|    Jun 29 Thu, 2017 12:55 am
FLASH NEWS

നാലുവയസ്സുകാരന്റെ മരണം; പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Published : 28th July 2016 | Posted By: SMR

നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കുട്ടി ഗുളിക കഴിച്ചതിനു ശേഷം  മരിക്കാനിടയായ സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച പിതാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കുംകര പേരുമല നാരകത്തിന്‍വിള പുതുവല്‍ പുത്തന്‍വീട്ടില്‍ സജീവി(27)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ സജീവിനെ ഉച്ച കഴിഞ്ഞതോടെ വാര്‍ഡിലേക്ക് മാറ്റി.
സജീവിന്റെ ഏകമകന്‍ ശിവാനന്ദ് (4) ആണ് ചൊവ്വാഴ്ച മരിച്ചത്. ഗുളികകള്‍ കഴിച്ചാണ് സജീവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സജീവിന്റെ മകന്‍ ശിവാനന്ദിന്റെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്ന് പോലിസ് അറിയിച്ചു. ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവു മൂലമാണ് നാലുവയസ്സുകാരനായ ശിവാനന്ദ് മരിക്കാന്‍ ഇടയായതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വകുപ്പുമന്ത്രിയുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി ദിവാകരന്‍ എംഎല്‍എ അറിയിച്ചു.
സംഭവം അറിഞ്ഞ് ചൊവ്വാഴ്ച വൈകുന്നേരം എംഎല്‍എ ആശുപത്രിയിലും കുട്ടിയുടെ വീട്ടിലുമെത്തി വിവരങ്ങള്‍ ശേഖരിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ശിവാനന്ദിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സിലറും മുന്‍ ചെയര്‍മാനുമായ വട്ടപ്പാറ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ടി അര്‍ജുനന്‍, കെ ജെ ബിനു, എം എസ് ബിനു, ഹസീന എന്നിവര്‍ ആവശ്യപ്പെട്ടു. നിര്‍ധനരായ ഈ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക