|    Feb 24 Fri, 2017 9:54 am
FLASH NEWS

നാട്ടില്‍ പട്ടാളഭക്തി അമിതമായാല്‍

Published : 20th October 2016 | Posted By: SMR

ഹാപ്പിമോന്‍ ജേക്കബ്

ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള കാലത്ത് സൈനികഭക്തിയും ഫാഷിസ്റ്റ് പ്രവണതകളും വര്‍ധിച്ചുവന്ന വേളയില്‍ അമേരിക്കന്‍ പണ്ഡിതന്‍ ഹാറോള്‍ഡ് ലാസ്‌വെല്‍ എഴുതി: ”സൈനിക രാജ്യങ്ങളുടെ നിരയിലേക്ക് ലോകം പോവുകയാണ്. സമൂഹത്തിലെ ഏറ്റവും ശക്തമായ വിഭാഗം കൊലവിദഗ്ധരാവുന്ന കാലം.” അത്തരം അവസ്ഥ ഇന്നു ലോകത്ത് നിലനില്‍ക്കുന്നില്ല. എന്നാല്‍ യുദ്ധോല്‍സുക സമൂഹങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ പലയിടത്തും പല അളവില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. അത് ചോദ്യംചെയ്യപ്പെടാതെ പോവുകയാണെങ്കില്‍ ജനാധിപത്യ സമൂഹങ്ങള്‍ക്ക് ഭീഷണിയായി മാറുമെന്ന് തീര്‍ച്ചയാണ്. രാജ്യത്തെ സമീപകാല പ്രതിഭാസങ്ങള്‍ ഇത്തരം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. രാഷ്ട്രീയമണ്ഡലത്തില്‍ സേനകള്‍ കേന്ദ്രസ്ഥാനത്തേക്കു കയറിവരുന്നുണ്ടോ എന്ന ചോദ്യമാണ് പരമപ്രധാനം.
സൈന്യത്തിന്റെ സര്‍ജിക്കല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ചില ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രസ്താവനകള്‍ കേട്ടാല്‍ തോന്നുക, ഇത്തരം സൈനിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു ചോദ്യമുന്നയിക്കുന്നതും അതിനു തെളിവു ചോദിക്കുന്നതും എന്തോ രാജ്യവിരുദ്ധ പ്രവൃത്തിയാണെന്നാണ്. ഉമാഭാരതി പറയുന്നത്, സൈനികനീക്കത്തിനു തെളിവ് ചോദിക്കുന്നവര്‍ പാകിസ്താന്‍ പൗരത്വം സ്വീകരിക്കണമെന്നാണ്. ഇന്ന് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍- അത് കശ്മീര്‍ പ്രശ്‌നമായാലും മാവോവാദി ആക്രമണങ്ങളായാലും- ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തെറ്റും രാജ്യവിരുദ്ധവുമാണ് എന്ന പ്രചാരണം വ്യാപകമാവുകയാണ്. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ഔദ്യോഗിക വീക്ഷണത്തെ ഖണ്ഡിക്കുന്നത് അതിനപ്പുറമാണ്; അത് രാജ്യദ്രോഹം തന്നെയായി വിലയിരുത്തപ്പെടും.
മാധ്യമങ്ങള്‍ ഇത്തരം പ്രചാരവേലകളെ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. ബുദ്ധിജീവികളാവട്ടെ, ഇത്തരം പ്രചാരവേലകള്‍ ചെറുക്കാന്‍ മടി കാണിക്കുകയാണ്. സേനയുടെ ഉന്നതോദ്യോഗസ്ഥന്‍ ഒരു പ്രസ്താവന നടത്തിയാല്‍ പിന്നെ അതില്‍ തെളിവു ചോദിക്കേണ്ടതില്ല എന്ന് ചിലര്‍. കാരണം, അങ്ങനെ ചെയ്യുന്നത് സേനയിലുള്ള അവിശ്വാസപ്രകടനമായി മാറും. ചിലര്‍ പറയുന്നത്, രാഷ്ട്രീയക്കാര്‍ ഇതില്‍ അഭിപ്രായം പറയേണ്ടെന്നാണ്. കാരണം, അത് സൈനിക നടപടിയാണ്. രണ്ടു വാദങ്ങളും യഥാര്‍ഥത്തില്‍ തെറ്റാണ്. ഭരണകൂടത്തിന്റെ എല്ലാ ഭാഗങ്ങളെയും സംബന്ധിച്ച പരിശോധന ജനാധിപത്യസമൂഹത്തില്‍ അനിവാര്യമാണ്. സേനാവ്യൂഹങ്ങളും ഭരണകൂടത്തിന്റെ ഭാഗം തന്നെയാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണോ എന്നത് വേറെ വിഷയമാണ്. ചില സംഭവങ്ങളില്‍ സേനാപ്രവര്‍ത്തനത്തിന്റെ പേരില്‍ പെരുമ്പറയടിക്കുന്ന സര്‍ക്കാര്‍ തന്നെ സേനയുടെ മനുഷ്യാവകാശലംഘനങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ അത് സൈനികരുടെ മനക്കരുത്തിനെ ബാധിക്കുന്ന വിഷയമാണ് എന്ന് പറഞ്ഞു ചര്‍ച്ച ഒഴിവാക്കുന്നത് രസകരമായ കാഴ്ചയാണ്.
ഇന്ന് സൈനിക സ്വഭാവമുള്ള രാഷ്ട്രീയമണ്ഡലത്തിന്റെ അതിപ്രസരമാണ് രാജ്യത്തു കാണാന്‍ സാധിക്കുന്നത്. രാഷ്ട്രീയ ചര്‍ച്ചകള്‍ പോലും സൈനിക ഭാഷയിലാണ് ഇവിടെ നടക്കുന്നത്. നമ്മുടെ ടിവിയും സിനിമയും ഇത്തരത്തിലുള്ള സൈനിക ഭാഷ അമിതമായി പ്രയോഗിക്കാന്‍ തുടങ്ങുന്നു. ചിലര്‍ സ്റ്റുഡിയോക്കകത്ത് ‘യുദ്ധമുറി’ പോലും തയ്യാറാക്കുന്ന കാലമാണിത്!
രാജ്യം അകത്തുനിന്നും പുറത്തുനിന്നും  ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ശത്രുവിനെക്കുറിച്ചും ഭീഷണിയെക്കുറിച്ചും ഒക്കെയുള്ള വായ്ത്താരികളാണ് കേള്‍ക്കുന്നത്. പാക് കലാകാരന്‍മാരെപ്പോലും ശത്രുക്കളായാണ് ഇപ്പോള്‍ നമ്മള്‍ വീക്ഷിക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം പ്രചാരവേലയുടെ ഭാഗമല്ല എന്നതും ആലോചിക്കേണ്ടതാണ്. ഇത്തരം പ്രവണതകള്‍ നടന്നുകൊണ്ടിരിക്കുന്നത് അതിക്രമങ്ങളുടെ ഒരു അന്തരീക്ഷത്തിലാണ്- വിയോജിക്കുന്നവരോട്, ന്യൂനപക്ഷങ്ങളോട്, വ്യത്യസ്ത നിലപാട് പുലര്‍ത്തുന്നവരോട് കടുത്ത അതിക്രമങ്ങളാണ് നടക്കുന്നത്. ഗാന്ധിജിയും അഹിംസയും പഴയ കാലത്തെ ഓര്‍മകള്‍ മാത്രം. രാജ്യത്തിന്റെ ശത്രുക്കളെ കണ്ടെത്തി അപരവല്‍ക്കരിക്കുന്ന തിരക്കിലാണ് പലരും. ശത്രുക്കളില്‍ സൈനികനീക്കത്തിന് തെളിവു ചോദിക്കുന്ന രാഷ്ട്രീയക്കാര്‍ മുതല്‍ ജെഎന്‍യുവിലെ യുവജനം വരെ ഉള്‍പ്പെടും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ അക്രമത്തിന്റെയും തിരിച്ചടിയുടെയും ഭാഷ നമ്മുടെ നിത്യജീവിത വ്യവഹാരത്തിന്റെ ഭാഗമായി മാറുന്നത്?
വ്യത്യസ്താഭിപ്രായങ്ങള്‍ തെറ്റായ നിലപാടുകളായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. സുരക്ഷാ ഏജന്‍സികളുടെ നിലപാടുകള്‍ മൊത്തം സമൂഹം അംഗീകരിക്കണമെന്ന നിര്‍ബന്ധബുദ്ധിയും ഉയര്‍ന്നുവരാവുന്നതാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇങ്ങനെ രാജ്യവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. സൈനിക പ്രത്യേകാധികാര നിയമത്തെ ചോദ്യംചെയ്യുന്നതു തന്നെ തെറ്റ് എന്ന നിലയിലാണ് വാദമുഖങ്ങള്‍ വരുന്നത്. സുരക്ഷയുടെ പേരില്‍ ജനാധിപത്യാവകാശങ്ങള്‍ പലതും നിഷേധിക്കപ്പെടുകയാണ്. എതിരഭിപ്രായമുള്ളവരുടെ യാത്ര ചെയ്യാനും കാര്യങ്ങള്‍ പരിശോധിക്കാനുമുള്ള അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുകയാണ്. ‘സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ഭീകരത പ്രോല്‍സാഹിപ്പിക്കുകയാണ്’ എന്നൊക്കെയുള്ള പ്രചാരവേല 1950കളില്‍ ജോസഫ് മക്കാര്‍ത്തിയുടെ നിലപാടുകളെ ഓര്‍മിപ്പിക്കുന്നു: ”ഡമോക്രാറ്റുകള്‍ കമ്മ്യൂണിസത്തിന് അനുകൂലമാണ്.” ഇന്നിപ്പോള്‍  കോണ്‍ഗ്രസ്സുകാര്‍ പോലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നവരായും സൈന്യത്തെ ബഹുമാനിക്കാത്തവരായും ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇത് ചിന്തയെപ്പോലും സര്‍ക്കാര്‍വല്‍ക്കരിക്കുന്ന പരിപാടിയാണ്.
അക്രമത്തിന്റെ വിദഗ്ധന്‍മാരായി പുതിയൊരുതരം ബുദ്ധിജീവികള്‍ അരങ്ങത്തുവന്നിട്ടുണ്ട്. റിട്ടയേഡ് ജനറല്‍മാരും മറ്റുമാണ് ഇവര്‍. രാഷ്ട്രീയമായ സങ്കുചിത നിലപാടുകള്‍ പറയാന്‍ ഇവരില്‍ പലരും ഒരു മടിയും കാണിക്കുന്നില്ല. സൈനിക വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്ന കൂട്ടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് അവരുടെ പ്രഫഷനല്‍ അന്തസ്സിനു നിരക്കുന്നതാണോ? ഒരുകാലത്ത് റിട്ടയര്‍ ചെയ്ത നയതന്ത്രജ്ഞരായിരുന്നു ചാനലുകളിലെ സുരക്ഷാ വിദഗ്ധര്‍; ഇന്നിപ്പോള്‍ അത് റിട്ടയര്‍ ചെയ്ത ജനറല്‍മാരാണ്. നയതന്ത്രമല്ല, യുദ്ധമാണ് വേണ്ടത് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. രാജ്യത്തിന്റെ മൊത്തം നിലപാടുകളിലുള്ള മാറ്റത്തിന്റെ സൂചനയായി ചര്‍ച്ചകളുടെ സ്വഭാവത്തിലുള്ള ഈ മാറ്റത്തെ കാണേണ്ടിവരും.
സമൂഹത്തില്‍ ഇന്നു സൈനികനാണ് താരപദവിയില്‍. രാഷ്ട്രീയക്കാര്‍ക്ക് ഇന്നു പൊതുവില്‍ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. പകരം മധ്യവര്‍ഗസമൂഹത്തിന്റെ ആരാധനാപദവിയില്‍ എത്തിയിരിക്കുന്നത് സൈനികരാണ്. എന്നാല്‍ സൈനിക സേവനത്തില്‍ ഇറങ്ങാന്‍ ഈ കൂട്ടര്‍ക്കു താല്‍പര്യവുമില്ല. അതുകൊണ്ടാണല്ലോ സൈന്യത്തിന്റെ ഓഫിസര്‍ കാഡറുകളിലേക്ക് യോഗ്യരായ വേണ്ടത്ര ആളുകളെ കണ്ടെത്താന്‍ കഴിയാതെ വരുന്നത്. രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാനുള്ള എളുപ്പവഴിയാണ് ഈ സൈനികാരാധന. ഇത്തരം ഇടപാടുകളില്‍ നിന്നു മാറിനില്‍ക്കുന്നവര്‍ ചുരുങ്ങിയത് ‘ഭാരത് മാതാ കീ ജയ്’ എന്ന് എല്ലാവരും കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെ വിളിച്ചുപറയാനെങ്കിലും ബാധ്യസ്ഥരാണ്!
ഈ കോലാഹലത്തിനിടയിലും പക്ഷേ, സൈന്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ഉദാഹരണത്തിന്, സൈനികര്‍ സേവകവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സഹായക് സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നു. ഓഫിസര്‍മാരുടെ വീട്ടുപണിയാണ് അവര്‍ ചെയ്യേണ്ടിവരുന്നത്. യഥാര്‍ഥത്തില്‍ നാം ചെയ്യേണ്ടത്, അതിര്‍ത്തിയില്‍ 15-16 മണിക്കൂര്‍ ഒറ്റനില്‍പ്പില്‍ കാവല്‍നില്‍ക്കുന്ന സൈനികന് ന്യായമായ സൗകര്യങ്ങള്‍ ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തലാണ്; അയാളെ ആരാധിച്ചു കൊല്ലുകയല്ല. പരീക്കര്‍ ‘ദേശവിരുദ്ധരുടെ’ പ്രശ്‌നം തീര്‍ത്തുകഴിഞ്ഞാല്‍ രാജ്യത്തിന്റെ പ്രതിരോധമേഖലയിലെ ഗുരുതരമായ മറ്റു പ്രതിസന്ധികളെക്കുറിച്ചു കൂടി ചിന്തിക്കാന്‍ അല്‍പസമയം ചെലവഴിക്കുന്നത് നല്ലതാണ്.
ഈ സര്‍ക്കാരിന്റെ  പ്രവര്‍ത്തനം പരിശോധിച്ചാല്‍ സൈനികവ്യൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതിനെക്കുറിച്ചോ രാജ്യത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചോ അവര്‍ കാര്യമായി ചിന്തിക്കുന്നുവെന്ന് പറയാനാവില്ല. വെറും വാചകമടി കൊണ്ടുതന്നെ വന്‍ നേട്ടം കൊയ്യാനാവുമ്പോള്‍ എന്തിന് അത്തരം മെനക്കെട്ട പണികള്‍ അവര്‍ ചെയ്യണം എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു.
(കടപ്പാട്: ദ ഹിന്ദു)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക