|    Jan 18 Wed, 2017 7:19 am
FLASH NEWS

നാറാണത്തുഭ്രാന്തന്റെ ഐതിഹ്യപ്പെരുമയില്‍ പതിനായിരങ്ങള്‍ രായിരനെല്ലൂര്‍ മലകയറി

Published : 18th October 2016 | Posted By: SMR

പട്ടാമ്പി: പറയിപെറ്റ പന്തിരുകുല പെരുമയിലെ ശേഷ്ഠനായ  നാറാണത്തുഭ്രാന്തന്റെ ഐതിഹ്യ സ്മരണയില്‍ പതിനായിരങ്ങള്‍ രായിരനെല്ലൂര്‍ മലകയറി. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി പതിനായിരങ്ങളാണ് മലകയറ്റത്തിന് എത്തിയത്. മലകയറ്റത്തിനുശേഷം മലമുകളിലെ നാറാണത്തുഭ്രാന്തന്റെ ശില്‍പത്തെ വലംവച്ച ഭക്തജനങ്ങള്‍ ദേവീ ദര്‍ശനവും കഴിഞ്ഞാണ് മലയിറങ്ങിയത്.
ചെത്തല്ലൂര്‍ തൂതപ്പുഴയോരത്ത് പിറന്ന് വീണ നാറാണത്തുഭ്രാന്തനെ നാരായണമംഗലത്ത് മന ഭട്ടതിരിമാരാണ് എടുത്തു വളര്‍ത്തിയതെന്നാണ് വിശ്വാസം.
ആമയൂര്‍ നാരായണമംഗലത്ത് മന മധുസൂദനന്‍ ഭട്ടതിരിപ്പാട്, കുമാരസ്വാമി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍  ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
മലമുകളില്‍ വച്ച് ദേവീദര്‍ശനം ലഭിച്ച നാറാണത്തുഭ്രാന്തന്‍ അവിടെ ലഭ്യമായ കദളിപ്പഴം നിവേദിച്ചതിനാല്‍ കദളിപ്പഴനിവേദ്യമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒമ്പത് കാലടികള്‍ കാണപ്പെട്ടു എന്നാണ് ഐതിഹ്യം.
ഇവയിലൊന്നില്‍ എക്കാലത്തും കാണുന്ന തീര്‍ത്ഥമാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്. ഈ കാലടികളില്‍ തന്നെയാണ് പൂജയും, അര്‍ച്ചനകളും നടത്താറുള്ളത്.  രായിരനെല്ലൂര്‍ മലകയറ്റത്തോടനുബന്ധിച്ച് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും നിരവധി പേര്‍ ദര്‍ശനത്തിനെത്തി. അമ്പത് അടി ഉയരത്തില്‍ 300 ഏക്കര്‍ വിസ്തൃതമായി കിടക്കുന്ന പാറക്കെട്ടുകളാണ് ഭ്രാന്താചലം. ഇവിടെ നാറാണത്ത് ഭ്രാന്തന്‍ തപസ്സനുഷ്ഠിച്ചു എന്നാണ് വിശ്വാസം.
മലകയറ്റച്ചടങ്ങുകള്‍ക്കായി പതിനായിരങ്ങളാണ് വന്നെത്തിയതെങ്കിലും കൊപ്പം- പേങ്ങാട്ടിരി റോഡും, കൊപ്പം-വളാഞ്ചേരി റോഡും യാത്രായോഗ്യമല്ലാത്തതിനാല്‍ മലകയറ്റയാത്ര ഇത്തവണ ദുരിതപൂര്‍ണമായി.
ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ചാലിശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നായി നൂറോളം പോലിസുകാര്‍ ചേര്‍ന്ന് തിരക്കു നിയന്ത്രിച്ചാണ് മലകയറ്റം സുഗമമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക