|    Nov 14 Wed, 2018 12:07 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നാദാപുരത്തിന്റെ ദുര്‍വിധി

Published : 15th August 2016 | Posted By: SMR

ഒരു 19 വയസ്സുകാരന്‍ കൂടി അറുകൊല ചെയ്യപ്പെട്ടതോടെ നാദാപുരത്തിന്റെ ചോരക്കറ പുരണ്ട രാഷ്ട്രീയചരിത്രത്തില്‍ ഒരധ്യായം കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇത്തവണ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ് കൊലക്കത്തിക്കിരയായത്. പിതാവില്ലാത്ത ഒരു കുടുംബത്തിലെ ഏക ആണ്‍തരി. വിധവയായ മാതാവിനും അനാഥകളായ രണ്ടു സഹോദരിമാര്‍ക്കും ഉള്ള ഒരേയൊരു ആശ്രയം. വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരൊത്ത് പോവുന്നതിനിടെ വാഹനത്തിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടിനുറുക്കുകയായിരുന്നു. സിപിഎമ്മാണ് കൊലയ്ക്കു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു. സാമൂഹികമാധ്യമങ്ങളിലും പാര്‍ട്ടികേന്ദ്രങ്ങളിലും ആഹ്ലാദാരവങ്ങള്‍ ഉയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ ആരോപണം ശരിവയ്ക്കുന്നു. അതുകൊണ്ട് പോലിസിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവേണ്ടതാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.
നാദാപുരത്തെക്കുറിച്ച് എഴുതിയും പറഞ്ഞും പതംവന്ന വാക്കുകള്‍ വെറുതെ ആവര്‍ത്തിക്കേണ്ടതില്ല. കച്ചവടത്തിലും രാഷ്ട്രീയ കൊള്ളക്കൊടുക്കലുകളിലും അന്യോന്യം വിശ്വസിച്ചും കല്യാണസദ്യകളില്‍ പരസ്പരം സുഖിപ്പിച്ചും കഴിയുന്ന നേതാക്കള്‍ ആ വിശ്വാസവും സുഖവും താഴോട്ടു പകര്‍ന്നാല്‍ തീരുന്നതാണ് നാദാപുരത്തിന്റെ പ്രശ്‌നങ്ങള്‍. പക്ഷേ, സദ്യയുണ്ട് പിരിയുന്നവര്‍ പകയുടെ കനലെരിയിച്ചു പാവം പ്രവര്‍ത്തകരുടെ ഉള്ളില്‍ കൊളുത്തിവയ്ക്കുകയാണ്. ആ കനലുകള്‍ കാട്ടുതീയായി ഇടയ്ക്കിടെ കത്തിപ്പടര്‍ന്ന് നാലുപതിറ്റാണ്ടായി ഈ പ്രദേശങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നു. കാലപ്പഴക്കംകൊണ്ടെങ്കിലും പകയുടെ പഴങ്കഥകളില്‍ അഭയംതേടിയവര്‍ ഇത്തിരി പരുവപ്പെടുമെന്നു പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായിക്കാണുന്നില്ല.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ഷിബിന്‍ വധമാണ് ആ പ്രതീക്ഷകള്‍ തകര്‍ത്തുകളഞ്ഞത്. മുസ്‌ലിം ലീഗുകാരായിരുന്നു പ്രതികള്‍. അതിനെ തുടര്‍ന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകളെ പോലും നാണിപ്പിക്കുന്ന ഏകപക്ഷീയമായ ആക്രമണമാണ് മുസ്‌ലിംകള്‍ക്കെതിരേ സിപിഎം നടത്തിയത്. ആ ആക്രമണങ്ങളില്‍ പ്രകടമായ വംശീയ വൈരത്തിന്റെ ധാരാളിത്തമെങ്കിലും സിപിഎമ്മിനെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുമെന്ന് കരുതിയവരുണ്ട്. അതുണ്ടായില്ലെന്നു മാത്രമല്ല, നിയമവ്യവസ്ഥയെ തന്നെ പരിഹസിക്കുന്നവിധം സിപിഎം നേതാക്കള്‍ പരസ്യമായ കൊലവിളികളുമായി രംഗത്തുവരുകയാണ് ചെയ്തത്. അവിവേകപൂര്‍ണമായ പ്രകോപനങ്ങളിലൂടെ അന്തരീക്ഷം പരമാവധി വിഷമയമാക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ആവതു ചെയ്തു.
ചോദ്യം ഇത്രയേ ഉള്ളൂ. വംശീയ വിരോധത്തിന്റെ മൂശയില്‍ ഊട്ടപ്പെട്ട തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഉപേക്ഷിച്ച് ഉത്തരവാദപ്പെട്ട മതേതര ജനാധിപത്യ പാര്‍ട്ടിയുടെ ചുമതലാബോധം പ്രകടിപ്പിക്കാനും ഗുണ്ടകളെയും കുറ്റവാളികളെയും സംരക്ഷിക്കില്ലെന്നു തീരുമാനിക്കാനും നാദാപുരത്ത് സിപിഎമ്മിനാവുമോ? മറുഭാഗത്ത് തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്തവരെയും ക്രിമിനലുകളെയും കൂടെ കൂട്ടില്ലെന്നും സംരക്ഷിക്കില്ലെന്നും ഉറപ്പിക്കാന്‍ മുസ്‌ലിം ലീഗിനാവുമോ? ഈ രണ്ടു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കൈകളിലാണ്  നാദാപുരത്തിന്റെ വിധി. അതുതന്നെയാണ്  നാദാപുരത്തിന്റെ ദുര്‍വിധിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss