|    Jul 23 Mon, 2018 8:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

Published : 8th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പോലിസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടി. തെറ്റായി മൊഴി നല്‍കാന്‍ അന്വേഷണസംഘം തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. പലതവണ ചോദ്യം ചെയ്തിട്ടും തനിക്കെതിരേ തെളിവു ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ തന്നെ പോലിസ് വിളിപ്പിച്ചു ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി വിട്ടയച്ചിട്ടുണ്ട്. ഇതുവരെ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുമുണ്ട്.  പലതവണ ചോദ്യം ചെയ്തിട്ടും കുറ്റകൃത്യവുമായി തന്നെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് തെറ്റായി മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ഹരജിയില്‍ പറയുന്നു. നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകള്‍ക്ക് തന്റെ പേരിലുള്ള അപവാദപ്രചാരണം മൂലം സ്‌കൂളില്‍ പോകാന്‍ പോലും മടിയാണ്. മാനസിക സമ്മര്‍ദം മൂലം താന്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്. പ്രതികള്‍ക്കെതിരേ അനാവശ്യ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പോലിസ്. ഇതിന്റെ ഭാഗമായാണ് തെറ്റായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്. തെളിവുണ്ടാക്കാന്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് സമ്മര്‍ദം ചെലുത്തുമെന്ന് ഭയമുള്ളതിനാല്‍ അറസ്റ്റ് തടയണമെന്നും നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹരജിയില്‍ അഭ്യര്‍ഥിക്കുന്നു. അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഇന്ന് കോടതിയുടെ പരിഗണനയ്‌ക്കെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss