|    Jan 24 Tue, 2017 6:40 am

നാലരക്കുപ്പി ചാരായവും ആറുകുപ്പി കള്ളും!

Published : 7th May 2016 | Posted By: mi.ptk

ende-rogi

ഡോ. എം അബ്ദുല്‍ ലത്തീഫ്

കോഴിക്കോടിനടുത്തുള്ള പുല്ലൂരാംപാറയില്‍ നിന്നാണ് അയാളെത്തിയത്. കുടിച്ചു പൂസായ അവസ്ഥയില്‍ ആടിയായിരുന്നു പരിശോധനമുറിയിലേക്കു പ്രവേശിച്ചത്. പക്ഷേ, എന്നിട്ടും വളരെ സ്പഷ്ടമായി അയാള്‍ പറഞ്ഞു: ‘ഡോക്‌റേ എന്റെ കുടി നിര്‍ത്തണം, അതിന് എന്തു വേണമെങ്കിലും ചെയ്യാം.’മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹത്തോടെ എന്നെ കാണാനെത്തുന്ന അസംഖ്യം മദ്യപരുടെ പ്രതിനിധികളിലൊരാളായ അയാളെ ജോണ്‍ എന്നു വിളിക്കാം.

ഒരു ദിവസം എത്ര കുടിക്കുമെന്നു ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്നതായിരുന്നു മറുപടി. നാലരക്കുപ്പി ചാരായവും ആറു കുപ്പി കള്ളും! ഇത്രയധികം കുടിക്കുന്നവര്‍ വേറെ കാണില്ലെന്നും ഇതു പരിശോധനാ രേഖകളില്‍ പ്രത്യേകം എഴുതി സൂക്ഷിക്കണമെന്നും ഇങ്ങനെ ഒരു ജീവി ജീവിച്ചിരുന്നെന്ന് ഭാവി തലമുറ അറിയട്ടെയെന്നും ഒട്ടൊരു അഭിമാനത്തോടെ തന്നെ ജോണ്‍ പറഞ്ഞു. മുഴുക്കുടിയനായി മാറിയ കാലം മുതല്‍ തന്നെ ജോണ്‍ ആഗ്രഹിക്കുന്നതാണ് മദ്യപാനം അവസാനിപ്പിക്കണമെന്ന്. ഇതിനായി പലരേയും പോയി കണ്ടു. മരുന്നുകള്‍ കഴിച്ചു. പക്ഷേ, മദ്യപാനം മാത്രം മാറിയില്ല. മദ്യപാനം മാറിയില്ലെങ്കില്‍ ചികില്‍സിച്ചവരെ തെറി പറഞ്ഞുകൊണ്ട് കത്തെഴുതുക എന്ന വിചിത്ര സ്വഭാവവും ജോണിനുണ്ടായിരുന്നു.

നിരവധി പേജുകളുള്ള തെറിക്കത്താണ് അയാള്‍ പല ഡോക്ടര്‍മാര്‍ക്കും അയച്ചിരുന്നത്. എനിക്ക് തെറിക്കത്ത് അയക്കുകയാണെങ്കില്‍ ഓഫിസ് വിലാസത്തില്‍ അയച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഭാര്യയും മക്കളും കാണുമെന്നും തമാശയോടെ ഞാന്‍ അയാളോടു പറഞ്ഞു.ജോണിന് വെള്ളത്തില്‍ കലര്‍ത്തുന്ന തരം ഹോമിയോ മരുന്നാണ് നല്‍കിയത്. അതു കുടിച്ചശേഷം മദ്യപിച്ചാല്‍ ഒരു തുള്ളി മദ്യംപോലും അവശേഷിക്കാതെ ഛര്‍ദ്ദിക്കും. ഇത് പല പ്രാവശ്യം ആവര്‍ത്തിക്കുന്നതോടെ മദ്യപാനിക്ക് മദ്യത്തോട് അങ്ങേയറ്റത്തെ വെറുപ്പ് തോന്നുകയും അതില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയും ചെയ്യും. ജോണിന് ഞാന്‍ മരുന്ന് നല്‍കി പറഞ്ഞയച്ചു. പിന്നെ മാസങ്ങള്‍ക്കു ശേഷം അയാളുണ്ട് മറ്റൊരു മദ്യപനെയും താങ്ങിപ്പിടിച്ച് എന്റെ മുറിയുടെ മുന്നില്‍ നില്‍ക്കുന്നു! ജോണിന്റെ സ്‌നേഹിതനാണ്, പട്ടാളക്കാരന്‍. പട്ടാളത്തില്‍ നിന്നുപോലും ഒരു തുള്ളി കുടിക്കാതിരുന്ന അയാള്‍ പെന്‍ഷനായി നാട്ടിലെത്തിയപ്പോഴാണ് കുടി തുടങ്ങിയത്. അതും പെരുംകുടി. അപ്പോഴാണ് ജോണ്‍ മദ്യപാനം അവസാനിപ്പിച്ചോയെന്ന് ഞാന്‍ ചോദിച്ചത്. ‘അതെല്ലാം എന്നേ നിര്‍ത്തി സാറേ, സാറിനോട് ഇതു പറയാതിരുന്നത് വലിയ തെറ്റായിപ്പോയെന്നും ക്ഷമിക്കണ’മെന്നും പറഞ്ഞ് അയാള്‍ കാലുപിടിക്കാന്‍ കുനിഞ്ഞെങ്കിലും ഞാ ന്‍ തടഞ്ഞു. ഏതായാലും സ്‌നേഹിതനുള്ള       മരുന്നുമായി ജോണ്‍ മടങ്ങി.

പിന്നീട് മാസങ്ങള്‍ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായി ജോണ്‍ എന്റെ പരിശോധനസ്ഥലത്തിനു മുന്നിലെത്തി. ഭാര്യയെ മുടിക്കു കുത്തിപ്പിടിച്ച് വാഹനത്തില്‍ നിന്നു മുറ്റത്തേക്കു തള്ളിയിട്ട് രൗദ്രഭാവത്തോടെ ഉറഞ്ഞുതുള്ളുന്ന ജോണിനെയാണ് ഞാന്‍ കണ്ടത്. ‘എവിടേടീ നിന്റെ പുണ്യാളന്‍, കാണിച്ചു കൊണ്ടെടി’ എന്നു പറഞ്ഞ് ഭാര്യയെ അടിക്കാനോങ്ങിയ ജോണ്‍ എന്നോടു പറഞ്ഞത് അന്നു രാവിലെ വീട്ടില്‍ നടന്ന സംഭവത്തെ കുറിച്ചായിരുന്നു. ജോണ്‍ മദ്യപാനം അവസാനിപ്പിച്ചത് പുണ്യാളനോട് പ്രാര്‍ഥിച്ചതു കൊണ്ടാണെന്നു ഭാര്യ പറഞ്ഞതാണ് അയാളെ അങ്ങേയറ്റം കുപിതനാക്കിയത്. ഒരു പുണ്യാളനുമല്ല ഡോക്ടറാണ് ചികില്‍സിച്ചതെന്നു പറഞ്ഞ് ജോണും ഭാര്യയും വഴക്കിട്ടു. അതിന്റെ തുടര്‍ച്ചയായാണ് പുണ്യാളനെ കാണിച്ചു കൊടുക്കാനാവശ്യപ്പെട്ട് അയാള്‍ ഭാര്യയുമായി എന്റെ മുന്നിലെത്തിയത്. ഭാര്യയോടുള്ള ദേഷ്യം തീരാതെ അഞ്ചു ലിറ്റര്‍ ചാരായം മോന്തി തികഞ്ഞ ഫോമിലായിരുന്നു ജോണിന്റെ പ്രകടനം. ഏറെക്കാലത്തിനു ശേഷം കാണുകയല്ലേ എന്നു പറഞ്ഞ് ജോണിന് നിര്‍ബന്ധിച്ച് ഞാന്‍ ഒരു ഗ്ലാസ് വെള്ളം കൊടുത്തു. മയങ്ങാനുള്ള മരുന്നായിരുന്നു നല്‍കിയത്. അതോടൊപ്പം മദ്യപാനം നിര്‍ത്താനുള്ള മരുന്നും. വീടിന്റെ ഉമ്മറപ്പടിയില്‍ ചാരി നിന്ന് മയങ്ങിയ ജോണിനെയും കൊണ്ട് ഭാര്യയും അവരുടെ ജീപ്പ് ഡ്രൈവറും ഉടനെ തിരിച്ചുപോയി.

മദ്യപാനം അവസാനിപ്പിക്കാന്‍ വളരെ എളുപ്പമാണ്, അതിന് കുടിയന്‍ തന്നെ താല്‍പര്യപ്പെടണമെന്നു മാത്രം. മദ്യത്തോട് വിരക്തി തോന്നിക്കുന്ന മരുന്നുകള്‍ ഹോമിയോയിലുണ്ട്. അത് കഴിച്ചാല്‍ ഒരാഴ്ചയ്ക്കകം തന്നെ മദ്യപാനം പൂര്‍ണമായും അവസാനിപ്പിക്കാം. അതോടൊപ്പം വിശപ്പ് വര്‍ധിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. മദ്യപാനം അവസാനിപ്പിച്ച് നല്ല ജീവിതത്തിലേക്കു തിരികെ വന്നവരെ പഴയ കാര്യങ്ങള്‍ പറഞ്ഞു കുറ്റപ്പെടുത്തുന്നത് അവരെ വീണ്ടും മദ്യപാനത്തിലേക്ക് എത്തിക്കാന്‍ കാരണമാവും. ഇതാണ് ജോണിന്റെ കാര്യത്തിലും സംഭവിച്ചത്. സ്വബോധത്തോടെയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിയവരെ അതില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് വീട്ടുകാര്‍ക്കാണ് നല്ല പങ്കുവഹിക്കാന്‍ കഴിയുക. ഇതില്‍ ചികില്‍സകന് പരിധിയും പരിമിതിയുമുണ്ട്.

മദ്യപാനത്തില്‍ നിന്നു മോചനം നേടണമെന്ന് ആഗ്രഹിച്ച് എന്നെ കാണാനെത്തുന്നവരോട് മരുന്നു നല്‍കുന്നതിനൊപ്പം ഇക്കാര്യവും ഞാന്‍ പറയാറുണ്ട്. ഒട്ടേറെ കുടിയന്മാര്‍ അതില്‍ നിന്നു മോചനം നേടി നല്ല കുടുംബജീവിതം നയിക്കുന്നുവെന്നത് എന്റെയോ, ഹോമിയോ ചികില്‍സയുടെയോ മാത്രം വിജയമല്ല, വീട്ടുകാരുടെ പിന്തുണയുടെ കൂടി വിജയമാണ്.

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലാണ്  ഡോ. എം അബ്ദുല്‍ ലത്തീഫ്‌

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക