|    Jun 25 Mon, 2018 10:13 am
FLASH NEWS

നാടുകാണി-പരപ്പനങ്ങാടി റോഡിന് ടൗണുകളില്‍ വീതിയില്ല

Published : 3rd August 2017 | Posted By: fsq

 

നിലമ്പൂര്‍: മലപ്പുറം ജില്ലയുടെ വികസനം മുന്നില്‍കണ്ട് 360 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന നാടുകാണി-പരപ്പനങ്ങാടി റോഡ് കരാറുകാരന്‍ നിര്‍മിക്കുന്നത് എസ്റ്റിമേറ്റിന് വിരുദ്ധമായി. വഴിക്കടവ്, എടക്കര, ചുങ്കത്തറ, നിലമ്പൂര്‍ ടൗണുകളില്‍ എസ്റ്റിമേറ്റില്‍ പറയുന്ന പ്രകാരമുള്ള 12 മീറ്റര്‍ വീതിയില്ല. കെട്ടിട ഉടമകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായി ചേര്‍ന്ന് തന്നിഷ്ടപ്രകാരമാണ് റോഡ് നിര്‍മിക്കുന്നത്. ബുധനാഴ്ച എടക്കര ടൗണില്‍ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ പലസ്ഥലത്തും പത്ത് മീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. നിര്‍മാണചെലവ് കുറയുന്നതോടൊപ്പം കെട്ടിട ഉടമകളില്‍ നിന്നു ലഭിക്കുന്ന പാരിതോഷികവും കരാറുകാരനും പൊതുമരാമത്ത് ജീവനക്കാര്‍ക്കും എസ്റ്റിമേറ്റിന് വിരുദ്ധമായി പ്രവൃത്തി നടത്താന്‍ പ്രചോദനമാവുകയാണ്. റോഡിന് 12 മീറ്റര്‍ വീതി തന്നെ നിര്‍ബന്ധമായും വേണമെന്ന ആവശ്യവുമായി നിലമ്പൂര്‍ താലൂക്ക് സഭയില്‍ ശബ്ദമുയര്‍ത്തി ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന മലയോര റോഡുമായി ബന്ധപ്പെട്ട യോഗത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍ പിള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയതെങ്കിലും തങ്ങളുടെ ഇഷ്ടം പോലെയേ നിര്‍മാണം നടക്കൂവെന്ന ദാര്‍ഷ്ഠ്യമാണ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ കാണിച്ചത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള 12 മീറ്റര്‍ വീതി റോഡിന്റെ തുടക്കം മുതല്‍ അവസാനം വരെ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാടുകാണി-പരപ്പനങ്ങാടി റോഡ് കരാറുകാരനും പൊതുമരാമത്ത് ജീവനക്കാര്‍ക്കും ഉപകാരപ്പെടുമെന്നതല്ലാതെ പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ഉണ്ടാവില്ല. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഉണ്ടാക്കുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ നടത്തി പ്രവൃത്തി കരാറുകാരന് കൈമാറുന്നത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള പ്രവൃത്തി നടത്താമെന്ന് സത്യവാങ്മൂലം നല്‍കിയ ശേഷമാണ് നിര്‍മാണം ആരംഭിക്കുന്നത്. വഴിക്കടവ്-എടക്കര-ചുങ്കത്തറ-നിലമ്പൂര്‍ തുടങ്ങിയ ടൗണുകളിലൊക്കെ എസ്റ്റിമേറ്റ് പ്രകാരം റോഡ് നിര്‍മിക്കണമെങ്കില്‍ ഭൂമി കൈയേറിയ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. ഇതിനാല്‍ ശക്തമായ സമ്മര്‍ദ്ദവുമായി കെട്ടിട ഉടമകള്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളാണ് നാടുകാണി-പരപ്പനങ്ങാടി പാത അട്ടിമറിക്കാന്‍ ഇടയാക്കുന്നത്. റോഡിനാവശ്യമായ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനുള്ള തുകയും ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ രീതിയിലാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നതെങ്കില്‍ 250 കോടി രൂപക്ക് താഴെ മാത്രമേ കരാറുകാരന് ചെലവഴിക്കേണ്ടി വരൂ. ഇതിനാല്‍ തന്നെ നല്ലൊരു തുക പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ പോക്കറ്റുകളിലേക്കെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss