|    Jan 17 Tue, 2017 8:45 pm
FLASH NEWS

നാട്ടില്‍ തോറ്റാലെന്ത്; മറുനാട്ടില്‍ സ്വീകരണം!

Published : 15th November 2015 | Posted By: SMR

പുറത്താണ് പ്രസിദ്ധിയെന്ന് ചിലരെക്കുറിച്ചു വിവരദോഷികളായ നാട്ടുകാര്‍ പറയാറുണ്ട്. നാട്ടിലെ ചില കൂട്ടര്‍ വിദേശ രാജ്യങ്ങളില്‍ വലിയ പേരും പ്രശസ്തിയും സമ്പാദിക്കും. പക്ഷേ, കക്ഷിയുടെ നാട്ടില്‍ ആര്‍ക്കും ആളെക്കുറിച്ചു വലിയ പിടിപാടൊന്നും കണ്ടെന്നുവരില്ല.
അത് അസൂയാലുക്കളായ പാമരജനത്തിന്റെ ജനിതക സ്വഭാവമാണെന്നു വേണമെങ്കില്‍ മോദിജിയുടെ ബിഹാര്‍ പ്രസംഗം ഉദ്ധരിച്ചുകൊണ്ടു പറയാവുന്നതാണ്. നിതീഷ് കുമാറിന്റെ ജനിതക ഘടനയില്‍ തന്നെ തകരാറുണ്ടെന്നാണ് ബിഹാറില്‍ തിരഞ്ഞെടുപ്പു പ്രചാരണം നയിക്കാനെത്തിയ നരേന്ദ്ര മോദിയാശാന്‍ കണ്ടെത്തിയത്. ആള്‍ കേമനായ ഭിഷഗ്വരനാെണന്നു തീര്‍ച്ച. അല്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഒരാളുടെ ജനിതക ഘടനയിലെ തകരാറുകള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും?
പക്ഷേ, ബിഹാരികള്‍ തികഞ്ഞ പാമര ജനം. അവര്‍ പശുവിനെ തീറ്റി പാലും കറന്ന് അങ്ങനെ കഴിഞ്ഞുകൂടുന്ന കൂട്ടരാണ്. മോദിയാശാന്റെ മാഹാത്മ്യമൊന്നും തിരിച്ചറിയാനുള്ള വിവേകം ഇക്കൂട്ടര്‍ക്കില്ല. അതിനാല്‍ അവര്‍ വോട്ട് മാറി ചെയ്തു. നിതീഷും ലാലുവുമാണ് മെച്ചമെന്നാണ് അന്നാട്ടിലെ ജനം തീരുമാനിച്ചത്. മാത്രമല്ല, മൂന്നില്‍ രണ്ടു ഭൂരിപക്ഷവും അവര്‍ക്കു നല്‍കി. മോദിപ്പടയുടെ ഭരണനേട്ടങ്ങളൊന്നും വെറും കഞ്ഞിയായ ബിഹാരികള്‍ അറിഞ്ഞിട്ടില്ലെന്നു തീര്‍ച്ച തന്നെ.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ പുതിയതല്ല. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെ’ന്നു മലയാളികളും പണ്ടേ പറയാറുള്ളതാണ്. മോദിജി മഹാനായ ഭാരതപുത്രനാണ്. പക്ഷേ, ഈ മഹാഭാരതത്തില്‍ കഴിഞ്ഞുകൂടുന്ന വിവരദോഷികള്‍ക്ക് അതൊന്നും അറിയില്ലെന്നു മാത്രം. തീര്‍ച്ചയായും അതു മോദിയാശാന്റെ കുറ്റമല്ല. നാട്ടിലെ ജനത്തിനു വൈകാതെ ബുദ്ധി വികസിച്ചുവരുമെന്ന് അദ്ദേഹത്തിനു പ്രതീക്ഷയുണ്ട്.
എന്നാല്‍, മോദിയാശാന്റെ മാഹാത്മ്യം അറിയാവുന്ന കേമന്മാര്‍ ലോകത്ത് വേറെയുണ്ട്. അവരെയാണ് നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് അഥവാ പരദേശി ഭാരതീയരെന്നു പറയുന്നത്. അവര്‍ നല്ല നേരം നോക്കി തങ്ങളുടെ ജന്മനാട് വിട്ടു മറുദേശത്തു കുടിയേറിയവരാണ്. സായിപ്പിന്റെ നാട്ടില്‍ കുത്തും ചവിട്ടും ഏറ്റിട്ടായാലും റിക്ഷാവണ്ടി വലിച്ചിട്ടായാലും ഇപ്പോള്‍ നല്ല കാശും പണവും സമ്പാദ്യവും ഒക്കെയുള്ള കൂട്ടരാണ്. തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യത്ത് അസാരം പ്രതാപവും ശക്തിയും സ്വാധീനവുമൊക്കെ വേണമെന്ന ആഗ്രഹവും അവര്‍ക്കുണ്ട്.
അവര്‍ക്കു പറ്റിയ പ്രധാനമന്ത്രിയാണ് സാക്ഷാല്‍ നരേന്ദ്ര മോദിയാശാന്‍. നല്ല തിളങ്ങുന്ന പട്ടുകുപ്പായവും ധരിച്ച് ആള്‍ എപ്പോള്‍ വേണമെങ്കിലും അവരെ അനുഗ്രഹിക്കാനായി കുതിച്ചെത്തും. വിദേശ രാജ്യങ്ങളിലാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കു വലിയ പിന്തുണ. കണ്ടില്ലേ, ബിഹാറില്‍ തോറ്റു തൊപ്പിയിട്ട് അരനിമിഷം കളയാതെ ടിയാന്‍ നേരെ വിട്ടത് ബ്രിട്ടിഷ് മഹാറാണിയുടെ അടുത്തേക്കാണ്. പണ്ട് ഈ നാട് വാണരുളിയ മഹാറാണിയാണ്. നമ്മുടെ മാവേലിത്തമ്പുരാനെപ്പോലെ പഴയ പ്രജകളോട് വാല്‍സല്യവും സ്‌നേഹവും കേമം. അതിനാല്‍, മോദിയാശാനും ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. ഭാഗ്യത്തിന്, ഒബാമസായിപ്പിനെ കണ്ടപാടെ കേറി ഉടുമ്പിനെപ്പോലെ കെട്ടിപ്പിടിച്ചമാതിരിയൊന്നും കണ്ടില്ല. മഹാറാണിക്ക് പ്രായം കുറച്ചേറെയായി. അതുകൊണ്ടാവും അതിനൊന്നും മിനക്കെടാതിരുന്നത്.
ലണ്ടനിലെ സ്വീകരണവും പരിപാടികളും ഇരമ്പി. ഒരു മണിക്കൂറിലേറെയാണ് വെംബ്ലി സ്റ്റേഡിയത്തില്‍ മഹാനവര്‍കളുടെ പ്രഭാഷണം നടന്നത്. ഇന്ത്യയില്‍ ചിലര്‍ നടത്തുന്നതായി പറഞ്ഞുകേള്‍ക്കുന്ന അതിക്രമങ്ങളും തോന്ന്യാസങ്ങളുമൊന്നും ടിയാന്‍ അറിഞ്ഞ ഭാവമില്ല. മഹാജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഒരു കൂട്ടര്‍ക്കും യാതൊരു പ്രയാസവും ഇവിടെ ഉണ്ടാവുന്നതല്ല എന്നാണ് മോദിമൊഴി. ബ്രിട്ടിഷുകാരും അവരുടെ ഇന്ത്യന്‍ പ്രജകളും അതു കേട്ട് സന്തുഷ്ടരായി.
സ്റ്റേഡിയത്തില്‍ 60,000ലധികം പേരാണത്രേ അണിനിരന്നത്. അവര്‍ക്കു വരാന്‍ പ്രത്യേകം ബസ്സുകളും സൗകര്യങ്ങളും ഒരുക്കിയിരുന്നു. പിന്നെ കലാപരിപാടികളും നാടകങ്ങളും പാട്ടും ഒക്കെയുണ്ടായിരുന്നു. വരുന്നവര്‍ക്ക് പോക്കറ്റ്മണി ഇനത്തില്‍ എന്തെങ്കിലും കൊടുത്തുവോ എന്നു പിടിയില്ല.
ഏതായാലും സ്‌റ്റേഡിയത്തിനു പുറത്തു വേറെയും ജനമുണ്ടായിരുന്നു. ‘മോദി തിരിച്ചുപോകണം, ഇവിടെ സ്വീകരണമില്ല’ എന്നാണ് അവര്‍ വിളിച്ചുപറഞ്ഞത്. അതില്‍ ധാരാളം പേര്‍ ഇന്ത്യക്കാര്‍ തന്നെയായിരുന്നു. മോദിയുടെയും പശുവാദിപ്പാര്‍ട്ടിയുടെയും ഭരണവും നയങ്ങളും കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പിന്മുറക്കാരും പിന്തുണക്കാരും. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക