|    Nov 21 Tue, 2017 10:17 am
FLASH NEWS

നാട്ടകം ഗവ. കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്കു പരിക്ക്

Published : 1st November 2017 | Posted By: fsq

 

ആര്‍പ്പൂക്കര: നാട്ടകം ഗവ. കോളജില്‍ ദലിതു വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ക്ക് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം. കോളജിലെ മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനികളായ മൂവാറ്റുപുഴ ആവോലി ളാഹമലയില്‍ ആരതി സജി (20), കാവാലം, കോവിലകം വീട്ടില്‍ ആത്മജ ബിജു (20) എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. തിങ്കളാഴ്ച വൈകീട്ട് നാലിന് കാംപസില്‍ വച്ചാണ് സംഭവം. ഇതു സംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ചിങ്ങവനം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ്  കേസെടുത്തു. സംഭവത്തെ കുറിച്ച് വിദ്യാര്‍ഥിനികള്‍ പറയുന്നത് ഇങ്ങനെ. തിങ്കളാഴ്ച ഉച്ചയോടെ ഈ കോളജിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് മുന്‍ വിദ്യാര്‍ഥിനിയും ഇപ്പോള്‍ കാക്കനാട് ജേണലിസം വിദ്യാര്‍ഥിനിയും കണ്ണൂര്‍ സ്വദേശിനിയുമായ യുവതിയും ഇവരുടെ സഹപാഠിയായ പാലക്കാട് സ്വദേശിയുമായ യുവാവും കൂടി കോളജിലെത്തി. കോളജില്‍ നിന്ന് കോഷന്‍ ഡിപ്പോസിറ്റ് വാങ്ങുന്നതിനാണ് ഇവരെത്തിയത്. കോളജിലെത്തിയപ്പോള്‍ പഴയ സുഹൃത്തുക്കളായ ആരതി, ആത്മജ എന്നിവരടക്കമുള്ളവരുമായി സംസാരിച്ചു. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തി ഇവര്‍ എന്തിനാണ് വന്നതെന്നും ഇവരോട് അധികനേരം സംസാരിക്കുന്നതെന്നും അതിരയോടും അത്മജയോടും പറഞ്ഞു.അംബേദ്കര്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണോയെന്നും ആരാഞ്ഞു. അല്ലെന്ന് പറഞ്ഞെങ്കിലും ഇതു കേള്‍ക്കാന്‍ കൂട്ടാക്കാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിച്ചു.ഇതുകണ്ട് തടസ്സം പിടിക്കാനെത്തിയ ആരതിയെയും, ആത്മജയെയും മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ഇന്നലെ രാവിലെ ആരതിക്കു നിലയ്ക്കാത്ത ഛര്‍ദ്ദിയും ആത്മജയുടെ വലതു കൈക്ക്് ശക്തമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചിങ്ങവനം സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക