|    Nov 13 Tue, 2018 8:16 am
FLASH NEWS
Home   >  Kerala   >  

നാറ്റം ചാണ്ടിയിലൊതുങ്ങില്ല

Published : 8th November 2017 | Posted By: shins

ഇംതിഹാന്‍ ഒ അബ്ദുല്ല

അംറ്ബ്‌നുല്‍ ആസ് പ്രഗല്‍ഭനായ സഹാബിയാണ്. ഈജിപ്തിന്റെ വിമോചകനായ അദ്ദേഹം പ്രാവചകന്റെ കാലം മുതല്‍ക്കേ ഗവര്‍ണര്‍ പദവി വഹിച്ചു പോരുന്നുണ്ട്. തുടര്‍ന്ന് അബൂബക്കറിന്റെയും ഉമറിന്റെയും കാലഘട്ടത്തിലും അദ്ദേഹം ഇസലാമ്ക സമൂഹത്തിന് സുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ചു പോന്നു. ഗവര്‍ണര്‍മാരുടേയും ഉദ്യോഗസ്ഥന്‍മാരുടേയും ജീവിത വിശുദ്ധി കണിശമായി നിരീക്ഷിച്ചു പോന്നിരുന്നു ഖലീഫ ഉമര്‍. ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറ്ബ്‌നുല്‍ ആസിന്റെ ആഡംബര ജീവിതത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്റെ ഉദ്യോഗസ്ഥനായ മുഹമ്മദ്ബ്‌നു സലമയെ ഉമര്‍ അംറിന്റെ അടുത്തേക്ക് അയച്ചു. ഈജിപ്തിലെത്തിയ മുഹമ്മദ് ഉമറിന്റെ നിര്‍ദ്ദേശാനുസരണം അംറിന്റെ സ്വത്ത് രണ്ടായി പകുത്തു. ഒരു വിഹിതം അംറിന് തന്നെ തിരിച്ചു നല്‍കി. മറ്റേ പകുതി മദീനയിലെ പൊതുഖജനാവിലേക്ക് വകയിരുത്തുകയും ചെയ്തു. പൂര്‍ണമായും അനുവദനീയമായ മാര്‍ഗത്തിലൂടെ താന്‍ സമ്പാദിച്ച ധനമാണ് എന്നുറപ്പുണ്ടായിട്ടും അംറ് ഖലീഫയുടെ തീരുമാനത്തെ പൂര്‍ണമായും അംഗീകരിച്ചു.

പൊതുരംഗത്തുളളവര്‍ പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അകളങ്കിതരായിരിക്കണമെന്നാണ് പണ്ടേയുളള അലിഖിത നിയമം. പ്രാചീനധര്‍മ്മസംഹിതകളും ആധുനിക  ഭരണഘടനകളും അക്കാര്യം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നിരുന്നാലും വ്യക്തികള്‍ പൊതുരംഗത്തുളളവരായിരിക്കട്ടെ,അല്ലാത്തവരാവട്ടെ, എത്ര നല്ല പശ്ചാത്തലത്തിലുളളവരായിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ അവരില്‍ നിന്ന് വീഴ്ചകള്‍ സംഭവിച്ചേക്കാം. ലോകം കണ്ട ഏറ്റവും പരിശുദ്ധസമൂഹമായ പ്രവാചകന്റെയും അവിടുത്തെ ഉത്തരാധികാരികളായ സച്ചരിതരായ ഖലീഫമാരുടേയും  ആദര്‍ശസമൂഹത്തില്‍ നിന്ന് പോലും വ്യഭിചാരം,മോഷണം,അപവാദപ്രചാരണം,അധികാര ദുര്‍വിനിയോഗം  പോലുളള കുറ്റകൃത്യങ്ങളുടെ പേരില്‍ വ്യക്തികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരം സംഭവങ്ങള്‍  ഒരിക്കലും തന്നെ ആ സമൂഹത്തിന്റെ ശോഭ കെടുത്തിയില്ല. മറിച്ച് സ്വയം കുറ്റമേറ്റുപറയാന്‍ സന്നദ്ധമാവുന്ന  അവരുടെ മനസ്സും നീതിപൂര്‍വ്വവും വിവേചനരഹിതവും ആയ ശിക്ഷാക്രമങ്ങളും ഇസ്‌ലാമിക സമൂഹത്തിന്റേയും വ്യവസ്ഥിതിയുടേയും ശോഭ വര്‍ധിപ്പിച്ചതേയുളളൂ.
അഴിമതിയും അധികാരദുര്‍വിനിയോഗവും പൊതുമുതല്‍ അപഹരിക്കലും നിത്യസംഭവമായി വാര്‍ത്താ പ്രാധാന്യം പോലും നഷ്ടപ്പെട്ട ഇന്ത്യന്‍ സാമൂഹികവ്യവസ്ഥിതിയില്‍ താരതമ്യേന വ്യതിരിക്തത പുലര്‍ത്തുന്നു എന്നതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി. പാര്‍ട്ടി അണികളുടേയും ജനപ്രതിനിധികളുടേയും  എണ്ണത്തില്‍ എ ഐ എഡി എം കെ പോലുളള പ്രാദേശിക പാര്‍ട്ടികളുടെ പോലും അടുത്തെത്താന്‍ പലപ്പോഴും സാധിക്കാറില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നത് ഇക്കാരണം കൊണ്ടാണ്.
ബാറുകള്‍ അടച്ചുപൂട്ടുന്നതടക്കമുളള ഏറെ ജനപ്രിയ നടപടികള്‍ കൈക്കൊണ്ടിട്ടും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന് ഭരണതുടര്‍ച്ച ലഭിക്കാതെ പോയത് ഉമ്മന്‍ ചാണ്ടി ആന്റ് ടീമിന്റെ അഴിമതിയിലെ സര്‍വ്വകാല റെക്കോഡാണ്. അതില്‍ സരിതയുടെ മന്ത്രിമന്ദിരങ്ങളിലെ അഴിഞ്ഞാട്ടം മുതല്‍ മാണിയുടെ ബാറും അടൂരിന്റെ ഭൂദാനവുമൊക്കെ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാം ശരിയാക്കാനാണ് എല്‍ ഡി എഫ് വരുന്നതെന്ന് പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ പ്രതീക്ഷിച്ചതും അഴിമതിയുടെ ദുര്‍ഗന്ധം ഇനിയും അടിച്ചുവീശരുതെന്നാണ്. അതുകൊണ്ടാണ് മദ്യനയത്തില്‍ മദ്യനിരോധനമല്ല;മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നിലപാട്, എങ്കിലും പൂട്ടിയ ബാറുകള്‍ തുറക്കുകയില്ല എന്ന അയകൊഴമ്പന്‍ നിലപാട് സ്വീകരിച്ചിട്ടും ബഹുഭൂരിപക്ഷം മദ്യവിരുദ്ധരായ ജനം ഇടതുപക്ഷത്തെ ജയിപ്പിച്ചത്. അഴിമതി ആരോപണങ്ങളുടെ പാപക്കറ പേറുന്ന എളമരം കരീമിനെപ്പോലുളളവര്‍ ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അത്തരം ധാരണകള്‍ ബലപ്പെട്ടു. വന്‍ ഭൂരിപക്ഷത്തിലധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ മധുവിധു കഴിയുന്നതിനു മുമ്പേ ഉയര്‍ന്നു വന്ന ജയരാജന്റെ ബന്ധു നിയമനവിവാദം പുത്തരിയിലെ കല്ലുകടിയായെങ്കിലും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് കാരണം വീണതു വിദ്യയാക്കാന്‍ ഇടതു പക്ഷത്തിനു കഴിഞ്ഞു. വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ പോലും കഴിയുന്നതിനു മുമ്പ് സി പി എമ്മിലെ കണ്ണൂര്‍ ലോബിയിലെ കരുത്തനായ നേതാവിനെ പുറത്താക്കുക വഴി പിണറായിയുടെ ശുഭവസ്ത്രം കൂടുതല്‍ തേജോമയമായി. അടുത്തത് ഘടകകക്ഷികളുടെ ഊഴമായിരുന്നു.  ഖജനാവിന് ഒരണയുടെ നഷ്ടം പോലും വരുത്തിയിട്ടില്ലെങ്കിലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ പാലിക്കേണ്ട ഉന്നത മൂല്യങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് ഹണിട്രാപ്പില്‍ കുടുങ്ങിയ എ കെ ശശീന്ദ്രനെ പിണറായി കാബിനറ്റില്‍ നിന്നും പടികടത്തി. ഒരു ഗൂഢാലോചനയുടെ ഇര എന്ന ആനുകൂല്യം പോലും ശശീന്ദ്രന് ലഭിച്ചില്ല. എങ്കിലും രാഷ്ട്രീയ സദാചാര പാലകനെന്ന ഇമേജ് പിണറായിക്ക് ആവോളം ലഭിച്ചു.
സദാചാര വിപ്ലവത്തിന്റെ പേരില്‍ ശശീന്ദ്രനെ പുറന്തളളിയെങ്കിലും ശശീന്ദ്രന്റെ  പകരക്കാരന്റെ ട്രാക്ക് റെക്കോഡ് അത്ര മുന്തിയതായിരുന്നില്ല. ശശീന്ദ്രന് വിനയായ സ്ത്രീ വിഷയം മുതല്‍ സാമ്പത്തിക തിരിമറികളടക്കമുളള ഒട്ടേറെ  മേഖലകളില്‍ നീന്തിത്തുടിച്ച് ഉല്ലസിച്ചാര്‍മാദിച്ചായിരുന്നു തോമസ് ചാണ്ടിയുടെ വരവ്. രണ്ട് എം എല്‍ എമാര്‍ മാത്രമുളള എന്‍ സി പിക്ക് മറ്റൊരു പകരക്കാരനെ നിര്‍ദ്ദേശിക്കാനില്ലായിരുന്നു എന്നത് വാസ്തവം. പക്ഷെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പിണറായിക്ക്  വേണമെങ്കില്‍ എന്‍ സി പിയോട് ചാണ്ടിയുടെ കാര്യത്തില്‍ നോ പറയാമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ സംസ്ഥാനത്തെ ഇടതുമുന്നണി സംവിധാനത്തിന് യാതൊരു കോട്ടവും സംഭവിക്കാതെ തന്നെ പിണറായിക്കും മുന്നണിക്കും തങ്ങളുടെ ഇമേജ് വാനോളം ഉയര്‍ത്താമായിരുന്നു.  വല്ല ബോര്‍ഡോ കോര്‍പ്പറേഷനോ കൊടുത്ത് പിണറായി കണ്ണുരുട്ടിയാല്‍  അടങ്ങാത്ത കോപ്പൊന്നും സംസ്ഥാനത്ത് എന്‍ സി പിക്കില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. പറഞ്ഞിട്ടെന്ത്,  വരാനുളളത് വഴിയില്‍ തങ്ങില്ലല്ലോ. പിണറായി-കോടിയേരി ടീമിന്റെ ബിനസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചാണ്ടിയോട് നോ പറയാതിരുന്നതെന്നതെന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്നതാണ് തുടര്‍ന്നുളള സംഭവവികാസങ്ങള്‍.
കാട്ടാന കരിമ്പിന്‍ തോട്ടത്തില്‍ കയറിയാലെന്ന പോലെ ചാണ്ടിയുടെ പരാക്രമങ്ങള്‍ നിത്യേന മന്ത്രിസഭക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.  ചാണ്ടിക്കാകട്ടെ യാതൊരു കൂസലുമില്ല. അരിയും ആശാരിച്ചിയേയും പിന്നേയും മുറുമുറുപ്പ് ബാക്കി എന്ന രീതിയിലാണ് ചാണ്ടിയുടെ നില്‍പ്. ഇനിയും കായല്‍ നികത്തുമെന്നും തനിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ലെന്നുമുളള ചാണ്ടിയുടെ ഔധത്യം എല്ലാ പരിധിയും വിട്ടിരിക്കുന്നു. ചാണ്ടിക്കെതിരെ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നു. ചാണ്ടിയുടെ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ച് ദിവസങ്ങളായിട്ടും റവന്യൂ വകുപ്പ് വകുപ്പ് കൈകാര്യം ചെയ്യുന്ന സി പി ഐ പരമാവധി സമ്മര്‍ദ്ദം ചെലുത്തിയിട്ടും പിണറായി അനന്തമായി നിയമോപദേശം തേടിക്കൊണ്ടേയിരിക്കുകയാണ്. ഒന്നോര്‍ത്താല്‍ നന്ന്. നാറിയവനെ പേറിയാല്‍ പേറുന്നവനും നാറും. അപ്പോള്‍ പണ്ട് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ വിശേഷിപ്പിക്കാന്‍ പിണറായി ഉപയോഗിച്ച പദം അദ്ദേഹത്തില്‍ തന്നെ വന്നു ചേരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss