|    Oct 20 Sat, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാനോ മണ്ഡലത്തില്‍ ബിജെപിയോട് റ്റാറ്റ പറയാന്‍ ഗ്രാമീണര്‍

Published : 8th December 2017 | Posted By: kasim kzm

സനാന്‍ദ്: കര്‍ഷക പ്രക്ഷോഭം, വികസനം, ജാതി സന്തുലിതത്വം, വിമതര്‍ തുടങ്ങി ഒരു തിരഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന എല്ലാ പ്രശ്‌നങ്ങളുമുണ്ട് മോട്ടോര്‍ നഗരമായ സനാന്‍ദില്‍ ബിജെപിക്ക്. 2008ലെ സിംഗൂര്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് ടാറ്റാ നാനോ ഫാക്ടറി പശ്ചിമ ബംഗാളില്‍ നിന്ന് മാറ്റി സ്ഥാപിച്ചത് സനാന്‍ദിലാണ്. ഇതിനായി ടാറ്റയ്ക്ക് നിരവധി ഏക്കര്‍ ഭൂമി പതിച്ചുനല്‍കി. ഫോര്‍ഡ് ഉള്‍െപ്പടെയുള്ള നിരവധി മോട്ടോര്‍ കമ്പനികളുടെ നിര്‍മാണ യൂനിറ്റും ഇവിടെയുണ്ട്. 2.43 ലക്ഷം വോട്ടര്‍മാരുള്ള സനാന്‍ദില്‍ കര്‍ഷകരാണ് ഭൂരിഭാഗവും. നര്‍മദയിലെ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ സനാന്‍ദിലെ 32 ഗ്രാമവാസികളും വീരമാംഗം മേഖലയിലെ ഗ്രാമീണരും നടത്തിയ പ്രക്ഷോഭത്തിനു നേരെ പോലിസ് നിഷ്‌കരുണം ലാത്തിച്ചാര്‍ജ് നടത്തി. അന്നു മുതല്‍ പ്രദേശം മൊത്തം സര്‍ക്കാരിനെതിരാണ്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 22 ഗ്രാമീണര്‍ക്കെതിരായ കേസ് പിന്നീട് സര്‍ക്കാര്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിനെതിരായ വികാരത്തിന് കുറവുണ്ടായില്ല. വെള്ളം ചോദിച്ചതിന് തല്ലിച്ച ബിജെപി സര്‍ക്കാരിന് വോട്ടു ചെയ്യില്ലെന്നാണ് ഗ്രാമീണരുടെ ഇപ്പോഴത്തെ നിലപാട്.സനാന്‍ദ് മണ്ഡലത്തില്‍ കോലി പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയാണ് വിധി നിര്‍ണയിക്കുക. ആകെ വോട്ടര്‍മാരില്‍ ആറിലൊന്ന് ഇവരാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ കോലി പട്ടേല്‍ നേതാവ് കൂടിയായ കോണ്‍ഗ്രസ്സിന്റെ കരാംശി മക്‌വാന നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ക്ഷത്രിയ വിഭാഗക്കാരനായ ബിജെപിയുടെ കാമ റാത്തോഡിനെ തോല്‍പിച്ചത്. എന്നാല്‍, കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മക്‌വാന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെതിരേ വോട്ടു ചെയ്യുകയും ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തു. കരാംശി മക്‌വാനയുടെ മകന്‍ കാനു മക്‌വാനയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി. കോലി വിഭാഗത്തില്‍ നിന്നുള്ള വനിതാ സ്ഥാനാര്‍ഥി പുഷ്പ ദാബിയെ മത്സരിപ്പിച്ചാണ് കോണ്‍ഗ്രസ് ഇതിനെ നേരിടുന്നത്. കരാംശി കോ ണ്‍ഗ്രസ്സിലായിരുന്നപ്പോള്‍ അദ്ദേഹത്തിന് വോട്ടു ചെയ്തവരാണ് തങ്ങളെന്നും ഇപ്പോള്‍ മകനു വേണ്ടി എന്തിന് വോട്ടു ചെയ്യണമെന്നുമാണ് ഗ്രാമവാസികള്‍ ചോദിക്കുന്നത്. തങ്ങളുടെ വോട്ടു നേടി വിജയിച്ച അയാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഈ ബിജെപിയാണ് തങ്ങളെ പോലിസിനെക്കൊണ്ട് തല്ലിച്ചത്. കോലി വിഭാഗക്കാരിയായ പുഷ്പ ദാബി മത്സരിക്കുന്നുണ്ട്. അവര്‍ക്കാണ് തങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്നതെന്നാണ് ഉപാര്‍ദാല്‍ ഗ്രാമീണരുടെ നിലപാട്. പ്രതിപക്ഷ എംഎല്‍എ ആയതിനാല്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന വികസനപദ്ധതികളെല്ലാം തള്ളുന്നതുകൊണ്ടാണ് കര്‍മാംശി ബിജെപിയിലേക്ക് മാറിയതെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവരുടെ വാദം. ഈ വാദത്തില്‍ ബിജെപി അഭയം തേടാന്‍ ശ്രമിക്കുമ്പോഴാണ് ബിജെപിയുടെ മുന്‍ എംഎല്‍എ കൂടിയായ കാമാഭായ് റാത്തോഡ് വിമത സ്ഥാനാര്‍ഥിയായി മത്സരരംഗത്തെത്തിയത്. 14 സ്ഥാനാര്‍ഥികളുള്ള മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ശക്തനാണ് റാത്തോഡും.  ബിജെപി സീറ്റു നല്‍കുമെന്ന പ്രതീക്ഷയിലാണ് റാത്തോഡുണ്ടായിരുന്നതെങ്കിലും സീറ്റ് കിട്ടിയില്ല. അതോടെയാണ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സിന്റെ പുഷ്പ ദാബിയാണ് ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി. ബിജെപിയുടെ വോട്ടുകളില്‍ ഒരു വിഹിതം റാത്തോഡ് കൂടി പിടിക്കുന്നതോടെ വിജയം എളുപ്പമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss