|    Jun 21 Thu, 2018 11:49 am
FLASH NEWS

നാലുമാസത്തിനിടെ ആലപ്പുഴ ഡിവിഷനില്‍ 868 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ‘വിമുക്തി പദ്ധതി കാര്യക്ഷമമാക്കും’

Published : 29th July 2016 | Posted By: SMR

ആലപ്പുഴ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവല്‍കരണത്തിനായി വിമുക്തി പദ്ധതി പുനര്‍ജ്ജീവിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സ്റ്റുഡന്റ് പോലിസ് കേഡറ്റ് ഉള്‍പ്പെടെയുള്ളവരെ സജീവമായി പദ്ധതിയില്‍ പങ്കാളികളാക്കും.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന അനധികൃത മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ആലപ്പുഴ ഡിവിഷനിലെ വിവിധ എക്‌സൈസ് ഓഫിസുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ  4,764 പരിശോധനയില്‍ 868 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതില്‍ 962 പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.  59 എന്‍.ഡി.പി.എസ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 259 ലിറ്റര്‍ ചാരായം, 5,760 ലിറ്റര്‍ വാഷ്, 9,882 ലിറ്റര്‍ അരിഷ്ടം എന്നിവ പിടിച്ചെടുത്തു. 6.87 കിലോ കഞ്ചാവ്, രണ്ടണ്‍ു കഞ്ചാവ് ചെടികള്‍, 53 കഞ്ചാവ് വിത്തുകള്‍, 6,514 പായ്ക്കറ്റ് ഹാന്‍സ്,  10,251 പായ്ക്കറ്റ് സിഗററ്റ്, 235.7 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 67 ലോറാസെപാം ടാബ്‌ലറ്റുകള്‍, 82 ലിറ്റര്‍ അനധിക്യത മദ്യം തുടങ്ങിയവയും പിടിച്ചെടുത്തു.
കഴിഞ്ഞ ജനകീയ കമ്മിറ്റിക്കുശേഷം 15,868 വാഹനങ്ങള്‍ പരിശോധിക്കുകയും നിയമവിരുദ്ധമായി കഞ്ചാവും മദ്യവും കടത്തിയതിന് 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.  56 മദ്യസാമ്പിളുകളും 1,615 കളളുസാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. കള്ളു സാമ്പിള്‍ രാസപരിശോധനയില്‍ വ്യതിയാനം കണ്ടെത്തിയതിനെതുടര്‍ന്ന് ആറു ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അവയുടെ പുനര്‍ വില്‍പ്പന നടത്തുകയും ചെയ്തു.
അന്യദേശ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടകവീടുകള്‍, അമ്പലപ്പുഴ ഗവ. കോളജിന് സമീപ പ്രദേശങ്ങള്‍,  ആലിശ്ശേരി ലോറി സ്റ്റാന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തരമായി പരിശോധന നടത്തി. അമ്പലപ്പുഴ ശ്രീക്യഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുളള റോഡരികില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ ഒന്ന് ഷോപ്പ് മാറ്റി സ്ഥാപിക്കുന്നതിനെപ്പറ്റിയുളള റിപോര്‍ട്ട് എക്‌സൈസ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 110 പരാതിപ്പെട്ടികള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. എക്‌സൈസ് റെയ്ഡുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലിസിന്റെ ഭാഗത്തുനിന്ന് വേണ്ട സഹായം ചെയ്ത് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കെ ചന്ദ്രപാല്‍, ഡിവൈഎസ്പി ഡി മോഹനന്‍,  ആന്‍സമ്മാ മാത്യു,  റോജോ ജോസഫ്, ഹക്കിം മുഹമ്മദ് രാജ, കബീര്‍ പൊന്നാട്, പി എന്‍ ഇന്ദ്രസേനന്‍, ബേബി പാറക്കാടന്‍, എം എ ജോണ്‍ മാടവന സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss