|    Dec 18 Mon, 2017 2:39 pm

നാട്ടിക പള്ളം ബീച്ചില്‍ ബധിര മൂക യുവതിയെ പീഡിപ്പിച്ചു

Published : 10th July 2016 | Posted By: SMR

തൃപ്രയാര്‍: നാട്ടിക പള്ളം ബീച്ചില്‍ ബധിര മൂക യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയ അജ്ഞാതനാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളം ബീച്ചില്‍ അമ്മയോടൊപ്പം താമസിക്കുന്ന 38കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ അമ്മ തൃപ്രയാറിലേക്ക് പോകുന്നതിന് മുമ്പ് മകളെ വീടിന് അടുത്തുള്ള അംഗന്‍വാടിയില്‍ കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ തിരിച്ചുവരുമ്പോള്‍ വീടിന് പുറകില്‍ മുറ്റത്ത് അര്‍ധനഗ്‌നയായി ഇരിക്കുന്ന മകളെയാണ് കണ്ടത്.
അവശയായിരുന്നു മകള്‍. വിവരം തിരക്കിയപ്പോള്‍ മകള്‍ ആംഗ്യം കാണിച്ചത് കണ്ട് പാമ്പ് കടിയേറ്റെന്നാണ് അമ്മ കരുതിയത്. യുവതിയെ നാട്ടുകാരും അമ്മയും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ പാമ്പ് കടിയേറ്റല്ല മുറിവെന്ന് മനസിലാവുകയും ചെയ്തു. വിദഗ്ധ പരിശോധനയിലാണ് പീഡിപ്പിക്കപ്പെട്ടതാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ കാതില്‍ കടുക്കനിട്ട താടിയുള്ള ഒരാളാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴിനല്‍കി. യുവതിയുടെ ഗര്‍ഭപാത്രത്തിന് വരെ മുറിവേറ്റതായും പറയുന്നു. വീടിന് സമീപത്തെ അങ്കണവാടി ഇന്നലെ വൈകീട്ട് മുന്നേകാലോടെ അടച്ചിരുന്നതായി പറയുന്നു. മൂന്നരയ്ക്കും അഞ്ചരയ്ക്കും ഇടയ്ക്കാണ് യുവതി പീഡിപ്പിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പീഡന വിവരം വ്യക്തമായതോടെ ഇന്ന് രാവിലെ തന്നെ പോലിസെത്തി വീട് പൂട്ടി സീല്‍ ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് യുവതിയുടെ അമ്മ തിരിച്ചെത്തിയതിന് ശേഷമാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ് ഐ സുരേഷ്‌കുമാര്‍, വലപ്പാട് സിഐ ആര്‍ രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
യുവതിയെ പരിക്കുകളോടെ കണ്ടെത്തിയ മുറ്റത്തെ ഷെഡില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. യുവതി ധരിച്ചിരുന്ന നൈറ്റി കീറി തെങ്ങിന്റെ തടത്തില്‍ നിന്ന് കണ്ടെടുത്തു. നിലവില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്ന സമീപവാസിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്തെത്തിച്ച പോലിസ് നായ ആര്യ വീടിന് കിഴക്ക് മൂന്നൂറ് മീറ്റര്‍ വരെ പോയി തിരിച്ചു വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss