|    Jan 23 Mon, 2017 9:58 am
FLASH NEWS

നാടന്‍ മല്‍സ്യയിനങ്ങളുടെ ഉല്‍പ്പാദനത്തിന് പ്രാധാന്യം നല്‍കണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Published : 11th July 2016 | Posted By: SMR

കൊല്ലം: നാടന്‍ മല്‍സ്യയിനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മല്‍സ്യമേഖലയില്‍ ഏറെ വികസനത്തിന് സാധ്യതയുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ദേശീയ മല്‍സ്യകര്‍ഷക ദിനാഘോഷത്തിന്റെയും ജില്ലാതല മല്‍സ്യസമൃദ്ധി-2 പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കരിമീന്‍ ഉള്‍പ്പെടെയുള്ള രുചികരമായ നാടന്‍ ഇനങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പക്ഷെ, ഇതിനനുസരിച്ച് ഉല്‍പ്പാദനം നടക്കുന്നില്ല. ഫിഷറിസ് വകുപ്പിന്റെ ആയിരംതെങ്ങ് ഫാം ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു.
ഗുണനിലവാരമുള്ള മല്‍സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കാനും തീറ്റ വില കുറച്ച് വിതരണംചെയ്യാനും സംവിധാനമുണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മല്‍സ്യത്തീറ്റയാണ് കേരളത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ വര്‍ഷംതന്നെ സംസ്ഥാനത്ത് മല്‍സ്യത്തീറ്റ ഉല്‍പ്പാദനത്തിന് തുടക്കം കുറിക്കും. ക്രമേണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത ആരായും.
കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള മല്‍സ്യവിത്ത് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. കൊല്ലം ജില്ലയില്‍ മാത്രം 40 ലക്ഷത്തോളം മല്‍സ്യക്കുഞ്ഞുങ്ങള്‍ വേണം.
മല്‍സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനത്തില്‍ സംസ്ഥാനത്തുതന്നെ താരതമ്യേന മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊല്ലം ജില്ലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എം നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയായിരുന്നു. എം മുകേഷ് എംഎല്‍എ മല്‍സ്യകര്‍ഷകരെ ആദരിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ റീനാ സെബാസ്റ്റ്യന്‍, ദീപാ തോമസ്, കരുമാലില്‍ കെ ഉദയാ സുകുമാരന്‍, വിനീതാ വിന്‍സെന്റ്, ഷീബാ ആന്റണി, ഫിഷറീസ് ജോയിന്റ് ഡയറക്‌റും മല്‍സ്യസമൃദ്ധി-2 സ്‌പെഷ്യല്‍ ഓഫിസറുമായ ആര്‍ സന്ധ്യ, ഫിഷറീസ് അഡീഷനല്‍ ഡയറക്ടര്‍ കെ എം ലതി, ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക