|    Jun 24 Sun, 2018 10:06 pm
FLASH NEWS
Home   >  News now   >  

നാരായം സിനിമയിലെ കഥാനായിക ഗോപാലിക അന്തര്‍ജനം പടിയിറങ്ങുന്നു

Published : 16th March 2016 | Posted By: sdq

gopalika antharjanam

നഹാസ് നിസ്താര്‍

പെരിന്തല്‍മണ്ണ: 1993ല്‍ പുറത്തിറങ്ങിയ ‘നാരായം’ സിനിമക്ക് കഥാ തന്തുവായ ഗോപാലിക അന്തര്‍ജനം സ്‌കൂള്‍ ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നത് പൂര്‍ണ്ണ സംതൃപ്ത്തിയോടെ. ഇവരുടെ അധ്യാപനജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് നാരായം സിനിമ. 29 വര്‍ഷം കുട്ടികള്‍ക്ക് അറബി ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ അറബിക് അധ്യാപിക ഗോപാലിക അന്തര്‍ജനം ഔദ്യോഗിക ജീവിതത്തില്‍നിന്നാണ് പടിയിറങ്ങുന്നത്. മലപ്പുറം മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട് ജി.എല്‍.പി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഇവര്‍ക്ക് നാട്ടുകാരും സഹപ്രവര്‍ത്തകരും യാത്രയയപ്പ് നല്‍കി. അറബിക് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ സ്ത്രീയായ ഗോപാലിക അന്തര്‍ജനം മാര്‍ച്ച് 31നാണ് വിരമിക്കുന്നത്. 1982ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള മാനേജ്‌മെന്റ് സ്‌കൂളിലായിരുന്നു ആദ്യനിയമനം. അവിടെ ജോലി ചെയ്യാന്‍ സാധിച്ചത് വെറും ആറ് ദിവസമായിരുന്നു.
ബ്രാഹ്മണസ്ത്രീ അറബി പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ രംഗത്തുവന്നതാണ് പ്രശ്‌നമായത്. ജോലിയില്‍നിന്ന് പിരിച്ചു വിടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സ്‌കൂളിലെ ജോലി അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ്
ആവശ്യപ്പെട്ടു. ജോലിയുപേക്ഷിച്ച് സ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍ വെറുതെയിരിക്കാന്‍ തയാറായിരുന്നില്ല അവര്‍. അധ്യാപക ജോലിയില്‍തന്നെ തുടരണമെന്ന താല്‍പര്യത്തില്‍ നിയമത്തിന്റെ വഴിക്ക് തിരിഞ്ഞു. ഈ സംഭവം അക്കാലത്ത് വാര്‍ത്താപ്രാധാന്യം നേടുകയും സര്‍ക്കാര്‍ തലങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോടതിയില്‍ സ്‌പെഷന്‍ കേസ് ഫയല്‍ ചെയ്ത് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നില്ല. കോടതി അനുകൂലവിധി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി വഴി 1989ല്‍ വണ്ടൂര്‍ തിരുവാലി ജി.എല്‍.പി സ്‌കൂളിലായിരുന്നു ആദ്യ നിയമനം. 10 വര്‍ഷമാണ് ഈ സ്‌കൂളില്‍ ജോലി ചെയ്തത്. ഇതിന് മുമ്പ് എംപ്‌ളോയ്‌മെന്റ് വഴി എടപ്പറ്റ ജി.എല്‍.പി സ്‌കൂളിലും 1987ല്‍ പാലക്കാട് പെരിങ്ങോട് സ്‌കൂളിലും 10 മാസത്തെ അധ്യാപനം. പിന്നീട് 17 വര്‍ഷത്തോളമായി ചെമ്മാണിയോട് സ്‌കൂളില്‍ കുട്ടികളുടെ പ്രിയ
അധ്യാപികയായിരുന്നു ഗോപാലിക. കുന്നംകുളം ഭട്ടി തെക്കേടത്ത് പരേതനായ നീലകണ്ഠന്റെയും ലീല അന്തര്‍ജനത്തിന്റെയും മകളാണ്.
പുതിയൊരു ഭാഷ പഠിച്ച് ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ അറബി പഠിക്കാന്‍ കുന്നംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ ചേരാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ മാതാപിതാക്കള്‍ സ്‌നേഹപൂര്‍വം അനുവാദം നല്‍കിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവ് ചെമ്മാണിയോട് പനയൂര്‍മന നാരായണന്‍ നമ്പൂതിരി നല്‍കിയ ധൈര്യം ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സഹായകമായി. മലബാറിലെ പ്രശസ്തമായ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ മേല്‍ശാന്തിക്കാരാണ് ടീച്ചറുടെ കുടുംബം. ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ‘ഫാക്വല്‍റ്റി ഓഫ് ലാംഗ്വേജ്’ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ ഇവരെ ആദരിച്ചിരുന്നു. ടീച്ചറുടെ ശിഷ്യരില്‍ പലരും വിദേശരാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുണ്ട്. മേലാറ്റൂര്‍ അക്കരക്കുളം ജി.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ സനില്‍കുമാര്‍, അനില (ബംഗളൂരു) എന്നിവര്‍ മക്കളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss