|    Jan 22 Sun, 2017 3:38 pm
FLASH NEWS

നാടെങ്ങും ശിശുദിനാഘോഷം

Published : 15th November 2015 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ ഭരണകൂടം, സാമൂഹികനിതീ വകുപ്പ്, ശിശുസംരക്ഷണ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമ സമിതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ഡിടിപിസി, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, സ്‌നേഹജ്വാല സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ മീനങ്ങാടി ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ദേശീയ ശിശുദിനാഘോഷം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 23 വരെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ചൈല്‍ഡ് ലൈന്‍ സേ ദോസ്തി കാംപയിന്റെ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.
ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ പറഞ്ഞു. കുട്ടികള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പോലിസിനും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ശിശുദിനാശംസകള്‍ നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. മീനങ്ങാടി ജവഹര്‍ ബാലഭവനില്‍ നിന്നാരംഭിച്ച ശിശുദിനറാലി സബ് കലക്ടര്‍ ശീറാം സാംബശിവ റാവു ഫഌഗ് ഓഫ് ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം ശിശുദിന സന്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ജുവനൈല്‍ ജസ്റ്റിസ്റ്റ് ബോര്‍ഡ് അംഗം അഡ്വ. കെ അരവിന്ദാക്ഷന്‍ വിതരണം ചെയ്തു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് അഞ്ചു വേദികളിലായി എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന, പ്രസംഗം, ഉപന്യാസം, ഗാനാലാപനം, ക്വിസ്, പ്രച്ഛന്ന വേഷം മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.
ജില്ലാ എഡിസി പി സി മജീദ് അധ്യക്ഷനായിരുന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി എന്‍ അനിതകുമാരി, ജില്ലാ സാമൂഹികനീതി ഓഫിസര്‍ വി കെ രത്‌നസിങ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി കെ അനൂപ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വിക്ടര്‍ ജോണ്‍സണ്‍, സ്‌കൂള്‍ പ്രധാനാധ്യാപിക ഷീജ രഘുനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ സുരേഷ് ബാബു, എഇഒ കെ പ്രഭാകരന്‍, ചൈല്‍ഡ് ലൈന്‍ കോ-ഓഡിനേറ്റര്‍ ദിനേശ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി വി വേണുഗോപാല്‍, വിദ്യാര്‍ഥി പ്രതിനിധി ഹന്ന സംസാരിച്ചു
സുല്‍ത്താന്‍ ബത്തേരി: ശിശുദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി സ്‌നേഹ ഡേ കെയര്‍ ആന്റ് നഴ്‌സറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ടൗണില്‍ റാലി നടത്തി. സ്‌കൂള്‍ പരിസരത്ത് ആരംഭിച്ച് ടൗണ്‍ ചുറ്റിയ റാലിക്ക് ഗിരിജ, സുബിഷ്‌ന, ബേബി നേതൃത്വം നല്‍കി.
മാനിക്കുനി ലിറ്റില്‍ ഫഌവര്‍ നഴ്‌സറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ ശിശുദിന റാലിക്ക് പിടിഎ പ്രസിഡന്റ് എ ബി ഷിബു, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദിവ്യ, മാനേജര്‍ സിസ്റ്റര്‍ ടീസ വടക്കത്ത് നേതൃത്വം നല്‍കി.
മുട്ടില്‍: ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയുടെ ശിശുദിനാഘോഷ പരിപാടികള്‍ ഗായിക സാന്ദ്ര ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ചാച്ചാജി മുഹമ്മദ് സഫ്‌വാന്‍ ശിശുദിന സന്ദേശം നല്‍കി. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. പിടിഎ പ്രസിഡന്റ് സുബൈര്‍, അംഗങ്ങളായ പോള്‍ ഫ്രാന്‍സിസ്, സജ്‌ന, ബഷീര്‍, സലീം, ഷമീര്‍, രജിത സുരേഷ്, സുഹറ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക