|    Nov 19 Mon, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നാട്ടാനകളുടെ ഡിഎന്‍എ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു

Published : 5th November 2018 | Posted By: kasim kzm

അബ്ദുല്‍ സമദ് എ

കുമളി: നാട്ടാനകളുടെ ഡിഎന്‍എ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന നടപടികള്‍ വനംവകുപ്പ് ആരംഭിച്ചു. സംസ്ഥാനത്ത് നിലവിലുള്ള നാട്ടാനകളുടെ യഥാര്‍ഥ കണക്ക് ശേഖരിക്കുന്നതിനു വേണ്ടിയാണ് ഡിഎന്‍എ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നത്. നിലവില്‍ ആനകളുടെ വിവരങ്ങള്‍ മൈക്രോചിപ്പില്‍ ശേഖരിച്ച് ആനകളുടെ ശരീരത്തിലാണ് സൂക്ഷിക്കുന്നത്.
10 വര്‍ഷം മുമ്പാണ് കേരളത്തിലുള്ള ആനകളില്‍ മൈക്രോ ചിപ്പ് വയ്ക്കുന്ന സംവിധാനം ആരംഭിച്ചത്.
ആനയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചിപ്പില്‍ രേഖപ്പെടുത്താറുള്ളത്. ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിച്ച 600ഓളം നാട്ടാനകള്‍ കേരളത്തിലുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഇവയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പ് പരിശോധിച്ചാണ് നിലവിലുള്ള ആനകളുടെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വനംവകുപ്പ് ശേഖരിക്കുന്നത്. എന്നാല്‍, പരിശോധനാവേളയില്‍ പലപ്പോഴും ആനകളുടെ ശരീരത്തിലുള്ള ചിപ്പ് കണ്ടെത്താന്‍ കഴിയാറില്ല.
ആനകള്‍ക്ക് പ്രായവും വലുപ്പവും വര്‍ധിക്കുന്നതിനനുസരിച്ച് ചിപ്പ് ഞരമ്പുകളിലൂടെയും മറ്റും മറ്റു സ്ഥലങ്ങളിലേക്കു പോവാന്‍ ഇടയാവും. ഇതിനാല്‍ പലപ്പോഴും ആനകളെ തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യവും നിലവിലുണ്ട്. ഇതിനാല്‍ പരിശോധന നടത്തിയ ആന നിലവില്‍ ഉണ്ടായിരുന്നതാണോ അതോ മറ്റൊന്നിനെ കൊണ്ടുവന്നതാണോയെന്നും കണ്ടെത്താന്‍ കഴിയാതെവന്നിരുന്നു.
നിലവിലുള്ള ആന ചരിയുകയോ മറ്റോ ചെയ്താലും ഇതിനു പകരമായി മറ്റു സ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരുന്ന ആനയെ കാണിക്കുകയാണ് ഉടമകള്‍ പലപ്പോഴും ചെയ്യാറുള്ളത്. ചിപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന ഉടമകളുടെ പരാതി ഉയരുന്നതോടെ ഈ ആനകളില്‍ വീണ്ടും ചിപ്പ് സ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുമുണ്ട്. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ആനകളില്‍ നിന്നു രക്തസാംപിളുകള്‍ ശേഖരിച്ച് ഡിഎന്‍എ കണ്ടെത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ വനംവകുപ്പ് തയ്യാറെടുക്കുന്നത്.
കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ ആനകളുടെയും ഡിഎന്‍എ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കേശവന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്. ഇതിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് ആനകളെ കടത്തുന്നതു തടയാന്‍ കഴിയുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. മൈക്രോ ചിപ്പിനു പകരമായി ഡിഎന്‍എ ഡാറ്റാ ബാങ്ക് ആണെങ്കില്‍ ആനയുടെ കാര്യത്തില്‍ സംശയമുണ്ടായാല്‍ രക്തസാംപിള്‍ ശേഖരിച്ച് ലാബില്‍ പരിശോധന നടത്തി ഡിഎന്‍എ കണ്ടെത്തിയാല്‍ മതി. ഓരോ ഉടമയുടെയും കൈവശമുള്ളത് ഏത് ആനയാണെന്ന കാര്യം നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയുമെന്നതാണ് വനംവകുപ്പിനെ ഇതിനു പ്രേരിപ്പിക്കുന്നത്.
കേരളത്തില്‍ ആദ്യമായി പെരിയാര്‍ കടുവാസങ്കേതത്തിനു സമീപത്തുള്ള ആനസവാരികേന്ദ്രങ്ങളില്‍ നിന്നാണ് ആനകളുടെ രക്തസാംപിള്‍ ശേഖരിക്കുന്നത്. അതേസമയം, ഡിഎന്‍എ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന കാര്യത്തില്‍ ആന ഉടമസ്ഥര്‍ വന്‍ എതിര്‍പ്പാണ് ഉയര്‍ത്തിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss