|    Jan 18 Wed, 2017 9:31 pm
FLASH NEWS

നാടന്‍ മരുന്നുകളുടെ ആചാര്യന് വിട

Published : 24th April 2016 | Posted By: SMR

മഞ്ചേരി: മലബാറുകാര്‍ അങ്ങാടിമരുന്നുകള്‍, യൂനാനി, ആയുര്‍വേദം തുടങ്ങിയവയ്ക്ക് ആശ്രയിക്കാറുള്ള വല്ലാഞ്ചിറ വാപ്പു വൈദ്യര്‍ ഇനി ഓര്‍മ. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ പാലക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വാപ്പു വൈദ്യരുടെ മരുന്നുകള്‍ക്കായി കിലോ മീറ്ററുകള്‍ താണ്ടിയെത്തിയിരുന്നു. പിതാവ് വല്ലാഞ്ചിറ അഹമ്മദ് കുട്ടി വൈദ്യരില്‍നിന്നു പാരമ്പര്യമായി ലഭിച്ച അറിവും കഴിവും ഉപയോഗിച്ചാണ് വാപ്പു വൈദ്യര്‍ ആറര പതിറ്റാണ്ടോളം രോഗികളെ ചികില്‍സിച്ചതും മരുന്നുകള്‍ നല്‍കിയതും.’
പണ്ടു കാലത്തുള്ളവര്‍ക്കുള്ള രോഗം വാപ്പു വൈദ്യര്‍ നാഡി പിടിച്ചാല്‍ മാറുന്നതായിരുന്നു. വൃത്തിയുള്ള വെള്ള വസ്ത്രം മാത്രം ധരിക്കാറുള്ള വാപ്പുകാക്ക കുറച്ചു മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളു. 1949 ലാണ് പിതാവില്‍ നിന്നു ലഭിച്ച അറിവുമായി ചികില്‍സകന്റെയും ഒപ്പം മരുന്നുസേവകന്റെയും വേഷമണിയുന്നത്. മഞ്ചേരി പാണ്ടിക്കാട് റോഡിലെ കോവിലകം കെട്ടിടത്തിലാണ് ജോലിയുടെ തുടക്കം. പച്ച മരുന്നുകള്‍ തയ്യാറാക്കി കൊടുക്കാന്‍ ജോലിക്കാരുടെ ഒരു നിര തന്നെ വാപ്പു വൈദ്യര്‍ക്കുണ്ടായിരുന്നു. ഏത് അസുഖത്തിനും ചികില്‍സയുണ്ടായിരുന്നുവെങ്കിലും ചിലര്‍ക്ക് തന്റെ പക്കല്‍ മരുന്നില്ലെന്ന് തുറന്നു പറയുന്ന പ്രകൃതവും വാപ്പു വൈദ്യരുടെ മാത്രം പ്രത്യേകതയായിരുന്നു.
പ്രസവരക്ഷയ്ക്കുള്ള മരുന്നുകള്‍ ലഭിക്കാന്‍ എതൊരാളും മണിക്കുറുകളോളം കാത്തു നില്‍ക്കാനും തയ്യാറായി. ഒരാള്‍ മരുന്നിന് വന്നാല്‍ മരുന്നിന്റെ ശീട്ട് എല്ലാവരേയും വായിച്ച് കേള്‍പ്പിക്കുകയും, എടുത്ത മരുന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷമേ വന്നവരെ പറഞ്ഞയക്കു. അത്രക്കും കണിശതയോടെ മരുന്നുകളും ചികില്‍സയും കൈകാര്യം ചെയ്യുന്നതിനാല്‍ തിരക്കുള്ളവര്‍ ആദ്യം പ്രതികരിക്കുമെങ്കിലും വൈദ്യരുടെ കൃത്യതയാര്‍ന്ന മറുപടിക്ക് മുന്നില്‍ ക്ഷമിച്ചു നില്‍ക്കുകായാണ് പതിവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കഷായം നിര്‍മിക്കുന്നതിന് പകരം പൊതിയാക്കി മരുന്നുകള്‍ നല്‍കുകയാണ് ചെയ്യാറുണ്ടായിരുന്നത്. കൂടുതല്‍ നാടന്‍ ചികില്‍സകരും മരുന്നിനായി ബാപ്പു വൈദ്യരെയായിരുന്നു ആശ്രയിച്ചിരുന്നത്.
ചില സമയങ്ങളില്‍ പാണക്കാട് പൂക്കോയ തങ്ങള്‍ വരെ മരുന്നിന് ബാപ്പു വൈദ്യരുടെയടുത്തേക്ക് കുറിപ്പുമായി രോഗികളെ പറഞ്ഞയക്കാറുണ്ടായിരുന്നുവെന്ന് പ്രായം ചെന്നവര്‍ പറയുന്നു.
ഉദാരമതിയായ വാപ്പു വൈദ്യരുടെ സാമ്പത്തിക സഹായം ലഭിക്കാത്തവരും വളരെ കുറവായിരുന്നു. 15 വര്‍ഷം മുമ്പ് ബൈപാസ് ഓപറേഷന്‍ ചെയ്തതോടെയാണ് വൈദ്യര്‍ തന്റെ വൈദിക വേഷം മക്കളിലേല്‍പ്പിച്ചത്. 87 വര്‍ഷത്തെ തന്റെ ജീവിതം മുഴുവന്‍ നാട്ടുകാരുടെ ചികില്‍സകനായാണ് വാപ്പു വൈദ്യര്‍ ഓര്‍മയായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക