|    Feb 22 Wed, 2017 5:35 am
FLASH NEWS

നാടെങ്ങും സമൃദ്ധിയുടെ ഓണം സമുചിതമായി ആഘോഷിച്ചു

Published : 16th September 2016 | Posted By: SMR

മാള: മുന്‍കാലങ്ങളില്‍ ഉത്രാടമാവുമ്പോഴേക്കും അവശ്യസാധനങ്ങളുടെ വിലകള്‍ കുതിച്ചുയര്‍ന്നിരുന്ന സ്ഥാനത്ത് ഇത്തവണ കാര്യമായ വില വ്യതിയാനം ഓണക്കാലത്തുണ്ടായില്ല. ഓണത്തിനാവശ്യമായ മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും കാര്യമായ വില വ്യതിയാനം ഇത്തവണയുണ്ടായില്ല.
വിഷജന്യമായ തമിഴ്‌നാടന്‍ പച്ചക്കറിക്കെതിരേ പൊതു സമൂഹവും സര്‍ക്കാരും നീങ്ങിയതോടെ പ്രാദേശിക ഉല്‍പ്പാദനം ഗണ്ണ്യമായി ഉയര്‍ന്നത് ഇടനിലക്കാരുടെ ചൂഷണത്തിന് കുറവ് വന്നതാണ് പച്ചക്കറിയുടെ കാര്യത്തില്‍ കീശ കാലിയാവാതിരുന്നത്. അരി ആവശ്യത്തിന് സ്‌റ്റോക്കുണ്ടായിരുന്നതിനാലും സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാലും കാര്യമായ വില വ്യതിയാനമുണ്ടായില്ല. പരിപ്പ്, കടല, പയര്‍, വെളുത്തുള്ളി തുടങ്ങിയ വിവിധയിനങ്ങള്‍ക്ക് നേരത്തെ തന്നെ വലിയ തോതിലുള്ള വിലക്കയറ്റമുണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പണച്ചെലവുണ്ടാക്കി.
സഹകരണ ബാങ്കുകളുടേയും വിവിധ സംഘടനകളുടെയും വാട്‌സാപ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ ഓണത്തിനാവശ്യമായവ അടങ്ങിയ ഓണക്കിറ്റ് വിതരണം നടത്തിയത് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായി. മാര്‍ച്ച് മാസം മുതല്‍ സപ്തംബര്‍ വരെയുള്ള പെന്‍ഷന്‍ വിവിധ വിഭാഗങ്ങള്‍ക്ക് ലഭിച്ചത് സന്തോഷകരമായ ഓണത്തിന് വഴിയൊരുക്കി.
ഓണത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷം തികച്ചും വ്യത്യസ്ഥമായി. നാട്ടുപൂക്കള മല്‍സരവും നാടന്‍ കളികളും നാടന്‍ സദ്യയുമായാണ് ഗ്രാമികയില്‍ ഓണാഘോഷം നടന്നത്. കമ്പോളപ്പൂകളൊഴിവാക്കി കുട്ടികള്‍ സ്വയം പറിച്ചെടുത്ത നാട്ടുപൂക്കള്‍ മാത്രമുപയോഗിച്ചാണ് ഗ്രാമികയില്‍ ഇത്തവണയും പൂക്കളമൊരുക്കിയത്. ഗ്രാമിക അക്കാദമിയിലെ വിദ്യാര്‍ഥികള്‍ അഞ്ചുപേര്‍ വീതമടങ്ങുന്ന ഒന്‍പത് സംഘങ്ങളായാണ് നാട്ടുപൂക്കള്‍ ശേഖരിച്ച് പൂക്കളമൊരുക്കിയത്. പൂക്കളമൊരുക്കിയതിന്റെ തലേദിവസം വൈകീട്ട് ഗ്രാമത്തിലെ മറ്റ് കുട്ടികളുടെ സഹായത്തോടെ സംഘങ്ങളായി പാടത്തും പറമ്പിലും കയറിയിറങ്ങി ശേഖരിച്ച പൂക്കളുമായാണ് സംഘങ്ങള്‍ രാവിലെ ഗ്രാമികയില്‍ എത്തിയത്.
10 മുതല്‍ 32 ഇനം പൂക്കള്‍ വരെയുപയോഗിച്ചാണ് ഓരോ പൂക്കളവുമൊരുക്കിയത്. 102 ഇനം നാട്ടുപൂക്കള്‍ പ്രദര്‍ശിപ്പിച്ച പൂക്കളെ തിരിച്ചറിയല്‍ മത്സരത്തില്‍ 52 ഇനം തിരിച്ചറിഞ്ഞ അഞ്ചന പ്രകാശ്, 42 പൂക്കളുടെ പേര് പറഞ്ഞ അഭിരാമി, 37 ഇനം പൂക്കളെ തിരിച്ചറിഞ്ഞ ദേവിക എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
അഞ്ച് പുതുതലമുറക്കാരികള്‍ ഉള്‍പ്പെടെ 15 പേര്‍ പങ്കെടുത്ത ഓലമെടച്ചില്‍ മല്‍സരത്തില്‍ സതി ശശി, സുജാത ചന്ദ്രന്‍, റോളി എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സ്തീകളുടേയും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വടംവലി മല്‍സരം, കസേരകളി, ചാക്കോട്ടം തുടങ്ങിയ നാടന്‍ കളികളും നടന്നു. പരമാവധി ജൈവ വിഭവങ്ങളുപയോഗിച്ച് സ്വയമൊരുക്കിയ ഓണസദ്യയില്‍ നാട്ടുകാരൊന്നടങ്കം പങ്കെടുത്തു. തുടര്‍ന്ന് സ്ത്രീകളുടെ പരമ്പരാഗത രീതിയിലുള്ള ഓണക്കളിയും അരങ്ങേറി. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അജിത സുബ്രഹ്മണ്ണ്യനും മത്സരവിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഡോ.വടക്കേടത്ത് പത്മനാഭന്‍, വി ആര്‍ മനുപ്രസാദ്, പി കെ കിട്ടന്‍ സംസാരിച്ചു.
പൊയീതാഴ് വാരം റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷവും ഒന്നാം വാര്‍ഷീകാഘോഷവും നടത്തി. പ്രമുഖ ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. താഴ് വാരം പ്രസിഡന്റ് വി ജി സുബ്രഹ്മണ്ണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.പൊയ്യ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശുഭ സജീവന്‍, ടി കെ കുട്ടന്‍, പൊയ്യ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി റവ. ഫാ. ജോയ് സ്രാമ്പിക്കല്‍ സംസാരിച്ചു. ഓണസദ്യയും തുടര്‍ന്ന് താഴ് വാരം കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാസന്ധ്യയുമുണ്ടായിരുന്നു.
കുഴിക്കാട്ടുശ്ശേരി വരദനാട് സൗഹൃദ പുരുഷ സ്വയം സഹായ സംഘവും കുടുംബാംഗങ്ങളും കുഴിക്കാട്ടുശ്ശേരി സ്വീറ്റ് ഹോമിലെ അന്തേവാസികള്‍ക്കായി ഓണസദ്യയും ഓണം കളിയും തിരുവാതിര കളിയും കലാപരിപാടികളും നടത്തി. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി ഡി ആന്റോ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ എം എസ് വിനയന്‍, ഗ്രാമപഞ്ചായത്തംഗം അജിത സുബ്രഹ്മണ്യന്‍, ഫാ. സെബി ചെറുവത്തൂര്‍, പ്രൊഫ പി സി തോമസ് മാസ്റ്റര്‍, സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ പ്രിന്‍സി, പി ജി ഷിബു സംസാരിച്ചു. ഓണംകളി, തിരുവാതിര കളി, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക