|    Nov 21 Wed, 2018 5:45 pm
FLASH NEWS

നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇരുനില കോണ്‍ക്രീറ്റ് വീട് നിലംപൊത്തി

Published : 15th August 2018 | Posted By: kasim kzm

ഇരിട്ടി: ഉരുള്‍പൊട്ടലിന് സമാനമായ ദുരന്തമാണ് ഇന്നലെ വൈകീട്ട്് നാലോടെ ഇരിട്ടി നഗരസഭാ പ്രദേശമായ എടക്കാനത്ത് ഉണ്ടായത്. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നോക്കിനില്‍ക്കെ ഇരുനില കോണ്‍ക്രീറ്റ് വീട് നിലംപൊത്തി. കരിക്കോട്ടക്കരി വാളത്തോട്ടെ ഇരുനില കോണ്‍ക്രീറ്റ് വീട് കഴിഞ്ഞ ദിവസം നിലംപൊത്തിയതിന്റെ തനിയാവര്‍ത്തനമായിരുന്നു എടക്കാനത്തെ മഠത്തിനകത്ത് ബേബിയുടെ വീടിനും സംഭവിച്ചത്.
ഇരിട്ടി-എടക്കാനം റോഡില്‍ പുഴയോടു ചേര്‍ന്ന കുന്നിന്‍ചെരുവിലാണ് ബേബിയുടെ വീട്. ഇന്നലെ രാവിലെ ചെറിയതോതില്‍ വീടിനു പിറകില്‍ മണ്ണിടിഞ്ഞു. സമീപവാസികളെത്തി മണ്ണുനീക്കി അപകടഭീഷണി ഒഴിവാക്കി. ഉച്ചയ്ക്ക് ഒന്നിന് വീണ്ടും ഇടിഞ്ഞതോടെ ബേബിയെയും ഭാര്യ മേരിയെയും ബന്ധു വീട്ടിലേക്കു മാറ്റി. വീട്ടുസാധനങ്ങളും. അല്‍പസമയം കഴിഞ്ഞപ്പോള്‍ കുന്നിന്‍ മുകളില്‍നിന്ന് നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകി. വൈകീട്ട് നാലോടെ നൂറ് മീറ്ററോളം വിസ്തൃതിയില്‍ കുന്ന് പൂര്‍ണമായും വീടിനു മുകളിലേക്കിടിഞ്ഞ് താഴുകയായിരുന്നു. ഒന്നാംനില മണ്ണിനടിയിലേക്ക് താഴ്ന്നപ്പോള്‍ രണ്ടാംനില റോഡിലേക്ക് നിലംപൊത്തി. സമീപത്ത് ഒരു കിലോമിറ്ററോളം വിസ്തൃതിയില്‍ വിള്ളലും രൂപപ്പെട്ടു ഇതോടെ പ്രദേശത്തെ എട്ടോളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കുന്നിടിഞ്ഞതിന്റെ മറുവശം കുത്തൊഴുക്കുള്ള പുഴയായതിനാല്‍ നൂറുമീറ്റര്‍ അകലെ റോഡിന്റെ ഇരുവശങ്ങളിലും വടം കെട്ടി ആളുകളെ നിയന്ത്രിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ഡി വൈ എസ്പി പ്രജീഷ് തോട്ടത്തില്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss