|    Jan 18 Wed, 2017 7:37 pm
FLASH NEWS

നാല് പാര്‍ട്ടികള്‍ ലയിക്കുന്നു; ചര്‍ച്ച അന്തിമ ഘട്ടത്തില്‍

Published : 21st March 2016 | Posted By: SMR

ന്യൂഡല്‍ഹി: നാല് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ലയിച്ച് ഒറ്റകക്ഷിയാവാന്‍ തീരുമാനിച്ചു. ജെഡിയു, രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജ് താന്ത്രിക് (ജെവിഎം-പി), സമാജ്‌വാദി ജനതാ പാര്‍ട്ടി (എസ്‌ജെപി) എന്നീ കക്ഷികളാണ് ലയിക്കുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ളത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ്, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരി, തിരഞ്ഞെടുപ്പ് നയവിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ എന്നിവര്‍ ഈ മാസം 15ന് ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗിയുടെ ന്യൂഡല്‍ഹിയിലെ വീട്ടില്‍ ലയനം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിതീഷ് കുമാര്‍ ജെവിഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ചാണ് ബാബുലാല്‍ ജെവിഎം (പി) രൂപീകരിച്ചത്. സമാജ്‌വാദി ജനതാപാര്‍ട്ടി (ആര്‍) നേതാവ് കമല്‍ മോറാര്‍ക്കയുമായി അജിത് സിങും കെ സി ത്യാഗിയും പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ലയന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയെന്നും ഈ മാസം തന്നെ പുതിയ പാര്‍ട്ടി നിലവില്‍വരുമെന്നുമാണ് അറിയുന്നത്. പതാക, തിരഞ്ഞെടുപ്പ് ചിഹ്നം, ഭരണഘടന എന്നിവ മാത്രമാണിനി തീരുമാനിക്കാനുള്ളതെന്നാണ് സൂചന.
ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരണം നടത്തുന്ന ജെഡിയുവിന് അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ചിലയിടങ്ങളില്‍ സ്വാധീനമുണ്ട്. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ആര്‍എല്‍ഡിക്കും സമാജ്‌വാദി ജനതാ പാര്‍ട്ടിക്കും അണികളുണ്ട്.
ആര്‍—എല്‍ഡിയും മറ്റു ചെറുകക്ഷികളുമായി യോജിച്ചാല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയം ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കാമെന്നാണ് ജെഡിയു കണക്കുകൂട്ടുന്നത്. കിഴക്കന്‍ യുപിയില്‍ സ്വാധീനമുള്ള പീസ് പാര്‍ട്ടി നേതാവ് സുബ് ആന്ദ്രേയുമായും ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗിയും നൗറിഷ് കുമാറും ചര്‍ച്ച നടത്തിയിരുന്നു.
നേരത്തേ പശ്ചിമ ഉത്തര്‍പ്രദേശില്‍ ജാട്ട്-മുസ്‌ലിം പിന്തുണയുണ്ടായിരുന്ന ആര്‍എല്‍ഡിക്ക് 2013ലെ മുസഫര്‍നഗര്‍ കലാപത്തെതുടര്‍ന്ന് ക്ഷീണം സംഭവിച്ചിരുന്നു. നിതീഷ് കുമാറിനുള്ള മുസ്‌ലിം പിന്തുണ തങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന വിശ്വാസത്തിലാണ് അവരിപ്പോള്‍.
കഴിഞ്ഞ മാസം നിയമസഭയിലേക്കു നടന്ന മൂന്നു ഉപതിരഞ്ഞെടുപ്പുകളില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ജെഡിയു നേതാക്കള്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രധാന പാര്‍ട്ടികളായ ബിഎസ്പിയും എസ്പിയും മറ്റു പാര്‍ട്ടികളുമായുള്ള സഖ്യസാധ്യത ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്. ജെഡിയു, ആര്‍എല്‍ഡി കൂട്ടുകെട്ട് കോണ്‍ഗ്രസ്സുമായി യോജിച്ചാല്‍ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസമിലും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ ജെഡിയു ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഇതുവരെ വഴങ്ങിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങിന്റെ നേതൃത്വത്തില്‍ ആറു ജനതാ പരിവാര്‍ കക്ഷികളുടെ ലയനശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക