|    Nov 19 Mon, 2018 8:17 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നാമജപ പുരസ്‌കാരം മുഖ്യമന്ത്രി പിണറായിക്ക്‌

Published : 21st October 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നല്ല കാലമാണ്. ജ്യോതിഷ ശാസ്ത്രപ്രകാരമാണെങ്കില്‍ ശുക്രദശാകാലം. വ്യാഴം അഷ്ടമത്തില്‍ നിന്ന് മറയുകയും ശുക്രന്‍ പരമോന്നതിയില്‍ നില്‍ക്കുകയും ചെയ്യുന്നതിനാല്‍ ശുഭകാലം. സന്തുഷ്ട ജീവിതം, കീര്‍ത്തി, ഉദ്യോഗപ്രാപ്തി, സജ്ജനസംഗമം, പുത്രപൗത്രാദി വര്‍ധന, ധനധാന്യസമൃദ്ധി, സുഷുപ്തിയുടെ കാലം… പഴമക്കാരുടെ വാക്കുകളില്‍ പറഞ്ഞാല്‍ വച്ചടി വച്ചടി കയറ്റം. പുണ്യപുരാതനമായ ശബരിമല പൂങ്കാവനത്തില്‍ നാമജപ സമരങ്ങളും പെണ്ണുങ്ങളുടെ കയറ്റവും ഇറക്കവും അടിയും പിടിയും അരങ്ങേറുമ്പോള്‍ ആദരങ്ങളും മനസ്സ് കുളിര്‍ക്കുന്ന വാക്കുകളും ഏറ്റുവാങ്ങി വിദേശത്ത് സുഖമായി കഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കൈയാളുന്ന ഒരാള്‍ക്ക് ഇതിലപ്പുറം ഭാഗ്യം എന്താണുള്ളത്. ഇത് ശുക്രദശയുടെ ഗുണമല്ലാതെ മറ്റെന്താണ്? ചരിത്രത്തില്‍ ഇല്ലാത്തവിധം കാലവര്‍ഷക്കെടുതിയില്‍ കേരളം വിറങ്ങലിച്ചുനിന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈ ദശയുടെ ആരംഭം എന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്. പ്രളയത്തെ നേരിടാന്‍ ജനകീയ ഏകോപനം നടത്തിയതിലൂടെ മുഖ്യമന്ത്രിക്ക് ലഭിച്ച കീര്‍ത്തി എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ ധീരതയോടെ മോചിപ്പിച്ച മുഖ്യമന്ത്രി എന്ന നിലയില്‍ ലോകം മുഴുവന്‍ അദ്ദേഹം പ്രശസ്തിനേടി.
ആരോരുമറിയാതെ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയ ദോഷങ്ങള്‍പോലും വലിയ കീര്‍ത്തിയുടെ മുമ്പില്‍ അലിഞ്ഞില്ലാതായി. മാധ്യമക്കാരെ കണ്ടാല്‍ മുഖംതിരിക്കുന്ന മുഖ്യമന്ത്രി എന്നും മാധ്യമക്കാരെ വിളിച്ചുവരുത്തി മണിക്കൂറുകളോളം വര്‍ത്തമാനം പറയുന്നതും മടുത്ത് മാധ്യമക്കാര്‍ ഒഴിഞ്ഞുപോവുന്നതും നമ്മള്‍ കണ്ടു. മുഖ്യമന്ത്രിയുടെ ശുക്രദശ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാകെയും ലഭിച്ചു. എല്‍ഡിഎഫിന്റെ ശുക്രദശതന്നെയായി അതു മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 18 സീറ്റുകള്‍ നിഷ്പ്രയാസം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം കൈവന്നതും ഈ ദശയുടെ പിന്‍ബലത്താലാണ്. ഓര്‍ക്കാപ്പുറത്താണ് പരമോന്നത നീതിപീഠത്തിന്റെ ശബരിമല ചരിത്രവിധി പുറത്തുവന്നത്. സുപ്രിംകോടതിക്ക് വിധി പുറപ്പെടുവിക്കുകയല്ലാതെ വേറെ പണികളൊന്നും തല്‍ക്കാലം ഇല്ലല്ലോ? ഓരോ വര്‍ഷവും ഒരുകോടിയിലധികം ഭക്തര്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശബരിമലയെ സംബന്ധിച്ച സുപ്രധാനമായ വിധിയാണിത്.
നട തുറക്കാന്‍ ഏതാണ്ട് ഒരുമാസം സമയമുള്ളപ്പോഴായിരുന്നു ഈ വിധി വന്നത്. അതുകൊണ്ട് അതു നടപ്പാക്കാന്‍ ആവശ്യത്തിലേറെ സമയവും ലഭിച്ചു. 12 വര്‍ഷത്തെ വാദങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു വിധി പുറത്തുവന്നത്. ഇതിലെ പരാതിയുമായി കേരള സര്‍ക്കാരിനോ ഇടതുപക്ഷ മുന്നണിക്കോ യാതൊരു ബന്ധവുമില്ല.
പരാതിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് സുപ്രിംകോടതിയാണ് ഈ കേസില്‍ കേരള സര്‍ക്കാരിനെ കക്ഷിയാക്കിയത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ കേസിന്റെ ഒരുഘട്ടത്തിലും ആവശ്യമുന്നയിച്ചിട്ടില്ല. തലമുറകളായുള്ള ആചാരാനുഷ്ഠാനങ്ങളെ ഹനിക്കുന്നവിധം നടപടികള്‍ ഉണ്ടാവരുതെന്നും ഒരു കമ്മീഷനെ നിയോഗിച്ച് വിശദമായി പഠനം നടത്തി ഒരു തീര്‍പ്പുകല്‍പിക്കണമെന്നുമാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ അഭിപ്രായം സുപ്രിംകോടതി പരിഗണിച്ചില്ല. എന്നാല്‍, സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കവും അത്യധികമായ ഉല്‍സാഹവും കാണിച്ചു. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഈ വിധി ഒരു അനുഗ്രഹമായതുപോലെ അനുഭവപ്പെടുകയും ചെയ്തു.
ശബരിമലയും അയ്യപ്പസ്വാമിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു തലവേദന തന്നെയായിരുന്നു. 1957ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടിക്കകത്ത് ശബരിമല വലിയ ചര്‍ച്ചാവിഷയമായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ പൊന്നമ്പലമേട്ടില്‍ ചാക്കുകണക്കിന് കര്‍പ്പൂരം കത്തിച്ച് മകരജ്യോതി തെളിയിക്കുന്നത് അന്നത്തെ പാര്‍ട്ടി കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനത്തിനിടയാക്കി. മാര്‍ക്‌സിസ്റ്റ് പണ്ഡിതനും അധ്യാപക നേതാവുമായിരുന്ന സഖാവ് പി ആര്‍ നമ്പ്യാര്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss