|    Oct 17 Tue, 2017 7:43 am
FLASH NEWS

നാല്‍ക്കാലികള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് വാഹന യാത്രക്കാരുള്‍പെടെയുള്ളവര്‍ക്ക് ഭീഷണിയാവുന്നു

Published : 18th July 2016 | Posted By: SMR

കളമശ്ശേരി: റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളും തെരുവുനായ്ക്കളും ഇരുചക്രവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നു. റോഡിനുകുറുകെ നാല്‍ക്കാലികള്‍ ചാടുന്നതുമൂലം അപകടത്തില്‍പെട്ട ഇരുചക്രവാഹനയാത്രക്കാര്‍ നിരവധിയാണ്. ആരോടും പരാതിപറയാന്‍ കഴിയാതെ അപകടത്തി ല്‍പെടുന്ന യാത്രക്കാര്‍ സ്വന്തം ചെലവില്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്യുകയാണ് പതിവ്. അപകടത്തില്‍പെട്ട പല യാത്രക്കാരും മാസങ്ങളോളം ജോലിക്കു പോവാന്‍ കഴിയാതെ ചികില്‍സയിലായിട്ടുണ്ട്.
കളമശ്ശേരി നഗരസഭയിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളെ പിടിച്ചുകെട്ടുന്നതിന് കങ്ങരപ്പടിയില്‍ മൃഗാശുപത്രിയോടുചേര്‍ന്ന് തൊഴുത്ത് നിര്‍മിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം നിര്‍ജീവമാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണിതീര്‍ത്ത തൊഴുത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നാല്‍ക്കാലികളെ പിടിച്ചുകെട്ടി ഉടമകള്‍ക്ക് പിഴയിടുകയും ഉടമകളില്ലാത്ത നാല്‍ക്കാലികളെ ലേലം ചെയ്ത് വിറ്റിട്ടുള്ളതുമാണ്. എന്നാല്‍ ആദ്യമെല്ലാം വളരെ ഊര്‍ജ്വസ്വലമായി പദ്ധതി നടപ്പാക്കിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം എന്‍എഡി റോഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്കു കുറുകെ നാല്‍ക്കാലി ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ പതിനഞ്ചടിയോളം താഴെ പാടത്തേക്കു മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ടാണ് യാത്രക്കാരും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നതുമൂലം തെരുവുനായ്ക്കളും വര്‍ധിച്ചിരിക്കുകയാണ്. പകല്‍നേരത്തുപോലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ റോഡുകളിലേക്കും മറ്റും ഇറങ്ങുന്നത് വിദ്യാര്‍ഥികള്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ഭീഷണിയാവുകയാണ്. തെരുവുനായ്ക്കളെ വന്ധീകരിക്കണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും അതൊന്നും കളമശ്ശേരിയില്‍ നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക