|    Feb 26 Sun, 2017 4:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാലാമത് അജ്‌യാല്‍ ചലചിത്ര മേള നവംബര്‍ 30 മുതല്‍ ആറ് ദിവസം; 33 രാജ്യങ്ങള്‍; 70 ചിത്രങ്ങള്‍

Published : 16th November 2016 | Posted By: SMR

ദോഹ: കൗമാരത്തിന്റെ ചലചിത്ര ഉല്‍സവം, അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഈ മാസം 30ന് തിരശ്ശീല ഉയരും. ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന നാലാമത് എഡിഷനാണ് ഇത്തവണത്തേത്. ആറ് ദിവസം നീളുന്ന മേളയില്‍ 42 പബ്ലിക് സ്‌ക്രീനിങും 18 ജൂറി സ്‌ക്രീനിങും ഉള്‍പ്പെടെ 70 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇന്ററാക്ടീവ് പാനല്‍, മാസ്റ്റര്‍ ക്ലാസുകള്‍, റെഡ് കാര്‍പറ്റ്, എക്‌സിബിഷന്‍, കുടുംബ വിനോദങ്ങള്‍ തുടങ്ങി അനുബന്ധ പരിപാടികളും നടക്കും.
ഗുണാത്മക സാമൂഹിക മാറ്റം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഇത്തവണത്തെ മേളയില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ള 24 മുഴുനീള ചിത്രങ്ങളും 46 ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീശാക്തീകരണം മുതല്‍ ആഗോള അഭയാര്‍ഥി പ്രതിസന്ധി, പ്രിയപ്പെട്ടവരുടെ നഷ്ടം, സാമ്പത്തിക വിധേയത്വം തുടങ്ങി നിത്യജീവിതത്തിലെ വെല്ലുവിളികള്‍ വരെ പ്രമേയമാവുന്ന ചിത്രങ്ങളുടെ മുഴുവന്‍ അന്തര്‍ധാര ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമാണ്.
ഓട്ടോ ബെല്‍ സംവിധാനം നിര്‍വഹിച്ച ദി ഈഗ്ള്‍ ഹണ്‍ട്രസാണ് ഉദ്ഘാടന ചിത്രം. ഈ സിനിമയുടെ മെന മേഖലയിലെ ആദ്യ പ്രദര്‍ശനമാണ് അജ്‌യാലിലേത്. മൈക്കല്‍ ഡുഡോക്ക് ഡി വിറ്റ് സംവിധാനം നിര്‍വഹിച്ച ദി റെഡ് ടര്‍ട്ടിലാണ് സമാപന സിനിമ. ഈ ചിത്രത്തിന്റേയും മെന മേഖലയിലെ പ്രഥമ പ്രദര്‍ശനമാണ് ഖത്തറില്‍ നടക്കുക.
കാന്‍ ചലചിത്ര മേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടിയ കെന്‍ലോച്ചിന്റെ ഐ ഡാനിയേല്‍ ബ്ലേക്ക്, അസ്ഗര്‍ ഫര്‍ഹാദിയുടെ ദി സെയില്‍സ്മാന്‍, ബബാക് അന്‍വരിയുടെ അണ്ടര്‍ ദി ഷാഡോ എന്നിവയുടെ മെന പ്രീമിയറും അജ്‌യാലില്‍ നടക്കും. ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം നേടിയ ഫയര്‍ അറ്റ് സീ,  ഗിയാന്‍ ഫ്രാങ്കോ റോസിയുടെ ഹണ്ട് ഫോര്‍ ദി വൈല്‍ഡര്‍ പീപ്പിള്‍ തുടങ്ങിയ സിനിമകളും അജ്‌യാലിലെ ആകര്‍ഷണങ്ങളാണ്.
സാമൂഹിക മാറ്റത്തിന് പ്രചോദനമേകുന്ന 18 ഡോക്യുമെന്ററികളാണ് അജ്‌യാലില്‍ പ്രദര്‍ശിപ്പിക്കുന്നത്. വനിതകള്‍ നിര്‍മാതാക്കളോ സംവിധായകരോ ആയ 27 ചിത്രങ്ങളാണ് ഇക്കുറി മേളയ്‌ക്കെത്തുന്നത്.
എല്ലാ തലമുറകള്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ചലചിത്ര മേളയാണ് അജ്‌യാലെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.
എട്ട് മുതല്‍ 21 വരെ പ്രായമുള്ള അഞ്ഞൂറിലേറെ ജൂറി അംഗങ്ങളാണ് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുക. മൊഹഖ്, ഹിലാല്‍, ബാദര്‍ വിഭാഗങ്ങളിലായാണ് കുട്ടികള്‍ ചലച്ചിത്രോത്സവം വിലയിരുത്തുക. ആസ്‌ത്രേലിയ, ബഹ്‌റയ്ന്‍, ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന, ഇറാഖ്, ഇറ്റലി, കുവൈത്ത്, ലബനാന്‍, ഒമാന്‍, സെര്‍ബിയ, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 24 അന്താരാഷ്ട്ര ജൂറികളും ഇവരില്‍പ്പെടുന്നു.
ഈ വര്‍ഷം അര്‍ധരാത്രിയിലും സിനിമാ പ്രദര്‍ശനം നടത്തുന്നുണ്ട്. അബൂഹാനി അസദിന്റെ ദി ഐഡോള്‍ ആണ് പാതിരാ ചിത്രം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ യുഎന്‍ അന്താരാഷ്ട്ര  ദിനത്തോട് അനുബന്ധിച്ച് അത്തരത്തിലുള്ള ആളുകള്‍ക്ക് കൂടി ആസ്വദിക്കാവുന്ന ദി ഐഡോളിന്റെ പ്രത്യേക പതിപ്പാണ് പ്രദര്‍ശിപ്പിക്കുന്നത്.
അജ്‌യാലില്‍ പ്രദര്‍ശിപ്പിക്കുന്ന 15 സിനിമകള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗ്രാന്റോടെ നിര്‍മിച്ചവയാണ്.
അണ്ടര്‍ ദി ഷാഡോ, ലിസന്‍ ടു ദി സൈലന്‍സ്, ദി സെയില്‍സ്മാന്‍, വേവ്‌സ്, ആവേമരിയ, മറിയം, ദി വെയിറ്റിങ് റൂം, അല്‍ ജൊഹാറ, അമര്‍; ആന്‍ അറേബ്യന്‍ ലെജന്റ്, കഷ്ട തുടങ്ങിയ സിനിമകളാണ് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗ്രാന്റോടെ നിര്‍മിച്ചവ.
സിനിമ കാണാനുള്ള ടിക്കറ്റുകള്‍ ഇന്നു മുതല്‍ മഷ്യമഹളശഹാ.രീാ ലഭ്യമാവും. ജനറല്‍ സ്‌ക്രീനിങിന് 25 റിയാലാണ് ടിക്കറ്റ് നിരക്ക്.
കത്താറ ബില്‍ഡിങ് 12ലെ അജ്‌യാല്‍ കത്താറ മെയിന്‍ ബോക്‌സ് ഓഫിസ്, ലഗൂണ മാളിലുള്ള അജ്‌യാല്‍ എഫ്എന്‍എസി ടിക്കറ്റ് ഔട്ട്‌ലെറ്റ് എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ ഫാത്തിമ അല്‍റുമൈഹി, അബ്ദുല്ല, റീം, ശാദി സൈനുദ്ദീന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day