|    Nov 16 Fri, 2018 7:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാദാപുരം: സര്‍വകക്ഷി യോഗത്തില്‍ പോലിസിന് രൂക്ഷ വിമര്‍ശനം

Published : 15th August 2016 | Posted By: SMR

വടകര: നാദാപുരം തൂണേരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ വടകരയില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശനം. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതികളില്‍ മൂന്നാമത്തെയാളാണ് അസ്‌ലം. പ്രതികളെ വെറുതെ വിട്ടതു മുതല്‍ സിപിഎം അണികള്‍ നിരവധി തവണ കൊലവിളി നടത്തിയിട്ടും ഇവര്‍ക്കെതിരേ അക്രമം നടത്തുമെന്ന ഇന്റലിജന്റ്‌സ് റിപോര്‍ട്ടുണ്ടായിട്ടും പോലിസ് വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് വീണ്ടും കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. അസ്‌ലമിനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.
പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാദാപുരം, ആയഞ്ചേരി, തിരുവള്ളൂര്‍, പുറമേരി, തൂണേരി എന്നിവിടങ്ങളില്‍ സമാധാനയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. ഇതിന് അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
അസ്‌ലമിന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇത് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നല്‍കേണ്ട തുക എത്രയെന്ന് നിജപ്പെടുത്തും.
എന്നാല്‍, നേരത്തേ ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ ചിലരുടെ നഷ്ടപരിഹാരത്തുക ഇതുവരെ നല്‍കിയിട്ടില്ലെന്ന് പരാമര്‍ശിച്ചു. അസ്‌ലമിന്റെ കുടുംബത്തിനും അന്ന് നഷ്ടപരിഹാരത്തുക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും യോഗത്തില്‍ അറിയിച്ചു. എത്രയും പെട്ടെന്ന് പഴയ നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. അസ്‌ലം വധവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാപിക്കുന്ന പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. കലാപമുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരെ കുറിച്ച് പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി വിജയകുമാര്‍ പറഞ്ഞു. സൈബര്‍ സെല്ലിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
SING-SHOTസംഘര്‍ഷത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതിന്റെ കണക്കെടുക്കാന്‍ റവന്യൂ അധികൃതരെ നിയോഗിക്കും. ഏതാനും ദിവസത്തിനുള്ളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനും യുക്തമായ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.
കൊലപാതകത്തെയും തുടര്‍ന്നു നടന്ന അക്രമത്തെയും യോഗം അപലപിച്ചു. ജില്ലാ കലക്ടര്‍ എം പ്രശാന്ത് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഇ കെ വിജയന്‍, പാറക്കല്‍ അബ്ദുല്ല, സി കെ നാണു, എഡിഎം ജനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി വിപി സുരേന്ദ്രന്‍, വടകര ഡിവൈഎസ്പി പി രാജു, സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍, വി പി കുഞ്ഞികൃഷ്ണന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ഡിസിസി പ്രസിഡന്റ് കെ സി അബു, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍, ആര്‍ എം റഹീം മാസ്റ്റര്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് കെപി സുരേഷ്, ജെഡിയു ജില്ലാ പ്രസിഡന്റ് വി കുഞ്ഞാലി, ജെഡിഎസ് നേതാവ് കെ ലോഹ്യ, സിവിഎം വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, അഡ്വ. പ്രവീണ്‍കുമാര്‍, വി പി കുഞ്ഞികൃഷ്ണന്‍, എം പി രാജന്‍, ബോബി മൂപ്പന്‍തോട്ടം, പി സോമശേഖരന്‍, കെ പി ബാബു, എഫ് എം അബ്ദുല്ല സംസാരിച്ചു.

 

cpm-shot

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss