|    Mar 25 Sat, 2017 5:08 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാല് ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ; നടപ്പിലാകുന്നത് വൈകും

Published : 15th October 2016 | Posted By: SMR

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസത്തെ സൗജന്യ വിസ അനുവദിക്കുന്ന സംവിധാനം നടപ്പിലാകുന്നത് വൈകുമെന്ന് അധികൃതരെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുകയെന്നും ഖത്തര്‍ ടൂറിസം അതോറിറ്റി(ക്യുടിഎ) വക്താവ് വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു. പുതിയ ട്രാന്‍സിറ്റ് വിസ സംവിധാനം  പണിപ്പുരയിലാണ്.  നടപ്പായാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് സൗജന്യമായി ലഭ്യമാവും- വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ക്യുടിഎ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ചുരുങ്ങിയത് അഞ്ചു മണിക്കൂര്‍ ട്രാന്‍സിറ്റ് ടൈം ഉള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിസക്ക് അപേക്ഷിക്കാതെ 96 മണിക്കൂര്‍(4 ദിവസം) തങ്ങാനുള്ള അവസരം ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇങ്ങനെയൊരു സംവിധാനം ലഭിക്കുന്നില്ലെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹമദിലെത്തിയ പലരും പരാതിപ്പെട്ടിരുന്നു.
ചുരുങ്ങിയത് എട്ട് മണിക്കൂര്‍ ട്രാന്‍സിറ്റ് സമയമായി ഹമദില്‍ ചെലവഴിക്കുന്നവര്‍ക്കായിരുന്നു നേരത്തെ ഖത്തറിലേക്ക് പ്രവേശിക്കാനുള്ള ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നത്. അതുതന്നെ 48 മണിക്കൂര്‍(രണ്ട് ദിവസം) മാത്രമേ അനുവദിച്ചിരുന്നുള്ളൂ. വിദേശ ടൂറിസ്റ്റുകളെ ഖത്തര്‍ എയര്‍വെയ്‌സിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസ്റ്റ് വിസ ലഭ്യമാകുന്നത് എളുപ്പമാക്കിയതും ഖത്തറില്‍ ചെലവഴിക്കാനുള്ള സമയം വര്‍ധിപ്പിക്കുകയും ചെയ്തത്. ടൂറിസം അതോറിറ്റിയുടെ പുതിയ സംരംഭത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും കൂടുതല്‍ യാത്രക്കാരെ ഖത്തറില്‍ തങ്ങുന്നതിനു പ്രേരിപ്പിക്കുന്നതിനായും ഖത്തര്‍ എയര്‍വെയ്‌സിന്റെ യാത്രാ ചാര്‍ജ് പുനക്രമീകരിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാക്കിര്‍ ട്രാന്‍സിറ്റ് വിസ പ്രഖ്യാപന വേളയില്‍ അറിയിച്ചിരുന്നു. എന്നാല്‍, പുതിയ വിസ സംവിധാനം എന്നു മുതല്‍ നടപ്പിലാവുമെന്ന് വ്യക്തമാക്കാന്‍ ഇപ്പോള്‍ ഖത്തര്‍ ടൂറിസം അതോറിറ്റിയോ ഖത്തര്‍ എയര്‍വെയ്‌സോ തയ്യാറാവുന്നില്ലെന്ന് ദോഹ ന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു. നിലവില്‍ യാത്രക്കാര്‍ക്ക് ഖത്തറില്‍ ഇറങ്ങണമെങ്കില്‍ ഖത്തര്‍ എയര്‍വെയ്‌സ് വഴി മുന്‍കൂറായി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കണമെന്ന് ക്യുടിഎ അറിയിച്ചു.

(Visited 74 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക