|    Oct 23 Mon, 2017 5:55 am
Home   >  Todays Paper  >  page 12  >  

നാട്ടിലേക്കാണോ, കുറച്ച് നോട്ട് കൊണ്ടുപോവാനുണ്ട്

Published : 11th November 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: പരിചയക്കാര്‍ നാട്ടിലേക്കു പോവുമ്പോള്‍ സാധാരണ ചോക്കലേറ്റും മൊബൈലുമൊക്കെ കൊടുത്തുവിടുന്ന പ്രവാസികള്‍ ഇനിയുള്ള ദിവസങ്ങളില്‍ കുറച്ച് നോട്ട് കൊണ്ടു പോവുമോ എന്ന ചോദ്യമായിരിക്കും ഉന്നയിക്കുക. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ഒറ്റരാത്രികൊണ്ട് വിലയില്ലാതായപ്പോള്‍ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കുമല്ല, പാവം പ്രവാസികള്‍ക്കാണ് പണി കിട്ടിയതെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
നാട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ ബാക്കിയാവുന്ന അല്‍പം ഇന്ത്യന്‍ രൂപ എല്ലാ പ്രവാസികളും കരുതിവയ്ക്കാറുണ്ട്. അടുത്ത അവധിക്ക് നാട്ടിലേക്കു പോവുമ്പോള്‍ വിമാനത്താവളത്തില്‍നിന്നു വീട്ടിലേക്കുള്ള യാത്രക്കൂലിയാണിത്. വീട്ടിലെത്തുന്നതുവരെയുള്ള വഴിച്ചെലവിനും അവധിയുടെ ആദ്യദിവസങ്ങളിലെ ചെലവുകാശായും ഉപയോഗിക്കുന്നത് ഇതു തന്നെ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ രൂപത്തില്‍ പെട്ടിയില്‍ കിടക്കുന്ന ഈ നോട്ടുകള്‍ എന്തുചെയ്യുമെന്നറിയാതെ അമ്പരപ്പിലാണ് പ്രവാസികളില്‍ പലരും.
ബാങ്കിലും പോസ്റ്റ് ഓഫിസിലും തിരികെ നല്‍കി ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെങ്കിലും ഇതിനായി മാത്രം നാട്ടിലേക്കൊരു യാത്ര ഭൂരിഭാഗം പേരുടെയും കാര്യത്തില്‍ പ്രായോഗികമല്ല.
മിക്കവരുടെയും കൈവശമുള്ളത് ചെറിയ തുകയാണെങ്കിലും ചിലര്‍ക്കെങ്കിലും വന്‍ തുകയുടെ തലവേദനയുണ്ട്. ഇന്ത്യയില്‍നിന്നു വിദേശത്തേക്ക് യാത്രചെയ്യുന്ന റസിഡന്റ്‌സിനും നോണ്‍ റസിഡന്റ്‌സിനും കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. നേരത്തേ 10,000 രൂപയായിരുന്ന ഇത് 2014 ജൂണിലാണ് റിസര്‍വ് ബാങ്ക് 25,000 ആയി വര്‍ധിപ്പിച്ചത്.
ഉടനടി നാട്ടില്‍ പോവുന്നവരുടെ പക്കല്‍ പണം കൊടുത്തയച്ച് മാറിയെടുക്കുകയാണ് പ്രവാസികളുടെ മുന്നിലുള്ള ഏക പോംവഴി. ഒരാള്‍ക്ക് 25,000 രൂപ വരെ ഇങ്ങനെ കൈവശം കൊണ്ടുപോയി നിയമപരമായി മാറ്റിയെടുക്കാം. പ്രവാസികളുടെ പക്കലുള്ള പണം മാറാന്‍ എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് വഴിയല്ലാതെ കുഴല്‍പ്പണ ഇടപാടുകാര്‍ വഴി നാട്ടിലേക്കു വന്‍ തുക അയച്ച പ്രവാസികളും കുരുക്കിലായിട്ടുണ്ട്.
പണത്തിന്റെ സ്രോതസ്സ് കാണിക്കാതെ വലിയ തുക ബാങ്കു വഴി മാറ്റിയെടുക്കുക പ്രയാസകരമായിരിക്കും. വന്‍ തുകകള്‍ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ അവയ്ക്ക് നിലവിലുള്ള നികുതിവ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ പ്രവാസികള്‍ക്ക് നിലവില്‍ 500, 1000 രൂപ കറന്‍സികള്‍ മാറ്റിയെടുക്കാനുള്ള സംവിധാനമില്ലെന്ന് മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ കെ വി സാമുവല്‍ ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ഇന്ത്യ ന്‍ രൂപയില്‍ വ്യപാരം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, നരേന്ദ്ര മോദിയുടെ പൊടുന്നനെയുള്ള നടപടി കള്ളപ്പണശൃംഖലയെ തകര്‍ക്കാന്‍ സഹായിക്കുമെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ആര്‍ സീതാരാമന്‍ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പെട്ടെന്ന് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത് റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണവ്യാപാര മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക