|    May 22 Mon, 2017 9:04 pm
FLASH NEWS

നാലുദിവസം ബാങ്കുകള്‍ക്ക് അവധി; ജില്ലയിലെ എടിഎമ്മുകള്‍ നിശ്ചലം

Published : 12th October 2016 | Posted By: Abbasali tf

പാലക്കാട്: തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ക്ക് അവധിയായതിനെത്തുടര്‍ന്ന് എ ടി എമ്മുകളെല്ലാം കാലിയായതോടെ ഇടപാടുകാര്‍ വലഞ്ഞു. രണ്ടാം ശനിയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  മഹാനവമി, വിജയദശമിയും വന്നതാണ് വീണ്ടും സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് നാലുദിവസം തുടര്‍ച്ചയായി അവധിയായത്.  പണം തീര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ഏജന്‍സികള്‍ പണം നിറയ്ക്കാന്‍ എത്താത്തതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ച്ചയായ നാലുദിവസത്തെ അവധിക്കു ശേഷം ഇന്ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ എ ടി എമ്മുകളില്‍ ഇന്നും പണം നിറയ്ക്കാന്‍ കഴിയില്ലെന്നാണ് സൂചന. പോസ്‌റ്റോഫീസിന്റെ എ ടി എമ്മിലും പണം തീര്‍ന്നതോടെ പ്രവര്‍ത്തനം സ്തംഭിച്ചു.  റെയില്‍വേ സ്്‌റ്റേഷനുകളിലും ദീര്‍ഘദൂര ബസുകളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ് സ്റ്റാന്‍ഡുകളില്‍ വന്നിറങ്ങിയവരും പണമെടുക്കുനായി എടിഎമ്മുകള്‍ കയറിയിറങ്ങിയെങ്കിലും മിക്ക എ ടി എമ്മുകളും ശൂന്യമായിരുന്നു. ആശുപത്രികളില്‍ രോഗികളായി എത്തിയവര്‍ക്കും ആശുപത്രി കോംപൗണ്ടുകളിലെ എ ടി എമ്മുകളില്‍ പണമില്ലാത്തിനാല്‍ മറ്റു എ ടി എമ്മുകള്‍ തേടി പോവേണ്ടി വന്നു. നാട്ടിന്‍പുറങ്ങളിലും മലയോര മേഖലകളിലും ഉള്ള വിരലിലെണ്ണാവുന്ന എടിഎമ്മുകള്‍ നേരത്തെ കാലിയായതും ഇവിടെങ്ങളില്‍ ജനങ്ങളെ ഏറെ വലച്ചു. കഴിഞ്ഞ മാസവും അതിനുമുന്‍പും ഇത്തരത്തില്‍ അടുപ്പിച്ച് അവധി വന്നിരുന്നുവെങ്കിലും മൂന്നാം അവധിദിനത്തില്‍ സ്വകാര്യ ബാങ്കുകളിലെ എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഉത്തരവ് ഉണ്ടായിരുന്നു. ബാങ്ക് അധികൃതര്‍ എ ടി എമ്മുകള്‍ നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് ഉത്തരവ് നല്‍കിയതോടെ ഇടപാടുകാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് ഇത്തരത്തില്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് ബാങ്കുകളുടെ അടുപ്പിച്ചുള്ള അവധി ദിനങ്ങളില്‍ ഏറെ വലയുന്നത്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day