|    Jan 19 Thu, 2017 10:09 am

നാറാണത്തു ഭ്രാന്തന്റെ സ്മരണകളുണര്‍ത്തി രായിരനെല്ലൂര്‍ മലകയറ്റം 18ന്

Published : 15th October 2015 | Posted By: RKN

കെ സനൂപ്

വിയറ്റ്‌നാംപടി (പാലക്കാട്): നാറാണത്തു ഭ്രാന്ത്രന്റെ സ്മരണകളുമായി നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം 18നു നടക്കും. മലകയറ്റത്തോടനുബന്ധിച്ചുള്ള ലക്ഷാര്‍ച്ചന മലമുകളിലെ ക്ഷേത്രത്തില്‍ ആമയൂര്‍ നാറാണത്ത് മംഗലത്ത് മധുസൂദനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തുടങ്ങി. കൊല്ലവര്‍ഷം തുലാം ഒന്നിനാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം നടക്കുക. വിയറ്റ്‌നാംപടിക്കു സമീപമുള്ള ഒന്നാന്തിപ്പടിയില്‍ ഇറങ്ങി ചെങ്കുത്തായ വഴിയിലൂടെ കയറി പടിഞ്ഞാറുഭാഗത്ത് പടവുകളുള്ള വഴിയിലൂടെ ഇറങ്ങിയാല്‍ കര്‍മംമൂലമുണ്ടാവുന്ന ദോഷങ്ങളെല്ലാം മാറുമെന്നാണു വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി എല്ലാവര്‍ഷവും ആയിരങ്ങളാണ് മല കയറാനെത്തുന്നത്. താഴെയുള്ള നാറാണത്ത് മനയില്‍ സംസ്‌കൃത പഠനത്തിനെത്തിയ ഭ്രാന്തന്‍ രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരിട്ടിക്കയറ്റി താഴേക്കിട്ട് ആര്‍ത്തട്ടഹസിക്കുന്നതു പതിവായിരുന്നുവെത്രേ.

ഇത്തരത്തില്‍ ചെയ്തുകൊണ്ടിരിക്കേ ദുര്‍ഗാദേവി അവിടെ വന്നെന്നും ഭ്രാന്തന്റെ രൂപം കണ്ടു ഭയന്ന് ഭൂമിയില്‍ താഴ്ന്നുപോയെന്നും അവിടെ രൂപംകൊണ്ട കാല്‍പ്പാദങ്ങളെ വന്ദിച്ച് നാറാണത്തു ഭ്രാന്തനാണ് പ്രതിഷ്ഠ നടത്തിയതെന്നുമാണ് ഐതിഹ്യം. കാലം കടന്നുപോയപ്പോള്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതെന്നു കരുതുന്ന പാദങ്ങളെ ഉള്‍ക്കൊണ്ട് ക്ഷേത്രം പണിയുകയും ചെയ്തു. ദിവസവും രാവിലെ 6 മുതല്‍ 8 വരെയാണ് പൂജകള്‍. പപ്പടപ്പടിക്കു സമീപമുള്ള രായിരനെല്ലൂര്‍ മലയുടെ താഴെയുള്ള നാറാണത്തു മനയുടെ ഉടമസ്ഥതയിലാണ് മലയും അനുബന്ധ ക്ഷേത്രവുമുള്ളത്. മലമുകളില്‍ വിയറ്റ്‌നാംപടി സ്വദേശി സുരേന്ദ്ര കൃഷ്ണന്‍ നിര്‍മിച്ച നാറാണത്തു ഭ്രാന്തന്റെ പ്രതിമയുമുണ്ട്. നടുവട്ടത്തിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്ന കൈപ്പുറം നാറാണത്ത് ഭ്രാന്താചല ക്ഷേത്രത്തിലും ഭ്രാന്തന്‍ അധിവസിച്ചെന്ന വിശ്വാസമുണ്ട്. അതേസമയം രായിരനെല്ലൂര്‍ മലയുടെ സമീപ പ്രദേശത്ത് കുന്നിടിക്കാനുള്ള ശ്രമം അടുത്തിടെ നടന്നെങ്കിലും ജാതി മത രാഷ്ടീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോല്‍പ്പിച്ചു. ലക്ഷക്കണക്കിന് രൂപയാണ് മലകയറ്റ ദിവസം ക്ഷേത്ര, മല നടത്തിപ്പുകാര്‍ക്കു ലഭ്യമാവുന്നത്.

ചരിത്ര പ്രാധാന്യമുള്ള രായിരനെല്ലൂര്‍ മലയും പ്രദേശങ്ങളും സംരക്ഷിക്കാനും വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും പുരാവസ്തു വകുപ്പ് സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. രായിരനെല്ലൂര്‍ മലകയറ്റ ദിവസം രാവിലെ ലക്ഷാര്‍ച്ചന സമാപിക്കും. മലമുകളിലെ ദേവീക്ഷേത്രത്തില്‍ രാവിലെ 5നാണ് നട തുറക്കുക. പ്രത്യേക പൂജകളും ഉണ്ടാവും. മലയുടെ അടിവാരത്ത് വൈകീട്ട് അങ്ങാടി വാണിഭവും സജീവമാണ്. മലകയറ്റത്തിന്റെ സുഗമമായ നടത്തിപ്പിനായി പോലിസും രംഗത്തുണ്ടാവാറുണ്ട്. ഒന്നാന്തിപ്പടിയിലുള്ള കുത്തനെയുള്ള വഴി മല കയറാന്‍ മാത്രം ഉപയോഗിക്കണമെന്നും ഇറങ്ങാന്‍ പടിഞ്ഞാറു വശത്തുള്ള വഴി ഉപയോഗിക്കണമെന്നും ക്ഷേത്ര ഭാരവാഹികളും പോലിസും അറിയിച്ചു. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മലകയറ്റത്തിന് ഒന്നാന്തിപ്പടിയില്‍ ആളെ ഇറക്കി വിയറ്റ്‌നാംപടിയിലോ നടുവട്ടം ഭാഗങ്ങളിലോ ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 124 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക