|    Sep 20 Wed, 2017 9:29 am
Home   >  Todays Paper  >  Page 5  >  

നാദാപുരത്ത് പകയുടെ ചോരചിന്തി വീണ്ടും സിപിഎം

Published : 14th August 2016 | Posted By: SMR

murder

പി സി അബ്ദുല്ല

വടകര: പകയും പ്രതികാരവും പരസ്യമായി പ്രഖ്യാപിച്ച് രണ്ടു മാസത്തോളമായി രക്തദാഹവുമായി അലഞ്ഞ നാദാപുരത്തെ സിപിഎം കൊലയാളികളുടെ വാള്‍മുനയിലേക്ക് യൂത്ത് ലീഗുകാരനായ യുവാവിനെ എറിഞ്ഞു കൊടുത്തത് പോലിസും മുസ്‌ലിം ലീഗും. പോലിസ് സംവിധാനങ്ങളുടെ ഗുരുതര വീഴ്ചയും ലീഗ് നേതൃത്വത്തിന്റെ കുറ്റകരമായ നിസ്സംഗതയുമാണ് കടത്തനാടന്‍ മേഖലയില്‍ വീണ്ടും ടിപി മോഡല്‍ ക്രൂരകൃത്യത്തിന് സിപിഎമ്മിന് അവസരമൊരുക്കിയതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിപി വധവുമായി ഒട്ടേറെ സമാനതകളുള്ളതാണ് തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം.
ഇക്കഴിഞ്ഞ ജൂണ്‍ 15ന് മാറാട് പ്രത്യേക കോടതി കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലം ഉള്‍പ്പെടെയുള്ള ലീഗുകാരെ വെറുതെവിട്ടത് മുതല്‍ പരസ്യമായ കൊലവിളിയുമായി സിപിഎം അവരുടെ പിന്നാലെയുണ്ടായിരുന്നു. കോടതി വെറുതെവിട്ടാലും പാര്‍ട്ടി കോടതി ഷിബിന്‍ കേസ് പ്രതികളെ വെറുതെവിടില്ലെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സിപിഎമ്മുകാര്‍ ദിവസങ്ങളോളം കൊലവിളി നടത്തിയത് തേജസ് ഉള്‍പ്പെടെ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പോലിസും മുസ്‌ലിം ലീഗ് നേതൃത്വവും ഇത് മുഖവിലയ്‌ക്കെടുത്തില്ല. വെറുതെവിട്ടവര്‍ക്കു നേരെ പല കോണുകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് കോടതിവിധി വന്ന ആദ്യദിവസങ്ങളില്‍ പോലിസ് ജാഗ്രത പാലിച്ചിരുന്നു. എന്നാല്‍, പിന്നീട് പോലിസ് ആ വഴി മറന്നു.
ഷിബിന്‍ കേസില്‍ കോടതി വിട്ടയച്ചവരെ സിപിഎം വേട്ടയാടുന്നതായി തൂണേരിയിലെയും നാദാപുരത്തെയും ലീഗ് പ്രവര്‍ത്തകര്‍ ലീഗ് ജില്ലാ-സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പിണറായി വിജയനുള്‍െപ്പടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ലീഗ് നേതാവ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും പരിഹാരമുണ്ടാക്കണമെന്നും ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലീഗിന്റെ ഭാഗത്തുനിന്ന് അത്തരം നടപടികളൊന്നുമുണ്ടായില്ല. മാത്രവുമല്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ഉതകുംവിധമുള്ള മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെന്ന ആക്ഷേപവും ശക്തമാണ്.
സംസ്ഥാനത്ത് മാറാട് കഴിഞ്ഞാല്‍ പോലിസിന്റെ അതീവ ജാഗ്രതാ നിര്‍ദേശമുള്ള മേഖലയാണ് നാദാപുരം. എടച്ചേരി, നാദാപുരം, വളയം, കുറ്റിയാടി പോലിസ് പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രാപകല്‍ സുരക്ഷയും നിരീക്ഷണവും വേണമെന്നാണു നിര്‍ദേശം. ഈ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രത്യേക രഹസ്യാന്വേഷണ വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മേഖലയിലെ നേരിയ രാഷ്ട്രീയ സംഭവ വികാസങ്ങളും സംഘര്‍ഷസാധ്യതകളും അനുദിനം വിലയിരുത്തി നടപടി സ്വീകരിക്കണമെന്ന സംവിധാനമാണ് നിലനില്‍ക്കുന്നത്. സംഘര്‍ഷസാധ്യതാ പ്രദേശങ്ങളില്‍ പുറത്തുനിന്നുള്ള രാഷ്ട്രീയ കുറ്റവാളികള്‍ കടന്നുകയറുന്നത് കണ്ടെത്തണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
എന്നാല്‍, ഈ പോലിസ് സംവിധാനങ്ങളെയൊക്കെ നോക്കുകുത്തിയാക്കിയാണ് ഷിബിന്‍ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗുകാരനെതിരേ സിപിഎം രാഷ്ട്രീയവിധി നടപ്പാക്കിയത്. കൊല്ലപ്പെട്ട അസ്‌ലമിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ ടിപി മോഡലില്‍ കൊല ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക സൂചനകള്‍. സിപിഎമ്മിന്റെ ഭീഷണി നേരിടുന്ന യുവാവിനെ നാളുകളായി കൊലയാളി സംഘം പിന്തുടരുന്നത് കണ്ടെത്തുന്നതി ല്‍ പോലിസിനു ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ആഴത്തിലുള്ള 67 വെട്ടുകളുമായി യുവാവിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞ സംഘത്തെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തതും പോലിസിന്റെ വീഴ്ചയ്ക്കു തെളിവായി.
2015 ജനുവരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തൂണേരിയില്‍ വ്യാപക അക്രമവും കൊള്ളയുമാണ് അരങ്ങേറിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. പ്രദേശത്ത് സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കുമ്പോഴും ഷിബിന്റെ ഓര്‍മകളുയര്‍ത്തി വിദ്വേഷ രാഷ്ട്രീയം നിലനിര്‍ത്താനാണ് സിപിഎം ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഷിബിന്റെ പിതാവിനെ മല്‍സരരംഗത്തിറക്കിയെങ്കിലും പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി. അണികള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് തിരിച്ചറിഞ്ഞ സിപിഎം പകയും പ്രതികാരവുമായി അണികളെ കൂടെനിര്‍ത്താന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലയെന്നാണ് വിലയിരുത്തപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക