|    Jul 20 Fri, 2018 6:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാദിര്‍ഷയുടെ മറുപടി തൃപ്തികരമല്ലെന്ന് പോലിസ് ;മുദ്രവച്ച കവറില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

Published : 19th September 2017 | Posted By: fsq

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ബന്ധിപ്പിക്കുന്ന ഘടകങ്ങളുണ്ടോയെന്നത് സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. മുദ്ര വച്ച കവറിലാണ് സമര്‍പ്പിക്കേണ്ടത്. മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. ചോദ്യം ചെയ്യലിന് പോലിസ് ക്ലബിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാവാന്‍ കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കവേ കോടതി നാദിര്‍ഷയോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ഹാജരായെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അന്ന് ചോദ്യം ചെയ്യാനായില്ല. തുടര്‍ന്ന് 17ന് ഹാജരാവാന്‍ നോട്ടീസ് നല്‍കുകയും അന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ചോദ്യംചെയ്തതെന്ന് ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യംചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചതായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ ശ്രദ്ധയില്‍പെട്ട ചില കാര്യങ്ങളെ കുറിച്ചാണ് ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നാദിര്‍ഷ നല്‍കിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചില ചോദ്യങ്ങളോട് വേണ്ട വിധം സഹകരിച്ചില്ല. പല വസ്തുതകളും മറച്ചുവച്ചാണ് മറുപടി നല്‍കിയത്. മറ്റു വഴികളിലൂടെ സ്ഥിരീകരിച്ച ചില സാക്ഷിമൊഴികള്‍ക്കു വിരുദ്ധവും പൊരുത്തപ്പെടാത്തതുമായ മറുപടികളാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കിയത്. നാദിര്‍ഷയുടെ അനാരോഗ്യം മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. നാദിര്‍ഷയുടെ മറുപടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. ഇതുവരെ നാദിര്‍ഷയെ പ്രതിയാക്കിയിട്ടില്ലെന്നും നിലവില്‍ അറസ്റ്റിന്റെ ആവശ്യമില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഈ പശ്ചാത്തലത്തില്‍ ജാമ്യ ഹരജി തള്ളണമെന്നാണ് ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss