|    Mar 29 Wed, 2017 10:49 am

നാലരക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published : 24th September 2016 | Posted By: SMR

മഞ്ചേരി: നാലരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ മഞ്ചേരി പോലിസ് പിടികൂടി. തിരൂര്‍ തലക്കടത്തൂര്‍ നെല്ലേരി മുഹമ്മദ് നാദിര്‍ഷ (21), തമിഴ്‌നാട് കോയമ്പത്തൂര്‍ ഉക്കടം ജിഎം നഗര്‍ അയ്യൂബ് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച പയ്യനാട് സ്റ്റേഡിയത്തിനു സമീപത്തുവച്ച് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഏഴ് വിദ്യാര്‍ഥികളെ പോലിസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണികളായ നാദിര്‍ഷയെയും അയ്യൂബിനെയും കുറിച്ച് വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 22ന് മഞ്ചേരി കോ-ഓപറേറ്റീവ് കോളജ് പരിസരത്തുവച്ചാണ് പ്രതികളെ പോലിസ് പിടികൂടിയത്. ജില്ലയിലെ തിരൂര്‍, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് ഇവരാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു ജില്ലയിലെ പല പ്രമുഖ കഞ്ചാവ് വില്‍പ്പനക്കാരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.  കോയമ്പത്തൂരിലെ ബന്ധു വഴിയാണ് നാദിര്‍ഷ കഞ്ചാവ് മാഫിയയുമായി ബന്ധം സ്ഥാപിക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ വഴി കേരളത്തിലേയ്ക്കു കൊണ്ടുവരുന്ന കഞ്ചാവ് സംസ്ഥാനത്തെ വിവിധ കാംപസുകളില്‍ വിറ്റഴിക്കുന്നതായി ഇവര്‍ സമ്മതിച്ചു.
പ്രധാനമായും വിദ്യാര്‍ഥികള്‍ തന്നെയാണ് ലക്ഷ്യം. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പ്രദീപിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി സിഐ കെ എം ബിജുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്‌ഐ എസ് ബി കൈലാസ് നാഥ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, ടി ശ്രീകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സലീം, സജയന്‍, സുബിന്‍, സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day