|    Oct 21 Sun, 2018 12:34 am
FLASH NEWS

നാടുകാണി -പരപ്പനങ്ങാടി റോഡ് വികസനം: മഞ്ചേരിയില്‍ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കും

Published : 12th September 2017 | Posted By: fsq

 

മഞ്ചേരി: നാടുകാണി – പരപ്പനങ്ങാടി റോഡ് വികസന പദ്ധതിക്ക് ആവശ്യമായ സ്ഥലം മഞ്ചേരി നഗര പരിധിയില്‍ ജനകീയ പിന്തുണയോടെ ഏറ്റെടുക്കാന്‍ അഡ്വ. എം ഉമ്മര്‍ എംഎല്‍എ വിളിച്ച സര്‍വ്വ കക്ഷികളുടേയും ജനപ്രതിന്ധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തില്‍ ധാരണ. റോഡ് വീതികൂട്ടാന്‍ ഏറ്റെടുക്കേണ്ട സ്ഥലം നിര്‍ണയിക്കാന്‍ സര്‍വെ ഉടന്‍ പൂര്‍ത്തിയാക്കും. പിന്നീട് ഭൂവുടമകളുമായി സംസാരിക്കാന്‍ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കും. റോഡ് കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കും. നിര്‍ബന്ധമായും ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ സര്‍ക്കാര്‍ നടപടികളിലൂടെ ഏറ്റെടുക്കും. പരമാവധി ഭൂവുടമകളുമായി സമവായത്തിലെത്തി സ്ഥലം ലഭ്യമാക്കാനും തീരുമാനമായി. നിലമ്പൂര്‍ റോഡില്‍ ചെരണി മുതല്‍ ജസീല ജങ്്ഷന്‍ വരേയും മലപ്പുറം റോഡില്‍ കച്ചേരിപ്പടി ബൈപ്പാസ് ജങ്്ഷന്‍ മുതല്‍ ആനക്കയം വരേയുമാണ് സ്ഥലമേറ്റെടുക്കേണ്ടി വരിക. നിലവില്‍ വീതി കുറഞ്ഞ പാത വികസിപ്പിക്കുമ്പോള്‍ കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. ഇതില്‍ വ്യാപാരികള്‍ ആശങ്കയറിയിച്ചു. ആര്‍ക്കും ദോഷമാകാത്ത വിധത്തില്‍ മാത്രമാകും പദ്ധതി നടപ്പാക്കുകയെന്ന് എംഎല്‍എ മറുപടി നല്‍കി. 12 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയിലാണു റോഡ് വികസിപ്പിക്കുന്നത്. ജസീല ജങ്ഷനില്‍ നിന്നും രാജീവ്ഗാന്ധി ബൈപ്പാസ്, തുറക്കല്‍ ബൈപ്പാസ് എന്നിവയിലൂടെയാണു പദ്ധതി കടന്നു പോകുന്നത്. ഇതിനാല്‍ നഗരമധ്യത്തി ല്‍ പാതയുടെ വീതി വര്‍ധിപ്പിക്കില്ല. നിലവില്‍ നാടുകാണി മുതല്‍ ചെരണി വരെ സര്‍വെയും സ്ഥലമേറ്റെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. മഞ്ചേരി നഗരത്തില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ നെല്ലിപ്പറമ്പ് ജങ്ഷന്‍, ജസീല ജങ്ഷന്‍,  തുറക്കലിലെ രണ്ട് ബൈപ്പാസ് ജങ്ഷനുകള്‍,  കച്ചേരിപ്പടി ബൈപ്പാസ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ട്രാഫിക് അയലന്റ് നിര്‍മിച്ച് ഗതാഗതം സുഗമമാക്കാനും നിര്‍ദ്ദേശമുയര്‍ന്നു. പ്രവൃത്തി നടക്കുമ്പോള്‍ ഗതാഗത തടസം മറികടക്കാന്‍ നിലവിലുള്ള ഉപപാതകള്‍ ഗതാഗത യോഗ്യമാക്കണമെന്നും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും നിര്‍ദേശിച്ചു.നഗരസഭാധ്യക്ഷ വി എം സുബൈദ, ഉപാധ്യക്ഷന്‍ വി പി ഫിറോസ്, വിവിധ രാഷ്ട്രീയ പാര്‍ടികളെ പ്രതിനിധീകരിച്ച് വല്ലാഞ്ചിറ മുഹമ്മദലി, അസൈന്‍ കാരാട്, പറമ്പന്‍ റഷീദ്, അഡ്വ. സഫറുല്ല തുടങ്ങിയവരും നഗരസഭ, പൊതുമരാമത്ത്, റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും വ്യാപാരികളുള്‍പ്പെടെ വിവിധ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss