|    Mar 23 Thu, 2017 9:50 pm
FLASH NEWS

നാരദ ന്യൂസ് ഉടമയെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു; സിപിഎമ്മും കോണ്‍ഗ്രസ്സും പ്രതിഷേധിച്ചു

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: നാരദ ന്യൂസ് സിഇഒ മലയാളിയായ മാത്യു സാമുവലിനെ പോലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രി അമേരിക്കയില്‍നിന്നു മടങ്ങുന്നതിനിടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് മാത്യു സാമുവലിനെ കസ്റ്റഡിയിലെടുത്തത്. വിമാനത്തില്‍ നിന്ന് ഇറങ്ങിവന്ന അദ്ദേഹത്തെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും കൊല്‍ക്കത്ത പോലിസിനു വിവരം കൈമാറുകയുമായിരുന്നു. ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കോര്‍പറേഷന്‍ മേയറുടെ പരാതിയില്‍ പോലിസ് മാത്യുസാമുവലിനെതിരേ കേസെടുത്ത് തിരച്ചില്‍നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസ് മന്ത്രി സോവന്‍ ചാറ്റര്‍ജിയുടെ ഭാര്യയായ രത്‌ന ചാറ്റര്‍ജിയായിരുന്നു  പരാതിക്കാരി. ചാറ്റര്‍ജിയടക്കമുള്ള മന്ത്രിമാരും എംപിമാരും ഉള്‍പ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതായി നാരദ ന്യൂസിന്റെ ഒളികാമറ ദൃശ്യങ്ങളില്‍ വന്നിരുന്നു.
വ്യാജ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിച്ചു. ക്രിമിനല്‍ ഗൂഢാലോചന നടത്തി തുടങ്ങിയവയാണ് മാത്യു സാമുവലിനെതിരായ പരാതി. കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് രണ്ട് തവണയാണ് മാത്യു സാമുവലിനെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
സംഭവത്തില്‍ പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷകക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസ്സും രംഗത്തുവന്നു. സത്യംപുറത്തുകൊണ്ടുവന്നതിനാലാണ് മാത്യുസാമുവലിനെതിരായ നടപടിയെന്നും ഇത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍വേണ്ടിയാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി സൂര്യകാന്ത മിശ്ര ആരോപിച്ചു. നാരദ ന്യൂസിന്റെ വെളിപ്പെടുത്തല്‍ എന്തുവിലകൊടുത്തും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് അബ്ദുല്‍മന്നാന്‍ പറഞ്ഞു. അതേസമയം, കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് അറസ്‌റ്റെന്ന് മാത്യു സാമുവലിന്റെ അഭിഭാഷകന്‍ ഷമീം അഹമ്മദ് പറഞ്ഞു.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക