|    Nov 15 Thu, 2018 7:45 am
FLASH NEWS
Home   >  News now   >  

നായ്ക്കളുടെ സ്വന്തം നാട്

Published : 22nd August 2016 | Posted By: G.A.G

കുറച്ചു കാലം മുമ്പു നടന്ന സംഭവമാണ്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ അകപ്പെട്ടു. സാധാരണരീതിയിലൊന്നും സംഭവത്തെ ന്യായീകരിച്ചു ശരിയാക്കുക സാധ്യമല്ല. അപ്പോഴാണല്ലോ പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ സ്വന്തം മിടുക്ക് പ്രകടമാക്കേണ്ടത്. ലേഖകന്‍ എഴുതി ‘ സഖാവ് ക്ഷിപ്രകോപിയാണെന്നറിഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ imthihan-SMALLമുന്നോട്ടേക്കു വരികയായിരുന്നു’ അതോടെ ആക്രമണത്തിന്റെ  ഉത്തരവാദിത്വം ആക്രമിക്കപ്പെട്ടവരിലേക്കു മാറി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
അറുപതോളം നായ്ക്കള്‍ ചേര്‍ന്ന്  ഒരു വൃദ്ധയെ കടിച്ചുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്ര വനിത-ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധിയുടെ പ്രതികരണമാണ് പഴയ സംഭവം സ്മൃതിപഥത്തിലേക്കു വീണ്ടും കൊണ്ടുവന്നത്. ബീച്ചിലേക്കു പോയ സ്ത്രീയുടെ കൈവശം മാംസഭാഗം എന്തോ ഉണ്ടായിരുന്നിരിക്കണം അല്ലാതെ വെറുതെ നായ്ക്കള്‍ ആക്രമിക്കില്ല എന്നാണ് മേനക സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. നായ്ക്കളെ വന്ധ്യംകരിക്കാത്തതു മൂലമാണ് അവ കടിക്കുന്നതെന്നും വന്ധ്യകരിച്ച നായ്ക്കള്‍ കടിക്കുകയില്ലെന്ന നൂതന കണ്ടുപിടുത്തം കൂടി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു അവര്‍.
ഒന്നാമതായി മേനകാമ്മ കരുതുന്നതു പോലെ വൈകുന്നേരം കാറ്റുകൊളളാനും സായന്തനസൂര്യനോടും കടല്‍ക്കാറ്റിനോടും കൂട്ടുകൂടി സല്ലപിക്കുവാനും കുഞ്ഞുകുട്ടി പരാധീനങ്ങളും കബാമ്പും ബര്‍ഗറുമെല്ലാമായികടപ്പുറത്ത് പോയതല്ല അവര്‍. പരമ്പരാഗത മല്‍സ്യത്തൊഴിലാളി കുടുംബാംഗമായ ആ സ്ത്രീ സ്വന്തം വീട്ടുമുറ്റത്തു വെച്ചാണ് ആക്രമിക്കപ്പെട്ടത്. അമ്മയെ രക്ഷിക്കാന്‍ മുന്നോട്ടു വന്ന അവരുടെ മകന്‍ കടലില്‍ ചാടിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.
പിന്നെ വന്ധ്യകരണത്തിന്റെ കാര്യം. വന്ധ്യംകരിക്കപ്പെട്ടതു കൊണ്ട് പട്ടി കടിക്കപ്പെടില്ലെന്ന് മന്ത്രിക്ക് എവിടുന്നു കിട്ടിയ വിവരണമാണോ ആവോ ? സൈന്യത്തിലും പോലീസിലുമൊക്കെ സേവനമനുഠിക്കുന്ന പരാക്രമശാലികളായ പല നായ്ക്കളും വന്ധ്യകരിക്കപ്പെട്ടവയാണെന്ന വിവരം മന്ത്രിയമ്മ അറിയാതിരിക്കാന്‍ വഴിയില്ല. ഇനി മന്ത്രിയുടെ വാദം ശരിയാണെന്നു തന്നെ അംഗീകരിക്കുക. മന്ത്രിയുടെ കണക്കനുസരിച്ചു തന്നെ രണ്ടരലക്ഷം തെരുവ് നായ്ക്കളുണ്ട് കേരളത്തില്‍. ഇവയില്‍ ഒരു ശതമാനത്തെ മാത്രമാണ് വന്ധ്യംകരിക്കുന്നതില്‍ വിജയിച്ചത്. ഇപ്പോഴത്തെ അനുപാതം വെച്ചു നോക്കിയാല്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ടു പോലും ലക്ഷ്യം പൂര്‍ത്തീകരിക്കുക സാധ്യവുമല്ല.
എന്നാല്‍ വിഷയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും  മേനകാഗാന്ധിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനും യാതൊരു ന്യായീകരണവുമില്ലെന്ന് പറയാതിരിക്കാനാവില്ല. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന സുപ്രീംകോടതി വിധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ അത്യധികം ഉദാസീനമായാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ടൂറിസത്തിന്റെ വ്യാപനത്തിനായി മദ്യലഭ്യത വര്‍ധിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ തെരുവ്‌നായ്ക്കളുടെ നിര്‍വ്യാപനത്തിന് മേനകാകടാക്ഷത്തിനപ്പുറത്തേക്കുളള നടപടികള്‍ കൈകൊളളുന്നില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് എന്ന ബോര്‍ഡ് മാറ്റി നായ്ക്കളുടെ സ്വന്തം നാട് എന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss