന്ത്യക്ക് വേണ്ടി ഇറങ്ങും. സ്പിന്‍ കെണി ഒരുക്കാന്‍ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ഇന്ത്യന്‍നിരയിലുണ്ട്. അതേ സമയം ഓപണര്‍ ശിഖാര്‍ ധവാന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും രോഹിത് ശര്‍മ ഫോം കണ്ടെത്താത്തത് ഇന്ത്യക്ക് തലവേദനായുവുന്നുണ്ട്. സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കുവേണ്ടി കളിക്കാതിരുന്ന യുവരാജ് സിങിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ്് റിപ്പോര്‍ട്ടുകളുള്ളത്. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികവിനൊപ്പം മുന്‍ നായകന്‍ എംഎസ് ധോണികൂടി ചേരുമ്പോള്‍ ഇന്ത്യന്‍ നിരയെ വീഴ്ത്താന്‍ പാകിസ്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.

കോഹ്‌ലിയുടെ ബാറ്റിങും അമീറിന്റെ ബൗളിങും
ഇന്ത്യ – പാകിസ്താന്‍ ക്രിക്കറ്റ് മല്‍സരം നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന രണ്ട് താരങ്ങളായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീറും. ഫാസ്റ്റ് ബൗളര്‍മാരുടെ പാരമ്പര്യം ഏറെ അവകാശപ്പെടാനുള്ള പാക് നിരയുടെ ഇപ്പോഴത്തെ വജ്രായുധമാണ് അമീര്‍. ലോക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള കോഹ്‌ലിയുടെ ബാറ്റിങ് കരുത്തും അമീറിന്റെ പേസ് കരുത്തും തമ്മിലുള്ള പോരാട്ടത്തിനും കൂടിയാവും ഇന്ത്യ പാക് മല്‍സരം സാക്ഷ്യം വഹിക്കുക. നേരത്തെ പാക് ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാന്‍ വിരാട് കോഹ്‌ലി തനിക്ക് മുന്നില്‍ പരാജയമാണെന്ന് അഭിപ്രായപ്പെട്ടത്് വന്‍ ചര്‍ച്ചാവിഷയമായിരുന്നു.

കോഹ്‌ലിയെ സൂക്ഷിക്കണം; പാക് ടീമിന് മുന്നറിയിപ്പ് നല്‍കി ബൂം ബൂം അഫ്രീദി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശം പോരിന് മുമ്പ് പാക് ടീമിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ ഷാഫിദ് അഫ്രീദി. ഇന്ത്യന്‍ ടീം ബൗളിങ്ങിലും ബാറ്റിങിലും സംതുലിതമാണ്. പാക് ടീമിനെ അപേക്ഷിച്ച് എന്തുകൊണ്ടും മികച്ച ടീമാണ് നിലവിലെ ഇന്ത്യന്‍ ടീം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങിനെ പാക് ബൗളിങ് നിര സൂക്ഷിക്കണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.2012 ഏഷ്യാകപ്പിലും 2015 ലോകകപ്പിലുംപാകിസ്താനെതിരെ വിരാട് കോലി കളിച്ച ഇന്നിംഗ്‌സുകള്‍ അഫ്രീദി പ്രത്യേകം എടുത്തുപറഞ്ഞു. കോലിക്കെതിരെ പന്തെറിയുക എന്ന് പറയുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. ഇന്ത്യയുടെ മികവുറ്റ ബാറ്റിങ് നിരയെ എറിഞ്ഞിടണമെങ്കില്‍ എ ക്ലാസ് പ്രകടനം തന്നെ പാക് ബൗളര്‍മാര്‍ പുറത്തെടുക്കേണ്ടി വരുമെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യക്കെതിരേ പാകിസ്താന്‍ കളിക്കുമ്പോള്‍ പാക് ടീം ജയിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം, പക്ഷേ അതിന് മികച്ച പ്രകടനം തന്നെ പാക് നിര പുറത്തെടുക്കണമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. ഐസിസിക്ക് വേണ്ടി എഴുതിയ കോളത്തിലാണ് അഫ്രീദി തന്റെ അഭിപ്രായം പങ്കുവയ്ച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss