|    Nov 24 Fri, 2017 1:08 pm
FLASH NEWS

നായ്ക്കള്‍ തെരുവ് കീഴടക്കി; മൗനംപാലിച്ച് തദ്ദേശ സ്ഥാപനങ്ങള്‍

Published : 29th August 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ തെരുവുകള്‍ തെരുവുനായകള്‍ കീഴടക്കുന്നു. ഇന്നലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ കൈവിരലിന് സാരമായി മുറിവേറ്റു. പാതിരിച്ചാല്‍ കുന്നത്ത് സുനിലിന്റെ മകള്‍ ആന്‍സ് മരിയ(4)ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ മാതാപിതാക്കളാണ് നായയില്‍ നിന്നു രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വലതുകൈയിലെ രണ്ടു വിരലുകള്‍ക്കാണ് പരിക്കേറ്റത്.
മാനന്തവാടിയില്‍ ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. താലൂക്ക് ഓഫിസിലെ ജീവനക്കാരന്‍ അപ്പപ്പാറയിലെ ഒരു വീട്ടമ്മ, 11 വയസ്സുകാരി എന്നിവര്‍ക്കാണ് ഇതിനു മുമ്പ് നായയുടെ കടിയേറ്റത്. എന്നാല്‍, നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാന്‍ ഇതുവരെ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
തെരുവുനായ ശല്യത്തിന് പരിഹാരം തേടി വിവിധ സംഘടനകളും സമരരംഗത്തിറങ്ങിട്ടുണ്ട്. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, പുല്‍പ്പള്ളി, പനമരം, മേപ്പാടി, അമ്പലവയല്‍, പടിഞ്ഞാറത്തറ, കമ്പളക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.
വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായകള്‍ ഭീഷണിയാവുന്നു. വെള്ളമുണ്ട, നിരവില്‍പ്പുഴ പ്രദേശങ്ങളില്‍ തെരുവുനായകളുടെ കടിയേറ്റവര്‍ നിരവധിയാണ്.
മുണ്ടേരിയില്‍ കൈക്കുഞ്ഞുമായി റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ നായകള്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി.
ടൗണുകളില്‍ മല്‍സ്യ-മാംസ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് തെരുവുനായ ശല്യം കൂടുതല്‍. മാംസത്തിന്റെയും മല്‍സ്യത്തിന്റെയും അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇതിനു കാരണം. സ്‌കൂള്‍ പരിസരങ്ങളിലും നഴ്‌സറി, അങ്കണവാടി എന്നിവിടങ്ങള്‍ക്ക് സമീപവും തെരുവുനായ ശല്യം രൂക്ഷമാണ്.
ഭീതിയോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കയക്കുന്നത്. അതിരാവിലെ ജോലിക്കിറങ്ങുന്ന പത്രവിതരണക്കാരും ക്ഷീരകര്‍ഷകരും തെരുവുനായകളെ ഭയന്നാണ് സഞ്ചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക