|    Feb 27 Mon, 2017 5:42 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരോട് ഖത്തറിനെതിരേ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നു

Published : 9th November 2016 | Posted By: SMR

ദോഹ: നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യ, നേപ്പാള്‍ തൊഴിലാളികളോട് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ പ്രേരിപ്പിക്കുന്നതായി പരാതി. തൊഴിലാളികളെ പിന്തുടര്‍ന്ന് തെറ്റായ മൊഴികള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഇന്റര്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫഡറേഷന്റെയും(ഐടിയുസി) ഇതിന്റെ അംഗീകാരമുള്ള എന്‍ജിഒകളുടെയും നടപടി അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഐടിയുസി ഏഷ്യ പെസഫിക് വൈസ് പ്രസിഡന്റു ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഐഎന്‍ടിയുസിയുടെ പ്രസിഡന്റുമായ ഡോ. ജി സഞ്ജീവ റെഡ്ഡി ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനോട്(ഐഎല്‍ഒ) ആവശ്യപ്പെട്ടു. ഖത്തറിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമെതിരെ ഐടിയുസി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ സുതാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ക്കാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് റെഡ്ഡി കത്തുനല്‍കിയത്.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ പത്രങ്ങള്‍ റെഡ്ഡിയെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറില്‍ ജോലി ചെയ്ത ഇന്ത്യയിലെയും നേപ്പാളിലെയും പത്തോളം തൊഴിലാളികളെ പിന്തുടര്‍ന്ന് അവരില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ ശേഖരിച്ച് ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ, വേള്‍ഡ് സോളിഡാരിറ്റി മൂവ്‌മെന്റ്(ഡബ്യൂഎസ്എം) തയ്യാറാക്കിയ റിപോര്‍ട്ട് അടുത്തിടെ ഐടിയുസി തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ റിപോര്‍ട്ടിനെതിരെ മുന്‍ ഇന്ത്യന്‍ എംപി കൂടിയായ റെഡ്ഡി രംഗത്തെത്തിയത്. എന്നാല്‍ ഐടിയുസി ജനറല്‍ സെക്രട്ടറി ഷാരോണ്‍ ബുറോയുമായി റൈഡര്‍ക്ക് നല്ല ബന്ധമായതിനാല്‍ കത്ത് മുഖവിലക്കെടുത്തിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നു.
വിദേശ തൊഴിലാളികളില്‍ നിന്ന് പെരുപ്പിച്ച് കാട്ടിയ മൊഴിയെടുത്ത് ഐടിയുസിയും ഇതിന്റെ അംഗീകാരമുള്ള എന്‍ജിഒകളും ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നതായി നേരത്തെയും റിപോര്‍ട്ട് പുറത്തുവന്നിരുന്നു. വിദേശ തൊഴിലാളികള്‍  മോശം പരിതസ്ഥിതിയിലാണ് ഖത്തറില്‍ ജോലി ചെയ്യുന്നതെന്നും ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നും വരുത്തിതീര്‍ക്കുന്നതിനായാണ് ഈ സംഘടനകള്‍ ശ്രമിച്ചുവരുന്നത്.
ഐടിയുസിയുടെ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന നേപ്പാള്‍ ട്രേഡ് യൂനിയനായ ജിഫോണ്ടിന് വേണ്ടിയാണ് ഡബ്ല്യൂഎസ്എം പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ജിഫോണ്ടിന്റെ സഹായത്തിലാണ് ഡബ്ല്യൂഎസ്എം തൊഴിലാളികളെ ഇന്റര്‍വ്യൂ ചെയ്തിരിക്കുന്നത്.
ഐടിയുസിയുടെ അറിവോടെയാണ് ഈ റിപോര്‍ട്ട് ഉണ്ടായിരിക്കുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഖത്തറിലെ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് നേരെത്തയും ഐടിയുസി രാജ്യത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു.
ട്രേഡ് യൂനിയനും തൊഴിലാളികളും തമ്മിലുള്ള സൗഹൃദപരമായ നിലനില്‍പ്പിനെ തകിടം മറിക്കുന്ന പ്രവര്‍ത്തികള്‍ അന്താരാഷ്ട്ര ട്രേഡ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തെയും പീഡനങ്ങളെയും തുറന്ന് കാട്ടേണ്ടത് ട്രേഡ് യൂനിയനുകളുടെ ബാധ്യയാകുമ്പോള്‍ തന്നെ നിക്ഷിപ്ത താല്‍പര്യത്തിന് വേണ്ടി അതിനെ മാറ്റരുതെന്നും റെഡ്ഡി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 181 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day