|    Jun 19 Tue, 2018 6:26 pm
FLASH NEWS

നാല്‍പത് ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാതെ ഉണങ്ങി

Published : 16th January 2017 | Posted By: fsq

 

തൃശൂര്‍: താന്ന്യം പഞ്ചായത്തിലെ കുണ്ടനി കുളപ്പാടത്തെ നാല്‍പത് ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാതെ വരണ്ട് ഉണങ്ങുന്നു.  താന്ന്യം പഞ്ചായത്തില്‍ കൃഷിയിറക്കാതെ അഞ്ച് വര്‍ഷക്കാലം തരിശായി കിടന്ന കിഴുപ്പുള്ളിക്കര കുണ്ടനി കുളപാടത്ത് ജനപ്രതിനിധികളുടെ നിര്‍ദേശ പ്രകാരമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വിതകഴിഞ്ഞ് നെല്‍ നാമ്പുകള്‍ മുള പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കാന്‍ പടവ് കമ്മിറ്റിക്കോ ജനപ്രതിനിധികള്‍ക്കോ സാധിച്ചില്ല എന്ന് കര്‍ഷകര്‍ പറയുന്നു. ഇരുപത്തിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വലിയകുളം പദ്ധതി വഴിയോ ശ്രീരാമന്‍ചിറ വഴിയോ വെള്ളമെത്തിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെ അതിനുവേണ്ട യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. മോട്ടോര്‍ തകരാറുമൂലമാണ് ആഴ്ചകളായി കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്തതെന്നാണ് പടവ് കമ്മിറ്റിയുടെ ഭാഷ്യം. ആവശ്യമായ വെള്ളം ലഭിക്കാത്തതുമൂലം പാടം വിണ്ട് കീറി ഭൂരിഭാഗം നെല്‍ച്ചെടികളും കരിച്ചില്‍ ഭീഷണിയിലാണ്. ഇപ്പോള്‍ വെള്ളം ലഭ്യമായാലും കൃഷിയെ പൂര്‍വസ്ഥിതിയിലാക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ദുരിതമറിഞ്ഞ് കോണ്‍ഗ്രസ് താന്ന്യം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. സെക്രട്ടറി മാധവന്‍ നായര്‍, കെ എന്‍ വേണുഗോപാല്‍, സുചിന്‍ വൈലോപ്പിള്ളി, ആന്റോ തൊറയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. അധികാരികളുടെ അനാസ്ഥയാണ് കൃഷി നാശത്തിന് കാരണമെന്നും അടിയന്തരമായി കൃഷിക്ക് വെള്ളമെത്തിച്ച് കൃഷി സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss