|    Oct 23 Tue, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാലാംതവണയും ജാമ്യഹരജി തള്ളി; ദിലീപ് ജയിലില്‍ തന്നെ

Published : 19th September 2017 | Posted By: fsq

 

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ അറസ്്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്നലെ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുള്ള ദിലീപിന്റെ വാദമാണ് കോടതി തള്ളിയത്. കുറ്റകൃത്യത്തെ പ്രതിഭാഗം ലഘൂകരിക്കാന്‍ ശ്രമിച്ചെന്നും നഗ്‌നദൃശ്യം പകര്‍ത്തല്‍ മാത്രമല്ല പള്‍സര്‍ സുനി നടത്തിയ ക്രൂരകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 20 വര്‍ഷത്തില്‍ കൂടുതല്‍ തടവോ ചിലപ്പോള്‍ ജീവപര്യന്തം വരെയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ ദിലീപിന് സ്വഭാവിക ജാമ്യം ലഭിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി കോടതി തള്ളിയത്. ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതികള്‍ തള്ളുന്നത്. ആദ്യം വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് രണ്ടു—തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വീണ്ടും ജാമ്യഹരജി നല്‍കിയത്. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.രണ്ടുമാസത്തിലധികമായി ജയിലിലായിട്ടും ഇപ്പോഴും സിനിമാമേഖലയില്‍ നല്ല പിടിപാടാണെന്നും എംഎല്‍എമാര്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നത് ഇതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍, നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്ന കുറ്റമാണ് തന്നില്‍— പോലിസ് ആരോപിക്കുന്നതെന്നും 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് 60 ദിവസത്തിലേറെ ജയിലില്‍ക്കിടന്നെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞു. ദിലീപിന്റെ ജാമ്യഹരജിയില്‍ 16ന് വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പറയാന്‍ കോടതി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. അടച്ചിട്ട കോടതിയില്‍ മൂന്ന് മണിക്കുറോളം എടുത്താണ് ഇരുവിഭാഗവും നേരത്തെ വാദം പൂര്‍ത്തിയാക്കിയത്.  ഈ മാസം 28 വരെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം കോടതി നീട്ടിയിരുന്നു. ജാമ്യഹരജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss