|    Apr 20 Fri, 2018 10:17 pm
FLASH NEWS

നാടിന്റെ വരള്‍ച്ച മാറ്റാന്‍ യുവാക്കളുടെ കൂട്ടായ്മ; ലക്ഷ്യം കൈവരിച്ചത് മുപ്പതോളം യുവാക്കള്‍ രണ്ട് ദിവസം രാപകല്‍ അധ്വാനിച്ച് ‘

Published : 1st December 2016 | Posted By: SMR

വി പി അബ്ദുല്‍ ഖാദര്‍

ചങ്ങരംകളം: കടുത്ത വരള്‍ച്ചമൂലം ദുരിതത്തിലായ ആലങ്കോട് പഞ്ചായത്തിലെ ചിയാനൂര്‍ ഗ്രാമത്തിന് ആശ്വാസമായി ഒരു സംഘം യുവാക്കള്‍ മുന്നിട്ടിറങ്ങിയത് മാതൃകയാവുന്നു. ചിയ്യാനൂര്‍ മോഡേണ്‍ ജൈവകര്‍ഷക സംഘത്തിലെ പ്രവര്‍ത്തകരാണ് വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന കൃഷിയിടങ്ങളിലേക്കും, തോട്ടിലേക്കും, കിണറുകളിലേക്കും ജലസേചന സംവിധാനമൊരുക്കാനാവശ്യമായ പ്രവര്‍ത്തിയുമായി രംഗത്തു വന്നത്. ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് പരിധിക്കുള്ളില്‍ പരന്ന് കിടക്കുന്ന തോട്ടില്‍ നിന്ന് ബണ്ട് കെട്ടി തൊട്ടടുത്ത് തടയണ നിര്‍മിച്ചാണ് വെള്ളം പമ്പ് ചെയ്തത്. എന്നാല്‍ നിര്‍മിച്ച തടയണ കാര്യക്ഷമമല്ലാത്തതിനാല്‍ വെള്ളം ചോര്‍ന്ന് പോകുകയും, ശ്രമം പരാജയപ്പെടുകയുമായിരുന്നു. തുടര്‍ന്ന് തടയണ പൊളിച്ച് മാറ്റി പുതിയ ബണ്ട് കെട്ടുകയായിരുന്നു. അഞ്ച് മീറ്റര്‍ നീളവും, ഒന്നര മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ ഉയരവുമുള്ള ബണ്ട് സംസ്ഥാന പാതയുടെ പാലത്തിനടിയിലെ അഴുക്ക്ചാല്‍ വൃത്തിയാക്കിയാണ് പൂര്‍ത്തീകരിച്ചത്. മണ്‍ ചാക്കുകളും, പലകകളും, കമുങ്ങുകളും മറ്റു സാമഗ്രികളും നിര്‍മാണത്തിനായി ഉപയോഗിച്ചു. അര ലക്ഷത്തിലധികം രൂപ ഇതിനായി യുവാക്കള്‍ക്ക് ചെലവായി. വരള്‍ച്ച പ്രദേശങ്ങളിലേക്ക് ജലമെത്തിക്കാനുള്ള യുവാക്കളുടെ പരിശ്രമങ്ങള്‍ക്ക് സഹായങ്ങളുമായി തദ്ദേശസ്ഥാപനപ്രതിനിധികളും രംഗത്തെത്തി. ആലങ്കോട് പഞ്ചായത്തിലെ പരിധിയിലുള്ള കര്‍ഷകസംഘത്തന്റെ കൃഷിയിടത്തിലൂടെയുള്ള തോടിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും, ആവശ്യമായ പദ്ധതി തയ്യാറാക്കുമെന്നും, പ്രസിഡന്റ് ആയിഷ ഹസന്‍ പറഞ്ഞു. നന്നംമക്ക് പഞ്ചായത്ത് പരിധിക്കകത്തുള്ള തോടിന്റെ മാലിന്യം നീക്കം ചെയ്ത് സൗന്ദര്യവല്‍ക്കരണം നടപ്പാക്കുമെന്നും, മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ണെണ്ണ എന്‍ജിനും, വൈദ്യുതി മോട്ടോറും ഉപയോഗിച്ച് കുളങ്ങളില്‍ നിന്നും, കിണറുകളില്‍ നിന്നുമാണ് കര്‍ഷകര്‍ വെള്ളം എടുത്തിരുന്നത്. പ്രസ്തുത ജലസ്രേതസ്സുകളും വറ്റിവരണ്ടതോടെയാണ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പുഞ്ചപ്പാടത്ത് നിന്ന് വെള്ളത്തിക്കാനുള്ള തീവ്ര ശ്രമത്തിന് തുടക്കം കുറിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss