|    Jul 17 Tue, 2018 11:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നാദിര്‍ഷയെ പോലിസ് ചോദ്യം ചെയ്തു

Published : 18th September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ പോലിസ് ചോദ്യം ചെയ്തു. ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രാവിലെ തുടങ്ങിയ നടപടികള്‍ അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി ആലുവ പോലിസ് ക്ലബ്ബിലെത്തിയെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഇന്നലെ ചോദ്യം ചെയ്യലിന് മുമ്പായി മെഡിക്കല്‍ സംഘം നാദിര്‍ഷയെ പരിശോധനകള്‍ക്കു വിധേയനാക്കിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയില്ലെന്ന് ചോദ്യം ചെയ്യലിനുശേഷം നാദിര്‍ഷ പ്രതികരിച്ചു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാല്‍ പോലിസ് ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ഭയപ്പെട്ടിരുന്നു. കോടതിയും കേസുമായി ആദ്യമായാണ് ഇടപെടുന്നത്. ആ പേടി ഇപ്പോഴുമുണ്ട്. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും നാദിര്‍ഷ പറഞ്ഞു. ദിലീപിനെതിരേ കേസില്‍ മൊഴി നല്‍കാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആ ഭയമുണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്യലില്‍ അത്തരം നീക്കങ്ങള്‍ ഉണ്ടായില്ലെന്നായിരുന്നു മറുപടി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ നാദിര്‍ഷ ഉറച്ചുനിന്നു. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി തന്നെ വിളിച്ചിരുന്നു. അത് മുന്‍പരിചയത്തിന്റെ പുറത്തല്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയുടെ സെറ്റില്‍ വച്ച് പണം കൈമാറിയെന്ന സുനിയുടെ വെളിപ്പെടുത്തലും നാദിര്‍ഷ തള്ളി. ചോദ്യം ചെയ്യലില്‍ ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണസംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും നാദിര്‍ഷ പറഞ്ഞു. കേസില്‍ ദിലീപും താനും നിരപരാധികളാണെന്നും ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധ്യപ്പെടുത്തുമെന്നും നാദിര്‍ഷ അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ നാദിര്‍ഷയെയും ദിലീപിനെയും ഒരുമിച്ച് വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനോട് നാദിര്‍ഷ പൂര്‍ണമായും സഹകരിച്ചതായി ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss