|    Oct 17 Wed, 2018 7:31 pm
FLASH NEWS
Home   >  Sports  >  Football  >  

ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പോര്; സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍, ബാഴ്‌സയും ബൂട്ടണിയും

Published : 3rd April 2018 | Posted By: vishnu vis

ആന്‍ഫീല്‍ഡ്: യുവേഫ ചാംപ്യന്‍സ്് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും മുഖാമുഖം പോരടിക്കുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് കരുത്തന്‍മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബായ എ എസ് റോമയുമായും മല്‍സരിക്കും.സ്വന്തം കളിത്തട്ടില്‍ ചെമ്പടഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരയാണ് ലിവര്‍പൂളിന്റെത്. കളിക്കരുത്തിലും താരസമ്പന്നതയിലും നിലവിലെ കണക്കുകള്‍ പ്രകാരം ആധിപത്യം സിറ്റിക്കൊപ്പമാണെങ്കിലും സ്വന്തം തട്ടകത്തില്‍ ആത്മവിശ്വാസത്തോടെയാണ് ലിവര്‍പൂള്‍ ബൂട്ടണിയുന്നത്. ഒരേ നാട്ടുകാരുടെ മല്‍സരമെന്നതിലുപരിയായി ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപും സിറ്റി പിരശീലകന്‍ പെപ് ഗാര്‍ഡിയോളയും തമ്മിലുള്ള പോരാട്ടത്തിനാവും ലിവര്‍പൂളിലെ ആന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.പരിക്ക് ഇരു ടീമുകള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സിറ്റി നിരയില്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പരിക്കാണ് തലവേദന സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പവും കളിക്കാതിരുന്ന അഗ്യൂറോ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. എമിറിക് ലാപോര്‍ട്ട്, ജോണ്‍ സ്‌റ്റോണിസ്, ഫാബിയന്‍ ഡെല്‍ഫ് എന്നിവരും സിറ്റി നിരയില്‍ പരിക്കിന്റെ പിടിയിലാണ്. ലിവര്‍പൂള്‍ നിരയില്‍ ആദം ലല്ലന, ജോ ഗോമസ്, റിയാന്‍ ബ്രൂസ്റ്റര്‍ എന്നിവരും പരിക്കിനെത്തുടര്‍ന്ന് കളിക്കില്ലെന്നാണ് റിപോര്‍ട്ട്. അവസാനത്തെ അഞ്ച് മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ സിറ്റിക്കൊപ്പം നാല് വിജയം നിന്നപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ ബേസലിനോട് അട്ടിമറി തോല്‍വിയും നേരിട്ടു. ലിവര്‍പൂള്‍ മൂന്ന് മല്‍സരം ജയിച്ചപ്പോള്‍ ഒന്നുവീതം സമനിലയും തോല്‍വിയും വഴങ്ങി. മുഖാമുഖം വന്ന മല്‍സരങ്ങളുടെ കണക്കുകളില്‍ ആധിപത്യം ലിവര്‍പൂളിനൊപ്പമാണ്. കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്നു തവണയും ചെമ്പടയ്‌ക്കൊപ്പം വിജയം നിന്നപ്പോള്‍ ഒരു തവണ മാത്രമാണ് സിറ്റിക്ക് വിജയം നേടാനായത്. പ്രീമിയര്‍ ലീഗില്‍ അവസാനം നേര്‍ക്കുനേര്‍ വന്ന മല്‍സരത്തില്‍ 4-3ന് തങ്ങളെ മുട്ടുകുത്തിച്ചതിന്റെ കണക്കു തീര്‍ക്കാനുറച്ച് മാഞ്ചസ്റ്റര്‍ സിറ്റി ബൂട്ടണിഞ്ഞാല്‍ ഉശിരന്‍ പോരാട്ടം തന്നെ ആന്‍ഫീല്‍ഡില്‍ അരങ്ങേറും.

ജയിച്ചുകയറാന്‍ ബാഴ്‌സ

സ്പാനിഷ് ലീഗില്‍ കിരീടത്തോടടുത്തുനില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് എ എസ് റോമ അത്ര വലിയ എതിരാളികളല്ല. ഇരു ടീമും മുഖാമുഖം പോരടിച്ച അവസാന അഞ്ച് മല്‍സരത്തില്‍ മൂന്ന് തവണയും വിജയം ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു. രണ്ടു മല്‍സരം സമനിലയിലാണ് കലാശിച്ചത്. ബാഴ്‌സലോണയുടെ സ്വന്തം തട്ടകമായ ക്യാംപ് നൗ മൈതാനത്തിലാണ് മല്‍സരം നടക്കുന്നത്. അതിനാല്‍ത്തന്നെ വമ്പന്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിക്കാമെന്ന പ്രതീക്ഷയോടെയാവും ബാഴ്‌സ ബൂട്ടണിയുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss