|    Oct 22 Mon, 2018 5:08 am
FLASH NEWS

നാലു പതിറ്റാണ്ടിനൊടുവില്‍ തിരികെയെത്തി;നാടും നാട്ടാരെയും കണ്ട് നാലാംനാള്‍ വിടചൊല്ലി

Published : 13th December 2017 | Posted By: kasim kzm

മാനന്തവാടി: 46 വര്‍ഷം മുമ്പ് നാടുവിട്ട വൃദ്ധന്‍ തിരികെ ബന്ധുക്കള്‍ക്കൊപ്പമെത്തി നാലാംനാള്‍ ജീവിതത്തോട് വിടചൊല്ലി. മലപ്പുറം വട്ടല്ലൂര്‍ ചെറുകുളമ്പ മുല്ലപ്പള്ളി ഹംസ(67)യാണ് നാലു പതിറ്റാണ്ടുകാലത്തെ അജ്ഞാതവാസത്തിനൊടുവില്‍ രോഗബാധിതനായി ജില്ലാ ആശുപത്രിയിലെത്തിയത്. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും സാമൂഹിക പ്രവര്‍ത്തകരടക്കമുള്ളവരും സോഷ്യല്‍മീഡിയ വഴി ഇക്കാര്യം പ്രചരിപ്പിച്ചതോടെ മലപ്പുറത്ത് നിന്നു ഹംസയുടെ ബന്ധുക്കള്‍ തേടിയെത്തി. വീട്ടുകാര്‍ കൂട്ടികൊണ്ടുപോയ ഹംസ നാലുദിവസങ്ങള്‍ക്കു ശേഷം അസുഖം മൂര്‍ച്ഛിച്ച് മരിക്കുകയായിരുന്നു. പരേതരായ മുല്ലപ്പള്ളി മുഹമ്മദ്-കുഞ്ഞാത്തുമ്മ എന്നിവരുടെ രണ്ടാമത്തെ മകനായ ഹംസ 20ാം വയസ്സിലാണ് നാടുവിട്ടത്. 1970ല്‍ നാടുവിട്ട ഹംസയെ മാതാപിതാക്കളും സഹോദരങ്ങളും വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഹംസയുടെ പിതാവ് മുഹമ്മദ് 20 വര്‍ഷം മുമ്പും മാതാവ് കുഞ്ഞാത്തുമ്മ 13 വര്‍ഷം മുമ്പും മരിച്ചു. മരിക്കുന്നതിനു മുമ്പ് ഹംസയെ കണ്ടെത്തണമെന്നു മറ്റ് മക്കളോട് ഉപ്പയും ഉമ്മയും ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍, ഹംസയെ കണ്ടെത്താനായി സഹോദരന്‍മാരായ പോക്കര്‍, കുഞ്ഞുമ്മുട്ടി, ഉണ്ണീന്‍കുട്ടി, കുഞ്ഞിമൊയ്തീന്‍, കുഞ്ഞിക്കോയ എന്നിവര്‍ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ച പ്രായമായ ഹംസയുടെ ഫോട്ടോയും അഡ്രസും ശ്രദ്ധയില്‍പ്പെടുകയും സഹോദരങ്ങള്‍ ജില്ലാ ആശുപത്രിയിലെത്തി ഹംസയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തത്. ഡിസംബര്‍ മൂന്നാം തിയ്യതിയാണ് കര്‍ണാടക കുട്ടത്ത് നിന്നുമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ഹംസയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹംസയെ പരിചരിക്കാനും സംരക്ഷിക്കാനും ആരുമില്ലെന്നറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ തമ്മട്ടാന്‍ ജാഫര്‍, ബ്ലഡ് വോളന്റിയര്‍ ചാത്തുള്ളില്‍ നൗഷാദ് എന്നിവര്‍ ആശുപത്രിയിലെത്തി ഹംസയുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോ. ഷിനാസ് ബാബുവിന്റെ നേതൃത്വത്തില്‍ ഹംസയുടെ ഫോട്ടോയും വ്യദ്ധന്‍ പറഞ്ഞ അഡ്രസുമടക്കം ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പിലൂടെ കൈമാറി. ഫോട്ടോയില്‍ കാണുന്നയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും തിരിച്ചറിയുന്നവര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടണമെന്നുമുള്ള വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചു. സന്ദേശം ശ്രദ്ധയില്‍പ്പെട്ട മലപ്പുറം സ്വദേശികളായ കുടുംബക്കാര്‍ മാനന്തവാടിയിലെത്തുകയും ഹംസയെ തിരിച്ചറിയുകയായിരുന്നു. ഏറെ സന്തോഷത്തോടെ സഹോദരന്‍മാര്‍ ഹംസയെ ഏഴാം തിയ്യതി വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 46 വര്‍ഷം മുമ്പ് നാടുവിട്ട ഹംസ സ്വന്തം വീട്ടില്‍ എത്തിയ വിവരം ബന്ധുക്കളെയും നാട്ടുകാരെയും സഹോദരന്‍മാര്‍ അറിയിക്കുകയും വീട്ടില്‍ ഹംസയെ കാണാന്‍ നിരവധി പേര്‍ എത്തുകയും ചെയ്തു. ഹംസയെ കണ്ടെത്തിയതോടെ മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു മക്കളും മറ്റ് ബന്ധുക്കളും. എന്നാല്‍, കഴിഞ്ഞ എട്ടിന് അസുഖം മൂര്‍ച്ഛിച്ച ഹംസയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് മരണപ്പെടുകയായിരുന്നു. ചെറുകുളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss