|    Oct 19 Fri, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാദിര്‍ഷ നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാവണം ; അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published : 14th September 2017 | Posted By: fsq

 

കൊച്ചി: സിനിമാനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നാദിര്‍ഷ നാളെ രാവിലെ 10ന് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണം നടത്തുന്ന രീതിയെയും അന്വേഷണസംഘത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സിംഗിള്‍ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്ന 18 വരെ തല്‍സ്ഥിതി തുടരണമെന്നും ഉത്തരവിട്ടു. അതിനാല്‍ ഈ കാലയളവില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിയില്ല. പലതവണ ചോദ്യം ചെയ്തിട്ടും തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടി നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. കൂട്ടബലാല്‍സംഗം അടക്കമുള്ള വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് ഹരജി പരിഗണന യ്‌ക്കെടുത്ത ഉടന്‍ കോടതി ആരാഞ്ഞു. വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ആദ്യം ഒരു കുറ്റപത്രം നല്‍കിയതാണെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ ഈ സമയം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കുറ്റപത്രത്തില്‍ ചേര്‍ത്ത വകുപ്പുകള്‍ കോടതി വിശദമായി പരിശോധിച്ച ശേഷമാണ് കേസിലേക്ക് കടന്നത്. ഫെബ്രുവരി മുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എന്നാണ് തീരുകയെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ഏഴ് മാസമായി നടക്കുന്ന അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ചോദ്യമുന്നയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ട് ആഴ്ചയ്ക്കകം അന്തിമ കുറ്റപത്രം നല്‍കാനാവുമെന്നും ഡിജിപി മറുപടി നല്‍കി. കുറ്റപത്രം നല്‍കിയിട്ടും പ്രതിചേര്‍ത്തവരെ ചോദ്യംചെയ്യുന്നതെന്തിന്, അന്വേഷണം അവസാനിക്കാത്തതെന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഇപ്പോള്‍ നടക്കുന്നത് അന്വേഷണമാണോ തുടരന്വേഷണമാണോയെന്നും കോടതി ചോദിച്ചു. തുടരന്വേഷണമാണെന്ന് ഡിജിപി മറുപടി നല്‍കിയപ്പോള്‍ കോടതിയുടെ നിയമപരമായ അനുമതിയോടെയാണോ തുടരന്വേഷണം നടക്കുന്നതെന്നും തുടരന്വേഷണമാണു നടക്കുന്നതെങ്കില്‍ രണ്ടാഴ്ചയ്ക്കകം നല്‍കുന്നത് അന്തിമ റിപോര്‍ട്ടല്ല, മറ്റെന്തോ ആയിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴൊക്കെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായിട്ടുള്ളതായി നാദിര്‍ഷയ്ക്കു വേണ്ടി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇനിയും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. നാദിര്‍ഷയെ ചോദ്യംചെയ്യുന്നതെന്തിനാണെന്ന് ഈ ഘട്ടത്തില്‍ ഹൈക്കോടതി ഡിജിപിയോട് ചോദിച്ചു. ജയിലില്‍ നിന്നു വന്ന ഫോ ണ്‍കോളുകളുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള ചില കാര്യങ്ങളില്‍ വ്യക്തതയ്ക്കു വേണ്ടിയാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളതെന്ന് ഡിജിപി പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ചോദ്യംചെയ്യാന്‍ നോട്ടീസ് ലഭിച്ചപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായതെന്തിനെന്നു കോടതി ചോദിച്ചു. അസിഡിറ്റിക്ക് ചികില്‍സ തേടുക മാത്രമാണ് ചെയ്തതെന്നു നാദിര്‍ഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാവാനും സഹകരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണു നാളെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശം നല്‍കിയത്. അന്വേഷണവും ചോദ്യംചെയ്യലുമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ച കോടതി സഹകരിക്കാതിരുന്നാല്‍ തുടര്‍നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. തുടര്‍ന്നാണ് 18ന് കേസ് പരിഗണിക്കാന്‍ മാറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss