|    Jan 21 Sat, 2017 11:49 am
FLASH NEWS

നാലിലൊന്ന് പുതുമുഖങ്ങള്‍

Published : 21st May 2016 | Posted By: sdq

 

കെ വി ഷാജി സമത

കോഴിക്കോട്: 14ാം നിയസഭയിലെ 140 ഇരിപ്പിടങ്ങളില്‍ നാലില്‍ ഒരുഭാഗം ഇത്തവണ കന്നി എംഎല്‍എമാര്‍ കൈയടക്കും. മഹാരഥന്‍മാരെ തറപറ്റിച്ചവരും 43 വോട്ടിന് കഷ്ടിച്ചു രക്ഷപ്പെട്ടയാളും ഉള്‍പ്പെടെ 37 കന്നി അംഗങ്ങളാണ് ഇത്തവണ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യുക.
പുതുമുഖങ്ങളിലെ താരം നടന്‍ മുകേഷ് തന്നെയാവും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലെങ്കിലും കന്നി എംഎല്‍എമാരില്‍ രാഷ്ട്രീയതാരങ്ങളെ അട്ടിമറിച്ച് താരപദവി കൈപ്പിടിയില്‍ ഒതുക്കിയവരും കുറവല്ല.

തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിന്റെ ഉരുക്കുകോട്ട തകര്‍ത്ത് നിയമസഭയിലേക്ക് കടന്നു വരുന്ന ഇടതുപക്ഷത്തിന്റെ യുവനേതാവ് എം സ്വരാജ് തന്നെയാണ് ഇത്തവണത്തെ തകര്‍പ്പന്‍ വിജയം നേടിയ പുതുമുഖങ്ങളില്‍ ശ്രദ്ധേയന്‍. 1991 മുതല്‍ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് മണ്ഡലത്തെ ഉള്ളംകൈയിലൊതുക്കിയ കെ ബാബുവിനെ ഇത്തവണ നിയമസഭയ്ക്ക് പുറത്തിരുത്തിയപ്പോ ള്‍, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന എം എം ലോറന്‍സിനെ തറപറ്റിച്ചതിന് ബാബുവിനോടുള്ള മധുരപ്രതികാരം കൂടിയായി സ്വരാജിന്റെ കന്നിവിജയം.
ബാര്‍ കോഴയുടെ പശ്ചാത്തലത്തില്‍ ബാബുവിന്റെ തോല്‍വിക്ക് വലിയ രാഷ്ട്രീയമാനവും കൈവരുന്നു എന്നത് തന്നെയാണ് സ്വരാജിനെ കന്നി അംഗങ്ങളിലെ താരമാക്കുന്നത്. കൊല്ലത്ത് ചവറയില്‍ ആര്‍എസ്പിയുടെ ഇളക്കമില്ലാത്ത കോട്ട തകര്‍ത്ത് മന്ത്രി ഷിബു ബേബിജോണിനെ ഗാലറിയിലിരുത്തിയ എന്‍ വിജയന്‍പിള്ളയാണ് മറ്റൊരു താരം.
കന്നിഅങ്കത്തില്‍, കൊല്ലത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ തകിടം മറിച്ചാണ് വിജയന്‍പിള്ള നിയമസഭയിലേക്ക് എത്തുന്നത്.
പട്ടാമ്പിയില്‍ സി പി മുഹമ്മദ് എന്ന യുഡിഎഫിന്റെ ജനകീയ നേതാവിനെ പരാജയപ്പെടുത്തിയ ഇടതുപക്ഷത്തിന്റെ മുഹമ്മദ് മുഹ്‌സിന്‍ കന്നിഅംഗങ്ങളിലെ യുവതാരമാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവായ കനയ്യകുമാര്‍ ഉള്‍പ്പെടെ നവരാഷ്ട്രീയത്തിലെ താരങ്ങള്‍ പ്രചാരണത്തിനെത്തിയ മണ്ഡലം എന്ന പ്രത്യേകതയും പട്ടാമ്പിക്ക് ഉണ്ടായിരുന്നു.
കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തനെ വോട്ട് യുദ്ധത്തി ല്‍ അശക്തനാക്കിയ അഡ്വ.ഐ ബി സതീഷ്, വര്‍ക്കലയുടെ സ്വന്തം നേതാവ് എന്ന് വിശേഷിപ്പിക്കുന്ന വര്‍ക്കല കഹാറിനെ വീട്ടിലിരുത്തിയ അഡ്വ. വി ജോയി, കുറ്റിയാടിയില്‍ കെ കെ ലതികയെ പരാജയപ്പെടുത്തിയ പാറയ്ക്കല്‍ അബ്ദുള്ള, കോവളത്ത് സിറ്റിങ് എംഎല്‍എ ജമീലാ പ്രകാശത്തെ വീഴ്ത്തിയ എം വിന്‍സന്റ്, ആര്യാടന്‍ കുടുംബത്തിന്റെ തട്ടകമായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ അവിശ്വസനീയ വിജയം നേടിയ പി വി അന്‍വര്‍, താനൂരില്‍ മുസ്‌ലിംലീഗിന്റെ കരുത്തനായ യുവതാരം അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്‍പിച്ച വി അബ്ദുറഹ്മാന്‍, കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷനെതിരേ മല്‍സരിച്ച് വിജയിച്ച കെ ജെ മാക്‌സി, മുന്‍ മന്ത്രി ടി യു കുരുവിളയെ കോതമംഗലത്തു പരാജയപ്പെടുത്തിയ ആന്റണി ജോണ്‍, മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തിയ എല്‍ദോ എബ്രഹാം, മല്‍സരിച്ച മാധ്യമ പ്രവര്‍ത്തകരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായരെ ആറന്മുളയില്‍ മലര്‍ത്തിയടിച്ച വീണാ ജോര്‍ജ് തുടങ്ങി പുതുമുഖ താരങ്ങളുടെ നീണ്ട നിരതന്നെയാണ് ഇത്തവണത്തെ നിയമസഭയില്‍ എത്താനിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 145 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക