|    Oct 22 Mon, 2018 7:36 am
FLASH NEWS

നാളികേരസംഭരണം പ്രതിസന്ധിയില്‍

Published : 28th January 2017 | Posted By: fsq

 

കഞ്ചിക്കോട്: പൊതുമേഖലയില്‍ കൊപ്ര ഉണക്കുന്നതിനുള്ള സംവിധാനമില്ലാത്തത് ജില്ലയിലെ  നാളികേരസംഭരണത്തിന് തിരിച്ചടിയായി.സംഭരിക്കുന്ന നാളികേരം  ഇപ്പോള്‍ നാല് കേന്ദ്രങ്ങളിലാണ് ഉണക്കി വരുന്നത്. ഇതില്‍ മൂന്നെണ്ണം പൊതുമേഖലയിലും ഒന്ന് സ്വകാര്യമേഖലയിലുമാണ്. കാരാകുറുശ്ശി പഞ്ചായത്തിന്റെയും പെരിങ്ങോട്ടുകുറുശ്ശി സൊസൈറ്റിയുടെയും തൃത്താല സര്‍വീസ് ബാങ്കിന്റെയും വൈദ്യുത ഡ്രയറുകളാണ് പൊതുമേഖലയിലുള്ളത്. ഈ മൂന്നിലും കൂടി പ്രതിദിനം 40,000 നാളികേരം ഉണക്കാനേ കഴിയൂ. വടകരപ്പതിയിലാണ് സ്വകാര്യമേഖലയിലെ നാളികേരസംസ്‌കരണ കേന്ദ്രമുള്ളത്. പ്രതിദിനം രണ്ടുലക്ഷം  നാളികേരമുടയ്ക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പൂര്‍ണമായും സൂര്യപ്രകാശത്തെ ആശ്രയിച്ചാണ് ഇവിടെ നാളികേരം കൊപ്രയാക്കി മാറ്റുന്നത്. മഴ തീരെ കുറവുള്ള പ്രദേശമായതിനാല്‍ ഇവിടെ നാളികേരമുടയ്ക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നുമില്ല. എന്നാല്‍ ഇത്തവണ ഇടയ്ക്ക് മഴ പെയ്തതിനെത്തുടര്‍ന്ന് സംസ്‌കരണം തടസ്സപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ ബ്ലോക്കുകളിലും കൊപ്ര ഡ്രയറുകള്‍ സ്ഥാപിച്ചാല്‍ വരും മാസങ്ങളിലുണ്ടാകാവുന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കേരഫെഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. 20 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ പ്രതിദിനം 30,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഡ്രയര്‍  സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാളികേരം സംഭരിക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. എന്നാല്‍ ഇവിടെ സംഭരിക്കുന്ന  നാളികേരത്തില്‍ എണ്ണയുടെ തോത്  കുറവാണെന്നാണ് പറയുന്നത്. ജില്ലയില്‍ 44 പഞ്ചായത്തുകളിലാണ് ഇപ്പോള്‍ കേരഫെഡിനായി  കൃഷിഭവനുകള്‍  വഴി പച്ചത്തേങ്ങ സംഭരിക്കുന്നത്. ഇതിനായി  28 ഗോഡൗണുകളുമുണ്ട്. സംഭരിച്ച പച്ചത്തേങ്ങ ഗോഡൗണുകളില്‍ കുമിഞ്ഞു കിടക്കുന്നതിനാല്‍ പുതുതായി സംഭരിക്കാനാവുന്നില്ല. സംഭരിച്ചവതന്നെ ഗോഡൗണുകളില്‍ മുളച്ചു തുടങ്ങിയിട്ടുണ്ട്. സംഭരിച്ച 1,600 ടണ്ണോളം പച്ചത്തേങ്ങയാണ് ഗോഡൗണുകളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്.  44 പഞ്ചായത്തുകളിലായി 150 ഓളം തൊഴിലാളികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഭരണം നടക്കാത്തതിനാല്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത അവസ്ഥയാണ്. സംഭരിച്ച പച്ചത്തേങ്ങയുടെ വില കര്‍ഷകര്‍ക്ക് ലഭ്യമാകാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss