|    Apr 26 Wed, 2017 11:30 am
FLASH NEWS

നാലു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം നാലു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ടെക്‌സ്റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, തുകല്‍, ആഭരണം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരെയാണ് ഇതു കാര്യമായി ബാധിക്കുക. തൊഴി ല്‍ നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും താല്‍ക്കാലിക ജീവനക്കാരോ ദിവസവേതനക്കാരോ ആയിരിക്കും. നിരവധി പേര്‍ക്ക് താല്‍ക്കാലികമായും ജോലി നഷ്ടപ്പെടും. നിലവില്‍ കമ്പനികള്‍ ശമ്പളം നല്‍കാത്തതു മൂലം നിരവധി പേര്‍ക്ക് തൊഴില്‍നഷ്ടമുണ്ടായിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ പല കമ്പനികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവരും.
കമ്പനികളുടെ ഈ സാഹചര്യം സംബന്ധിച്ച് എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ച് വിശദീകരിച്ചു. പണമില്ലാത്തതിനാല്‍ പല കമ്പനികളും നിര്‍മാണം പകുതിയായി കുറച്ചു. കമ്പനികളുടെ നിലവിലുള്ള പിന്‍വലിക്കല്‍ പരിധിയായ ആഴ്ചയില്‍ 50,000 എന്നത് 10 ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്നും കൂടിക്കാഴ്ചയ്ക്കിടെ ആവശ്യപ്പെട്ടു. ടെക്‌സ്റ്റൈല്‍സ്, ഗാര്‍മെന്റ്‌സ് മേഖലയില്‍ ജോലി ചെയ്യുന്ന രാജ്യത്തെ 32 ദശലക്ഷം പേരില്‍ അഞ്ചിലൊന്ന് പേര്‍ ദിവസവേതനക്കാരോ ആഴ്ചവേതനക്കാരോ ആണ്.
തിരുപ്പൂര്‍ പോലുള്ള ടെക്‌സ്റ്റൈല്‍ ഹബ്ബുകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടില്ല. ഇതില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ്.
തുകല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2.5 ലക്ഷം പേരില്‍ 25 ശതമാനത്തോളവും ദിവസവേതനത്തിലാണ് ജോലി ചെയ്യുന്നത്. ഈ മേഖലയിലെ 90 ശതമാനം സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍പ്പെടുന്നവ ആയതിനാല്‍ അവ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. ആഭരണമേഖലയില്‍ 20 ശതമാനം വരെ തൊഴിലാളികളും ദിവസവേതനക്കാരാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day