|    Jan 16 Mon, 2017 4:35 pm

നാഥനില്ല; മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പ്രവര്‍ത്തനം താളംതെറ്റി

Published : 1st September 2016 | Posted By: SMR

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കുമെന്നു പ്രഖ്യാപിക്കുമ്പോഴും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്ലാത്തതിനെ തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് സര്‍ക്കിളിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. നിലവിലുണ്ടായിരുന്ന സിഐ സ്ഥലം മാറിപ്പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പകരം നിയമിച്ചയാള്‍ ചുമതല ഏറ്റെടുക്കാത്തതാണ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്.
ആഗസ്ത് എട്ടിനാണ് സംസ്ഥാനത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. മാനന്തവാടി സിഐ ആയിരുന്ന വൈ ഷിബു 10നു റിലീവ് ചെയ്ത് തിരുവനന്തപുരം സ്‌ക്വാഡില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. പകരം കൊല്ലത്ത് നിന്ന് ആര്‍ ബാബുവിനെ മാനന്തവാടിയില്‍ നിയമിച്ചെങ്കിലും ഇയാള്‍ ചുമതലയേല്‍ക്കാത്തതാണ് ഓണക്കാലത്തെ പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്. തോല്‍പ്പെട്ടി, ബാവലി ചെക്‌പോസ്റ്റുകള്‍, മാനന്തവാടി റേഞ്ച് എന്നിവയാണ് സര്‍ക്കിളിന്റെ കീഴില്‍.
അതിര്‍ത്തി പ്രദേശം കൂടിയായ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും മയക്കമരുന്ന്, വ്യാജമദ്യം, അനധികൃത മദ്യവില്‍പന, കഞ്ചാവ് കടത്ത് എന്നിങ്ങനെ നിരവധി കേസുകളാണ് ഒരോ മാസവും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സിഐ ഇല്ലാത്തതിനാല്‍ കേസുകള്‍ പിടികൂടാനോ ചാര്‍ജ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വിദേശമദ്യ വില്‍പനശാലകളിലെയും ബിയര്‍, വൈന്‍ പാര്‍ലറുകളിലെയും പരിശോധനയ്ക്കും റേഞ്ച് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ വേണമെന്നാണ് നിയമം. ഓണക്കാലത്തെ അനധികൃത മദ്യവില്‍പന ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി സംസ്ഥാനത്താകെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ പരിശോധന കര്‍ശനമാക്കുകയും വ്യാജമദ്യക്കടത്ത് തടയാന്‍ കര്‍ണാടക-കേരള എക്‌സൈസ് വകുപ്പ് കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഒഴിവില്‍ നിയമനം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കൂടാതെ ചെക്‌പോസ്റ്റുകളിലെയും സര്‍ക്കിള്‍ ഓഫിസിലെയും 20ഓളം ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളം ലഭിക്കാത്ത അവസ്ഥയുമാണ്. ഇവരുടെ ശമ്പള ബില്ല് ഒപ്പിടേണ്ടത് സിഐ ആണ്.
മാനന്തവാടിയില്‍ നിയമനം ലഭിച്ച സിഐ ഉത്തരവിനെതിരേ സ്‌റ്റേ വാങ്ങിയതായും പറയപ്പെടുന്നു. ഓണം അടുത്ത സാഹചര്യത്തില്‍ സിഐയെ നിയമിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നു വിവിധ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക