|    Oct 21 Sun, 2018 2:05 pm
FLASH NEWS

നാട്ടിലേക്ക് കൊണ്ടുപോവാന്‍ പണമില്ല : ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം 5 ദിവസമായി മോര്‍ച്ചറിയില്‍

Published : 6th September 2017 | Posted By: fsq

 

കൊച്ചി: നാട്ടിലേക്ക് കൊണ്ടുപോവാന്‍ പണമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം അഞ്ചു ദിവസമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. വാര്‍ത്ത പുറത്തുവന്നതോടെ ജില്ലാ ഭരണകൂടം ഇടപെട്ട്് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഡീഷ സ്വദേശി സഞ്ജയ് പ്രധാന്‍(24), പശ്ചിമബംഗാള്‍ സ്വദേശി അലി മുഹമ്മദ്(70) എന്നിവരുടെ മൃതദേഹമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ സഞ്ജയിന്റെ മൃതദേഹം ഇന്ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കും. ഒഡീഷയിലെ കന്ദമാല്‍ സ്വദേശിയായ സഞ്ജയ് പ്രധാന്‍ ഒരുമാസം മുമ്പാണ് തൊഴില്‍ തേടി കേരളത്തിലെത്തിയത്. വന്നതിന് പിറ്റേ ദിവസം തന്നെ തലകറക്കവും പനിയും ഉണ്ടായി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മലേറിയ സ്ഥിരീകരിച്ചത്. ഈ മാസം ഒന്നിന്  സഞ്ജയ് മരിച്ചു. ഭര്‍ത്താവ് പനി ബാധിച്ചു ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് സഞ്ജയിന്റെ ഭാര്യ ജീവന്‍ദി രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞുമായി എറണാകുളത്തെത്തിയെങ്കിലും ഭര്‍ത്താവിന്റെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചുവെങ്കിലും പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ കൊച്ചിയില്‍ തന്നെ തങ്ങുകയാണ്. ജീവന്‍ദിയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സഞ്ജയ്. സഞ്ജയിന്റെ മരണത്തോടുകൂടി കുടുംബം അനാഥമായിരിക്കുകയാണ്. ദാരിദ്ര്യവും ഗ്രാമത്തിലെ തൊഴിലില്ലായ്മയുമാണ് സഞ്ജയ്‌യെ കേരളത്തിലേക്ക് തൊഴില്‍തേടി എത്തുവാന്‍ പ്രേരിപ്പിച്ചത്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചതിനെ തുടര്‍ന്ന് അനാഥനായ സഞ്ജയിനെ വളര്‍ത്തിയത് ബന്ധുക്കളാണ്. നാട്ടിലേക്ക് കൊണ്ടുപോവാന്‍ പണമില്ലാതെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെുടര്‍ന്ന് കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല ജനറല്‍ ആശുപത്രിയിലെത്തി ആര്‍എംഒ ഡോ. പി ജെ സിറിയകുമായി ചര്‍ച്ച നടത്തി. റവന്യൂ മന്ത്രിയുമായും ആശയ വിനിമയം നടത്തി. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആശുപത്രി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കാനും തീരുമാനമായി. പശ്ചിമബംഗാളില്‍ നിന്ന് തൊഴില്‍ അന്വേഷിച്ചെത്തിയ അലി മുഹമ്മദിന്റേയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 70 കാരനായ ഇയാള്‍ കേരളത്തിലെത്തി അഞ്ചു ദിവസം മാത്രമാണ് ജോലി ചെയ്യാന്‍ കഴിഞ്ഞത്. ന്യൂമോണിയ ബാധിച്ച അലി ചികില്‍സ തേടിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. തുടര്‍ന്ന്് മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ മരണവിവരം അറിഞ്ഞെങ്കിലും ഇതുവരെയും കൊച്ചിയിലെത്തിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss